WORLD

ആശങ്ക അകലുന്നില്ല: കാണാതായ റേഡിയോ ആക്ടീവ് ക്യാപ്സ്യൂളിനായി തിരച്ചില്‍ ഊര്‍ജിതം

വെബ് ഡെസ്ക്

ഓസ്‌ട്രേലിയയില്‍ നഷ്ടമായ റേഡിയോ ആക്ടീവ് ക്യാപ്‌സൂളിനായുള്ള തിരച്ചില്‍ തുടരുന്നു. ക്യാപ്സ്യൂളിനായുള്ള തിരച്ചിലില്‍ ഇന്ന് ഓസ്ട്രേലിയയുടെ ആണവ സുരക്ഷാ ഏജന്‍സിയും പങ്കുചേരും. ഖനന ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന ഉയര്‍ന്ന റേഡിയോ ആക്ടീവ് പദാര്‍ത്ഥമായ സീസിയം -137 അടങ്ങിയ ക്യാപ്സ്യൂളാണ് പെര്‍ത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ നഷ്ടമായത്. വികിരണ സാധ്യത മുന്‍നിര്‍ത്തി ഓസ്‌ട്രേലിയയിലെ നിരവധി ഭാഗങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നു.

6 എംഎം വ്യാസവും 8 എംഎം നീളവുമുള്ള സില്‍വര്‍ ക്യാപ്‌സൂളാണ് നഷ്ടമായത്. പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ ഏകദേശം 1,400 കിലോമീറ്ററോളം സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തെത്തിയ ശേഷമാണ് ക്യാപ്‌സൂള്‍ നഷ്ടമായ കാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്.

ഓസ്ട്രേലിയയിലെ ഏറ്റവും വലിയ സംസ്ഥാനത്തിലെ മരുഭൂമിയിലെ ഹൈവേയില്‍ എവിടെയോ നഷ്ടപ്പെട്ടതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ക്യാപ്സ്യൂളിന്റെ വലിപ്പം വളരെ കുറവായതിനാലും കൂടുതല്‍ ദൂരം പരിശോധിക്കേണ്ടി വരുന്നതിനാലും അത് കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഖനന കമ്പനിയായ റിയോ ടിന്റോ ക്യാപ്‌സൂള്‍ നഷ്ടപ്പെടുത്തിയതില്‍ ക്ഷമാപണം നടത്തുകയും ക്യാപ്‌സൂള്‍ കണ്ടെത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ പരിശോധന നടത്തുന്ന സ്ഥലത്തു നിന്ന് ആരെങ്കിലും ക്യാപ്‌സൂള്‍ എടുത്തുകൊണ്ട് പോയിട്ടുണ്ടോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. അത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ 300 വര്‍ഷത്തോളം റേഡിയോ ആക്ടീവ് വികിരണം കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും.

എന്താണ് സംഭവിച്ചത്?

ജനുവരി 10ന് പാക്കേജിനുള്ളിലാക്കിയ ക്യാപ്സ്യൂള്‍ ജനുവരി 12നാണ് റിയോ ടിന്റോയുടെ ഗുഡായി-ഡാരി മൈന്‍ സൈറ്റില്‍ നിന്ന് കരാറുകാരന്‍ ശേഖരിച്ചത്. റോഡ് മാര്‍ഗം നാല് ദിവസം സഞ്ചരിച്ച ശേഷം ജനുവരി 16 ന് ട്രക്ക് പെര്‍ത്തില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ ജനുവരി 25ന് നടത്തിയ പരിശോധനയിലാണ് ക്യാപ്‌സൂള്‍ നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞത്. പാക്കേജ് തുറന്നപ്പോള്‍, ഗേജ് തകര്‍ന്നതായും നാല് മൗണ്ടിംഗ് ബോള്‍ട്ടുകളില്‍ ഒന്ന് കാണാതായതായെന്നും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് (DFES) അറിയിച്ചു.

റേഡിയേഷന്‍ ഡിറ്റക്ടറുകള്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. പൊതുജനങ്ങള്‍ ഉപകരണത്തിന്റെ അഞ്ച് മീറ്ററിനുള്ളില്‍ വരരുതെന്നെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

പരുക്കന്‍ റോഡുകളിലൂടെ ട്രക്ക് സഞ്ചരിച്ചത് കാരണമാകണം പാക്കേജിന് കേടുപാടുകള്‍ വന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഗാമ ബീറ്റാ രശ്മികള്‍ പുറപ്പെടുവിക്കുന്ന ക്യാപ്സ്യൂള്‍ കണ്ടെത്താന്‍ റേഡിയേഷന്‍ ഡിറ്റക്ടറുകള്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. പൊതുജനങ്ങള്‍ ഉപകരണത്തിന്റെ അഞ്ച് മീറ്ററിനുള്ളില്‍ വരരുതെന്നെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കര്‍ശനമായ പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ടാണ് സീസിയം-137 പോലുള്ള റേഡിയോ ആക്ടീവ് വസ്തുക്കളെ ഓസ്‌ട്രേലിയയില്‍ സംഭരിക്കുന്നതും മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റുന്നതും. ഇതിനായി വിദഗ്ധരായ കരാറുകാരെയാണ് നിയമിക്കുന്നതെന്നും റിയോ ടിന്റോ അറിയിച്ചു. ക്യാപ്‌സൂള്‍ നഷ്ടപ്പെട്ടതിലെ അസാധാരണത്തം കണ്ടെത്താനുള്ള ശ്രമങ്ങള്‍ കമ്പനി തുടരുകയാണ് എന്നാല്‍ ഉപകരണം കൊണ്ടുപോകാന്‍ ഉപയോഗിച്ച ലോജിസ്റ്റിക് കമ്പനിയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

റേഡിയേഷന്‍ രോഗങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പുറമേ ക്യാപ്‌സൂള്‍ കൈകള്‍കൊണ്ട് സ്പര്‍ശിക്കുന്നത് പൊള്ളലിനും വിരലുകള്‍ക്കും ചുറ്റുമുള്ള ടിഷ്യൂകള്‍ക്കും ഗുരുതരമായ കേടുപാടുകള്‍ വരുത്തും

പേടിക്കേണ്ടതെന്ത്?

സീസിയം-137മായി സമ്പര്‍ക്കം പുലര്‍ത്തുന്ന മനുഷ്യര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. റേഡിയേഷന്‍ രോഗങ്ങള്‍, ക്യാന്‍സര്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ക്യാപ്‌സൂള്‍ കാരണമാകും.

ക്യാപ്‌സൂള്‍ കൈകള്‍കൊണ്ട് സ്പര്‍ശിക്കുന്നത് പൊള്ളലിനും വിരലുകള്‍ക്കും ചുറ്റുമുള്ള ടിഷ്യൂകള്‍ക്കും ഗുരുതരമായ കേടുപാടുകള്‍ വരുത്തും. ക്യാപ്‌സൂള്‍ തിരച്ചില്‍ മേഖലയ്ക്കുള്ളില്‍ നിന്നും പുറത്തേക്ക് പോയോ എന്ന ആശങ്കയുണ്ട്. ക്യാപ്സ്യൂള്‍ മറ്റൊരു വാഹനത്തിന്റെ ടയറില്‍ കുടുങ്ങിയോ, പക്ഷികളോ മൃഗങ്ങളോ എടുത്തതുകൊണ്ടോ ദൂരത്തേക്ക് മാറിയോ എന്നും സംശയമുണ്ട്.

സീസിയം-137 ന്റെ വികിരണ ശേഷി ഏകദേശം 30 വര്‍ഷത്തോളം നീണ്ട് നില്‍ക്കും. ശേഷം കാപ്‌സ്യൂളിന്റെ റേഡിയോ ആക്ടിവിറ്റി പകുതിയായി കുറയും. ക്യാപ്സ്യൂള്‍ അടുത്ത 300 വര്‍ഷത്തേക്ക് റേഡിയോ ആക്ടീവ് ആയിരിക്കുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. സീസിയം-137 സാധാരണ ഗതിയില്‍ മണ്ണിനെയോ പരിസ്ഥിതിയെയോ ദോഷകരമായി ബാധിക്കാറില്ല.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി