WORLD

തൊഴിൽനിയമം ലംഘിച്ചു, ഓസ്ട്രേലിയയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥന് 1.36 ലക്ഷം ഡോളർ പിഴ; വിധി വീട്ടുജോലിക്കാരിയുടെ പരാതിയിൽ

ഇന്ത്യൻ അംബാസിഡർ തൊഴിൽ നിയമം ലംഘിച്ചെന്ന് ഓസ്ട്രേലിയൻ കോടതി

വെബ് ഡെസ്ക്

വീട്ടുജോലിക്കാരിയുടെ പരാതിയിൽ ഇന്ത്യയുടെ മുന്‍ ഹൈക്കമ്മീഷണര്‍ക്ക് 1.36 ലക്ഷം ഡോളർ പിഴ വിധിച്ച് ഓസ്‌ട്രേലിയൻ കോടതി. അന്യായമായ തൊഴില്‍ സാഹചര്യം ആരോപിച്ച് മുൻ ജീവനക്കാരി സീമ ഷെര്‍ഗില്‍ നല്‍കിയ പരാതിയിലാണ് കാന്‍ബറയിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ നവ്ദീപ് സിങ് സുരിക്ക് പിഴ വിധിച്ചത്. ഫെഡറല്‍ കോടതി ജസ്റ്റിസ് എലിസബത്ത് റാപ്പറിന്റെതാണ് ഉത്തരവെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പലിശയടക്കമുള്ള നഷ്ടപരിഹാരത്തുക 60 ദിവസത്തിനകം നല്‍കണമെന്നാണ് കോടതി ഉത്തരവെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 ഏപ്രിലിലാണ് ഷെര്‍ഗില്‍ സുരിയുടെ വീട്ടിൽ ജോലിചെയ്യുന്നതിനായി ഓസ്‌ട്രേലിയയില്‍ എത്തുന്നത്. എന്നാല്‍ 2016ല്‍ ഷെര്‍ഗിലിന് തിരികെ ഇന്ത്യയിലേക്ക് മടങ്ങാന്‍ പാസ്‌പോര്‍ട്ട് നല്‍കിയെന്നും ഷെര്‍ഗില്‍ ഇത് തിരിച്ചുവാങ്ങാൻ വിസമ്മതിച്ചുവെന്നും ഹൈക്കമീഷണറുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

2021ല്‍ ഓസ്‌ട്രേലിയന്‍ പൗരത്വം സ്വീകരിച്ച ഷെര്‍ഗില്‍ ആ രാജ്യത്ത് തുടരാന്‍ വേണ്ടിയാണ് കേസ് നല്‍കിയതെന്നുള്ളതിന് വിശ്വസിക്കാന്‍ തക്ക കാരണമുണ്ടെന്നാണ് ഹൈക്കമീഷണറുമായി ബന്ധപ്പെട്ടവർ പറയുന്നത്. ജീവനക്കാരിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അവര്‍ ഇന്ത്യയിലേക്ക് മടങ്ങണമായിരുന്നെന്നും ഇന്ത്യൻ അധികാരികളെയോ കോടതിയെയോ സമീപിക്കണമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഒരു ദിവസം 17.5 മണിക്കൂര്‍ വീതം ആഴ്ചയില്‍ എല്ലാ ദിവസവും താന്‍ ജോലി ചെയ്തുവെന്ന് ഷെര്‍ഗില്‍ കോടതിയില്‍ പറഞ്ഞു. ആദ്യം ഷെര്‍ഗിലിന് പ്രതിദിനം 7.80 ഡോളറിന് തുല്യമായ തുകയാണ് പ്രതിഫലമായി ലഭിച്ചത്. അവരുടെ പരാതിയെ തുടര്‍ന്ന് സുരി പ്രതിദിനം ഒൻപത് ഡോളറായി പ്രതിഫലം ഉയര്‍ത്തി. വീട് വൃത്തിയാക്കല്‍, ഭക്ഷണമുണ്ടാക്കല്‍, പൂന്തോട്ടം വൃത്തിയാക്കല്‍ എന്നിവയായിരുന്നു തൊഴില്‍. സുരിയുടെ വളര്‍ത്തുനായയെ നടക്കാന്‍ കൊണ്ടുപോകുമ്പോള്‍ മാത്രമേ ഷെര്‍ഗിലിന് വീട്ടില്‍നിന്ന് പുറത്തുകടക്കാന്‍ സാധിച്ചിരുന്നുള്ളൂ.

സുരി ഈജിപ്തിലെ ഇന്ത്യന്‍ അംബാസഡറായ സമയത്തും താൻ അദ്ദേഹത്തിന്റെ വീട്ടിൽ ജോലി ചെയ്തിരുന്നതായും ഷെർഗിൽ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇത്തവണ എട്ട് റൂമുകളുള്ള വീടിന്റെ പരിപാലനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തമുണ്ടായിരുന്നുവെന്ന് അവര്‍ കോടതിയില്‍ പറഞ്ഞു.

''എല്ലാ ജോലിയും ചെയ്യേണ്ടി വന്നു. അദ്ദേഹവും ഭാര്യയും വീട്ടില്‍ ഇല്ലാത്ത സമയത്ത് എന്റെ സാധാരണ ജോലികള്‍ക്ക് പുറമേ ഒരുപാട് സമൂസകള്‍ ഉണ്ടാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാനും വെള്ളിപ്പാത്രങ്ങള്‍ വൃത്തിയാക്കാനും ആവശ്യപ്പെടും. അവര്‍ എന്നെ വിളിച്ച് ഞാന്‍ ജോലി ചെയ്യുന്നുണ്ടോയെന്ന് ഉറപ്പാക്കും. സുരിയുടെ ഭാര്യ കഠിനമായി ജോലി ചെയ്യാന്‍ വേണ്ടി ശകാരിക്കും. ഞാനൊരുപാട് പണം സമ്പാദിക്കുന്നു എന്ന തരത്തിലും അവര്‍ സംസാരിക്കും,'' ഷെർഗിൽ കോടതിയില്‍ പറഞ്ഞു.

സുരി കോടതിയിൽ ഹാജരായിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ അഭാവത്തിലും ഹർജിയിൽ കോടതി വാദം കേള്‍ക്കുകയായിരുന്നു. ഷെര്‍ഗിലിന്റെ വാദം കേട്ട കോടതി സുരി ഫെയര്‍ വര്‍ക്ക് നിയമത്തിലെ നാല് വകുപ്പുകള്‍ ലംഘിച്ചതായി കണ്ടെത്തുകയും നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിടുകയുമായിരുന്നു. ഓസ്‌ട്രേലിയന്‍ കോടതിയുടെ ഉത്തരവില്‍ ഇതുവരെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം