സ്ഥാനഭ്രഷ്ടയാക്കപ്പെട്ട മ്യാന്മാറിന്റെ മുൻ നേതാവും നോബൽ സമ്മാന ജേതാവുമായ ആങ് സാൻ സ്യൂചിയെ മൂന്ന് വർഷം കൂടി കഠിന തടവിന് ശിക്ഷിച്ചു. തിരഞ്ഞെടുപ്പിൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ കുറ്റക്കാരി ആണെന്ന് കണ്ടെത്തിയാണ് മ്യാൻമറിലെ സൈനിക കോടതി ശിക്ഷ വിധിച്ചത്. വെള്ളിയാഴ്ച വന്ന വിധി കൂടി പരിഗണിച്ചാൽ പല കേസുകളിലായി ആകെ 20 വർഷം തടവാണ് നിലവിൽ സ്യൂചി അനുഭവിക്കേണ്ടി വരിക. 2021 ലെ പട്ടാള അട്ടിമറിക്ക് ശേഷം ഇതാദ്യമായാണ് സ്യൂചി കഠിനതടവിന് ശിക്ഷിക്കപ്പെടുന്നത്. 2009 ൽ മുൻഭരണത്തിന് കീഴിൽ സ്യൂചിയെ കഠിനതടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും പിന്നീട് ശിക്ഷ ഇളവ് ചെയ്തിരുന്നു.
2020 നവംബറിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ സ്യൂചിയുടെ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി, സൈന്യത്തിന്റെ പാർട്ടിയെ പരാജയപ്പെടുത്തിക്കൊണ്ട് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു.തിരഞ്ഞെടുപ്പിന് മൂന്ന് മാസത്തിന് ശേഷം , തിരഞ്ഞെടുപ്പിൽ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് സ്യൂചിയുടെ പാർട്ടിയെ സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന് സൈന്യം തടയുകയും അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ സ്വതന്ത്ര തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ അഭിപ്രായ പ്രകാരം തിരഞ്ഞെടുപ്പിലെ വിജയം ജനങ്ങളുടെ ആഗ്രഹപ്രകാരം ആയിരുന്നു
ഈ തിരഞ്ഞെടുപ്പ് തട്ടിപ്പ് കേസിലാണ് വെള്ളിയാഴ്ച വിചാരണ നടന്നത്. എന്നാൽ സ്യൂചിയും പാർട്ടി അംഗങ്ങളും ആരോപണം പൂർണമായി നിഷേധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ വിജയം ന്യായമായി നേടിയതാണെന്ന് അവർ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ സൈന്യം നടത്തിയ അട്ടിമറി വ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതേത്തുടർന്ന് രാജ്യത്തെ ജനാധിപത്യ അനുകൂല പ്രക്ഷോഭകർ , മാധ്യമപ്രവർത്തകർ , ആക്ടിവിസ്റ്റുകൾ എന്നിവർക്കെതിരെ സൈന്യം നടപടികൾ സ്വീകരിച്ച് വരികയായിരുന്നു.
ഒരു വർഷം മുൻപ് രഹസ്യ വിചാരണയിലൂടെ തനിക്കെതിരെ ചുമത്തിയ മറ്റ് ആരോപണങ്ങളും സ്യൂചി നിഷേധിച്ചിട്ടുണ്ട്. തലസ്ഥാനമായ നയ്പീറ്റയിലെ ജയിലിൽ ഏകാന്ത തടവിൽ ആണ് സ്യൂചി ഇപ്പോൾ. കഴിഞ്ഞ മാസം നാല് അഴിമതി കേസുകളിലായി സ്യൂചിയെ ആറ് വർഷത്തെ തടവിന് ശിക്ഷിച്ചതായി മ്യാൻമറിലെ സ്റ്റേറ്റ് മീഡിയ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. അതോടെയാണ് സ്യൂചിയുടെ ആകെ ശിക്ഷ കാലയളവ് 17 വർഷമായി ഉയർന്നത്. ഇതിനുപിന്നാലെ രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ യു എന്നിന്റെ പ്രത്യേക പ്രതിനിധി മ്യാൻമർ സന്ദർശിച്ചിരുന്നു.
അഴിമതി മുതൽ തിരഞ്ഞെടുപ്പ് ലംഘനം വരെയുള്ള കുറ്റങ്ങൾ സ്യൂചിക്കെതിരെ തെളിയിക്കപ്പെട്ടിട്ടുണ്ട്. അധികാരം പിടിച്ചെടുത്ത ശേഷം സൈന്യം അറസ്റ്റ് ചെയ്ത 15000 ത്തിലധികം പേരിൽ സ്യൂചിയും അവരുടെ അവരുടെ പാർട്ടിയിലെ നിരവധി അംഗങ്ങളും ഉൾപ്പെടുന്നു. ഇതിൽ 12000 പേർ ജയിലിൽ തുടരുകയാണെന്ന് അസിസ്റ്റൻസ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസണേഴ്‌സ് (ബർമ) പറയുന്നു.