ഓങ് സാന്‍ സൂചി 
WORLD

അഴിമതിക്കേസില്‍ ഓങ് സാന്‍ സൂചിക്ക് വീണ്ടും ശിക്ഷ; ആറുവര്‍ഷം കൂടി തടവ്

മൂന്ന് പതിറ്റാണ്ടിലേറെയായി മ്യാന്‍മറിലെ സൈനിക ഭരണത്തിനെതിരായ എതിര്‍പ്പിന്റെ മുഖമാണ് 77 കാരിയായ ഓങ് സാന്‍ സൂചി.

വെബ് ഡെസ്ക്

മ്യാന്‍മറില്‍ നിന്നും അധികാര ഭ്രഷ്ടയാക്കിയശേഷം സൈന്യം തടവിലടച്ച ദേശീയ നേതാവ് ഓങ് സാന്‍ സൂചിക്ക് വീണ്ടും തടവ് ശിക്ഷ. പദവി ദുരുപയോഗം ചെയ്ത് ഓങ് സാന്‍ സൂചി അഴിമതിക്ക് കൂട്ടുനിന്നെന്ന കേസുകളിലാണ് നടപടി. വിവിധ കേസുകളിലായി നേരത്തെ വിധിച്ച 11 വര്‍ഷം തടവ് ശിക്ഷയ്‌ക്കൊപ്പം ആറ് വര്‍ഷത്തെ ശിക്ഷകൂടി ചേര്‍ത്തിരിക്കുന്നത്. പ്രത്യേക കോടതിയുടേതാണ് വിധി.

2021 ഫെബ്രുവരിയില്‍ സൈന്യം ഓങ് സാന്‍ സൂചിയുടെ തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ പുറത്താക്കുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് രാജ്യദ്രോഹം, അഴിമതി, തുടങ്ങിയ ആരോപണങ്ങളില്‍ 11 വര്‍ഷത്തെ തടവിന് സൂചിയെ ശിക്ഷിച്ചത്.

നാല് അഴിമതി കേസുകളാണ് തിങ്കളാഴ്ച തീര്‍പ്പാക്കിയത്. സൂചിയുടെ അന്തരിച്ച മാതാവിന്റെ പേരില്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും, ജീവകാരുണ്യ ആവശ്യങ്ങള്‍ക്കായി ലഭിച്ച സംഭാവനകള്‍ ഉപയോഗിച്ച് ഒരു വസതി നിര്‍മ്മിച്ചു. പദവി ദുരുപയോഗം ചെയ്ത് വിപണി വിലയില്‍ താഴെയുള്ള പൊതുഭൂമി വാടകയ്ക്കെടുത്തു തുടങ്ങിയ ആരോപണങ്ങളും നേരിടുന്നു. നാല് കേസുകളില്‍ ഓരോന്നിനും അവര്‍ക്ക് മൂന്ന് വര്‍ഷം തടവും വിധിച്ചു. എന്നാല്‍ അതില്‍ മൂന്ന് ശിക്ഷ ഒരേസമയം അനുഭവിച്ചാല്‍ ആറ് വര്‍ഷം കൂടി തടവ് ലഭിക്കും.

മാധ്യമങ്ങള്‍ക്കോ പൊതുജനങ്ങള്‍ക്കോ പ്രവേശനമില്ലാതെ കോടതികളിലാണ് സൂചിയുടെ വിചാരണ നടന്നത്. നടപടിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ നിന്ന് അവരുടെ അഭിഭാഷകരെ വിലക്കുകയും ചെയ്തിട്ടുണ്ട്.

വിവിധ കേസുകളിലായി ഓങ് സാന്‍ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടിയിലെയും അവരുടെ സര്‍ക്കാരിലെയും മറ്റ് ഉന്നത അംഗങ്ങളും ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. പലരും ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ചില നേതാക്കളെ അടുത്തിടെ സൈനിക ഭരണകൂടം വധശിക്ഷക്ക് വിധേയരാക്കുകയും ചെയ്തിരുന്നു. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി പിരിച്ചുവിടാനും സൈനിക ഭരണകൂടം നിര്‍ദ്ദേശിച്ചിരുന്നു.

2020 നവംബറിലെ പൊതു തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ശേഷം ഓങ് സാന്‍ സൂചിയുടെ പാര്‍ട്ടി രണ്ടാം തവണയും ഭരണം ആരംഭിക്കുന്ന ദിവസമായ 2021 ഫെബ്രുവരി 1 ന് സൈന്യം അധികാരം പിടിച്ചെടുക്കുകയും ഓങ് സാന്‍ സൂചിയെ വീട്ടുതടങ്കലില്‍ ആക്കുകയുമായിരുന്നു. തിരഞ്ഞെടുപ്പില്‍ വലിയ ക്രമക്കേട് നടന്നു എന്നാരോപിച്ചായിരുന്നു നടപടി. എന്നാല്‍ സ്വതന്ത്ര തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്ക് വലിയ ക്രമക്കേടുകളൊന്നും കണ്ടെത്താനായില്ല.

മ്യാന്‍മാറിലെ ഭരണം സൈന്യം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സുരക്ഷാ സേന ഇതിനെ ശക്തമായി പ്രതിരോധിച്ചതോടെ വലിയ ഏറ്റുമുട്ടലുകളും അരങ്ങേറിയിരുന്നു. അനിയന്ത്രിതമായ അറസ്റ്റുകളും കൊലപാതകങ്ങളും, സിവിലിയന്‍മാര്‍ക്ക് നേരെയുള്ള വ്യോമാക്രമണങ്ങളും സൈന്യത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതായും ആരോപണം ഉണ്ടായിരുന്നു.

മൂന്ന് പതിറ്റാണ്ടിലേറെയായി മ്യാന്‍മറിലെ സൈനിക ഭരണത്തിനെതിരായ എതിര്‍പ്പിന്റെ മുഖമാണ് 77 കാരിയായ ഓങ് സാന്‍ സൂചി. വീട്ടുതടങ്കലിലായിരിക്കെ 1991-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനവും നേടിയിട്ടുണ്ട് ഇവര്‍. എന്നാല്‍ ഇന്ന് രാജ്യത്തെ അഴിമതി വിരുദ്ധ നിയമപ്രകാരം 15 വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വിധത്തില്‍ മൊത്തം 11 കുറ്റങ്ങളാണ് ഓങ് സാന്‍ സൂചിക്കെതിരെ ചുമത്തിയിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ