നേപ്പാളിലെ പൊഖാറയിൽ ഉണ്ടായ വിമാനാപകടത്തിൽ തകർന്നുവീണ എടിആർ-72 വിമാനം ഇന്ത്യയിൽ ഉപയോഗിച്ചിരുന്നത്. 2013 മാർച്ച് 30 വരെ ഇന്ത്യയില്‍ കിങ് ഫിഷർ എയർലൈൻസിന്റെ ഭാഗമായിരുന്ന വിമാനമാണ് നേപ്പാളിൽ തകർന്നു വീണത്. 2007ലാണ് കിങ് ഫിഷർ എയർലൈൻസ് എടിആർ കമ്പനിയിൽ നിന്ന് വിമാനം വാങ്ങിയത്. കിങ് ഫിഷർ എയർലൈൻസ് അടച്ചുപൂട്ടിയതിന് പിന്നാലെ, വിമാനം തായ്‌ലന്‍ഡ് സ്വന്തമാക്കി. അവിടെ നിന്നാണ് നേപ്പാളിലെ യതി എയര്‍ലൈന്‍സിലേക്ക് വിമാനം എത്തുന്നത്. തുടർച്ചയായി 15 വർഷത്തിലേറെ ഉപയോഗിച്ചുകൊണ്ടിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ഫ്രാൻസ്, ഇറ്റലി സംയുക്തസംരംഭമാണ് എടിആർ വിമാനം. 2007 ഓഗസ്റ്റ് ഒന്നിനാണ് ആദ്യമായി ഈ വിമാനം പരീക്ഷണപറക്കൽ നടത്തിയത്. അതേവർഷം ഓഗസ്റ്റ് 17ന് കിങ് ഫിഷര്‍ എയർലൈൻസ് വിമാനം സ്വന്തമാക്കി. ഇന്ത്യയിലെ സര്‍വീസുകള്‍ക്ക് ഉപയോഗിച്ചിരുന്ന വിമാനം, കിങ് ഫിഷര്‍ അടച്ചുപൂട്ടിയതിന് പിന്നാലെ 2013ല്‍ തായ്‌ലൻഡിന്റെ നോക് എയർ വാങ്ങി. 2019 വരെ തായ്‌ലന്‍ഡാണ് വിമാനം ഉപയോഗിച്ചിരുന്നത്. 2019 ഏപ്രിൽ 20നാണ് യതി എയർലൈൻസ് 12 വർഷം പഴക്കമുള്ള വിമാനം നോക് എയറിൽ നിന്ന് വാങ്ങിയത്. അതിന് ശേഷം നേപ്പാളിലാണ് ഇത് ഉപയോഗിച്ച് പോന്നത്. പൊതുവെ സുരക്ഷിതമായ വിമാനങ്ങളെന്നാണ് എടിആര്‍ 72 അറിയപ്പെടുന്നത്. നേപ്പാളിൽ അപകടത്തിൽപ്പെട്ട യതി എയർലൈൻസ് വിമാനമാണ് തകർന്നുവീഴുന്ന ആദ്യത്തെ എടിആർ വിമാനം.
അന്താരാഷ്ട്ര വിമാനത്താവളമായി വിപുലീകരിച്ച പൊഖാറ വിമാനത്താവളം ഈവര്‍ഷം ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്യുമ്പോള്‍, ഇതേ വിമാനവും പൈലറ്റിനെയും ഉള്‍പ്പെടുത്തിയായിരുന്നു ആദ്യ ഡെമോ ഫ്ലൈ നടത്തിയത്. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ ഉൾപ്പെടെ പ്രമുഖർ ഈ വിമാനത്തിൽ പൊഖാറയിലെത്തിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് 15 ദിവസങ്ങൾക്കുള്ളിലാണ് ദുരന്തം സംഭവിച്ചത്. സുരക്ഷിത യാത്രയ്ക്ക് പേരുകേട്ട വിമാനം തകര്‍ന്നുവീണത് കമ്പനിയെയും ഞെട്ടിച്ചിരിക്കുകയാണ്. വിമാനത്തിന് സംഭവിച്ച സാങ്കേതിക തകരാര്‍ എന്താണെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
പടിഞ്ഞാറൻ നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. കാഠ്മണ്ഡുവില്‍ നിന്ന് പുറപ്പെട്ട വിമാനം റണ്‍വേയിലേക്ക് പറന്നിറങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു അപകടം. 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതുവരെ 68 പേരുടെ മൃതദേഹമാണ് കണ്ടെത്താനായത്. തിരച്ചില്‍ തുടരുകയാണ്.