WORLD

ഡോക്യുമെൻ്ററിയ്ക്കെതിരെ ആരോപണം, വിസ നീട്ടിനല്‍കിയില്ല; മറ്റൊരു വിദേശ മാധ്യമപ്രവര്‍ത്തകയും ഇന്ത്യ വിട്ടു

എബിസി ന്യൂസിന്റെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് ആവണി ദിയാസിനാണ് വിസ നീട്ടി നല്‍കാതിരുന്നത്.

വെബ് ഡെസ്ക്

വിസ നീട്ടി നൽകാത്തതിനെത്തുടർന്ന് ഒരു വിദേശ മാധ്യമപ്രവർത്തക കൂടി ഇന്ത്യ വിട്ടു. ഓസ്ട്രേലിയയിലെ എബിസി ന്യൂസിൻ്റെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് ആവണി ദിയാസിനാണ് രാജ്യം വിടേണ്ടിവന്നത്. താൻ തയ്യാറാക്കിയ റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാരിനുണ്ടായ അഭിപ്രായ വ്യത്യാസമാണ് വിസ നീട്ടി നൽകാതിരിക്കാൻ കാരണമെന്ന് ഇവർ ആരോപിച്ചു.

ഇന്ത്യയിൽ പതിറ്റാണ്ടുകളായി ജോലി ചെയ്തിരുന്ന ഫ്രഞ്ച് മാധ്യമ പ്രവർത്തകയ്ക്കും ഏതാനും മാസം മുൻപ് രാജ്യം വിടേണ്ടി വന്നിരുന്നു. ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം പരിമിതപ്പെടുന്നുവെന്ന് വിവിധ റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് വിദേശ മാധ്യമപ്രവർത്തകരിൽ പലർക്കും രാജ്യത്ത് റിപ്പോർട്ടിങ് പ്രയാസമാകുന്നത്.

2022 ജനുവരിയില്‍ ഇന്ത്യയിലെത്തിയ ആവണിക്ക് ഈ ഏപ്രില്‍ 19ന് ഇന്ത്യ വിടേണ്ടിവന്നത്. ''തിരഞ്ഞെടുപ്പിന് മുന്നോടിയായി ആകസ്‌കിമായി ഇന്ത്യ വിട്ടുപോകേണ്ടിവന്നു,'' എന്ന് ശ്രീലങ്കന്‍ വംശജയായ ആവണി സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെക്കുകയായിരുന്നു.

''എന്റെ റിപ്പോർട്ടിങ് അതിരുകടന്നതിനാല്‍ വിസ നീട്ടി നല്‍കില്ലെന്ന് മോദി സര്‍ക്കാര്‍ പറഞ്ഞു. എന്റെ ഫ്‌ളൈറ്റിന് 24 മണിക്കൂര്‍ മുമ്പ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കാരണം രണ്ട് മാസത്തെ കാലാവധി കൂടി ലഭിച്ചു. ഇന്ത്യന്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം കാരണം എനിക്ക് തിരഞ്ഞെടുപ്പ് അക്രഡിറ്റേഷന്‍ ലഭിക്കില്ലെന്നും പറഞ്ഞു. ജനാധിപത്യത്തിന്റെ മാതാവ് എന്ന് മോദി വിളിക്കുന്ന രാജ്യത്തിന്റെ തിരഞ്ഞെടുപ്പിന്റെ ആദ്യ ദിവസം തന്നെ ഞങ്ങള്‍ ഇന്ത്യ വിട്ടു,'' ആവണി എക്‌സില്‍ കുറിച്ചു.

ലുക്കിങ് ഫോര്‍ മോദിയെന്ന തന്റെ പോഡ്‌കാസ്റ്റിന്റെ ലിങ്കും ആവണി എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കാനഡയില്‍ വച്ച് മരിച്ച സിഖ് വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തന്റെ ഡോക്യുമെന്ററിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന് കാരണമെന്ന് ആവണി പോഡ്‌കാസ്റ്റില്‍ ആരോപിക്കുന്നു.

''ഇന്ത്യന്‍ മന്ത്രാലയത്തില്‍നിന്ന് ഒരാള്‍ എന്നെ വിളിക്കുകയും വിസ കാലാവധി നീട്ടുന്നതിനുള്ള അപേക്ഷ അനുവദിക്കില്ലെന്നും ആഴ്ചകള്‍ക്കുള്ളില്‍ രാജ്യം വിട്ടു പോകണമെന്നും പറഞ്ഞു. വിളിച്ച ഉദ്യോഗസ്ഥന്‍ സിഖ് വിഘടനവാദിയുടെ റിപ്പോര്‍ട്ട് എടുത്തു പറഞ്ഞിരുന്നു,'' ആവണി പറയുന്നു. റിപ്പോര്‍ട്ടിങ്ങിനിടെ അധികാരികളില്‍നിന്ന് നിരവധി ചോദ്യങ്ങള്‍ നേരിട്ടുവെന്നും തുടക്കത്തില്‍ ഡോക്യുമെന്ററി സര്‍ക്കാര്‍ തടഞ്ഞുവെച്ചുവെന്നും ആവണി കൂട്ടിച്ചേര്‍ത്തു.

''വിദേശ മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ എനിക്ക് പ്രശ്‌നമുണ്ടാകില്ലെന്ന് കരുതി. എന്നാല്‍ എനിക്ക് തെറ്റിപ്പോയി. നരേന്ദ്ര മോദിയെക്കുറിച്ചുള്ള വെല്ലുവിളി നിറഞ്ഞ ചോദ്യങ്ങള്‍ കുഴപ്പങ്ങളുണ്ടാക്കും. മാധ്യമങ്ങളില്‍നിന്നോ പ്രതിപക്ഷത്തുനിന്നോ ഉണ്ടാകുന്ന വിമര്‍ശനങ്ങള്‍ അദ്ദേഹം അംഗീകരിക്കില്ല,'' ആവണി പോഡ്‌കാസ്റ്റില്‍ പറയുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും രാജ്യം വിടാന്‍ നിര്‍ബന്ധിച്ചുവെന്നുമുള്ള ആവണിയുടെ വാദം ശരിയല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അവര്‍ വിസ നിയമങ്ങള്‍ ലംഘിച്ചുവെന്നും ഏപ്രില്‍ 20ന് വിസ കാലാവധി അവസാനിച്ചുവെന്നും സര്‍ക്കാര്‍ പറയുന്നു. അവരുടെ അഭ്യര്‍ഥന പ്രകാരം ലോക്‌സഭാ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ വിസ നീട്ടി നല്‍കിയിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിസയുള്ള എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും ബൂത്തുകള്‍ക്കു പുറത്തുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവാദമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

''പോളിങ് ബൂത്തുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രമേ അധികാരികളുടെ കത്തിന്റെ ആവശ്യമുള്ളു. വിസ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ നടക്കുമ്പോള്‍ ഈ കത്ത് ലഭിക്കില്ല,'' സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

നിജ്ജറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി മതിയായ അനുമതിയില്ലാതെയാണ് തയ്യാറാക്കിയതെന്ന് വിദേശകാര്യ വൃത്തങ്ങളെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. ''ഇന്ദിരാഗാന്ധിയുടെ കൊലപാതകം, എയര്‍ ഇന്ത്യ വിമാനമായ കനിഷ്‌കയില്‍ നടന്ന ബോംബാക്രമണം തുടങ്ങിയ തീവ്രവാദത്തെ ഡോക്യുമെന്ററി പ്രകീര്‍ത്തിക്കുന്നു. ഡാല്‍ ഖല്‍സ, ഹര്‍ദീപ് സിങ് നിജ്ജര്‍, സിഖ് ഫോര്‍ ജസ്റ്റിസ് ഓസ്‌ട്രേലിയ തുടങ്ങിയ വിഘടനവാദികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഇത് ഒരു വേദിയൊരുക്കുകയായിരുന്നു,'' അവര്‍ പറയുന്നു.

'സിഖ്‌സ്, സ്‌പൈസ് ആന്‍ഡ് മര്‍ഡര്‍: ഇന്‍വെസ്റ്റിഗേറ്റിങ് ഇന്ത്യാസ് അല്ലെജ്‌ഡ് ഹിറ്റ് ഓണ്‍ ഫോറിന്‍ സോയില്‍' എന്ന ഡോക്യുമെന്ററി പുറത്തിറങ്ങിയ പിറ്റേന്ന് (മാര്‍ച്ച് 24) തന്നെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം യൂട്യൂബ് നീക്കം ചെയ്തിരുന്നു. ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്ക് ആരോപിക്കുന്ന ആവണിയുടെ പോഡ്കാസ്റ്റും നേരത്തെ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സര്‍ക്കാര്‍, വിദ്വേഷപരമായ റിപ്പോര്‍ട്ടിങ്ങും നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്തതും ആരോപിച്ചതിനെത്തുടര്‍ന്ന് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തക വനെസ്സ ഡഗ്നാകിന് നിര്‍ബന്ധിതമായി രാജ്യം വിട്ടുപോകേണ്ടി വന്ന് രണ്ട് മാസത്തിനുശേഷമാണ് മറ്റൊരു വിദേശ മാധ്യമപ്രവര്‍ത്തകയ്ക്കും സമാന അനുഭവമുണ്ടായിരിക്കുന്നത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി