ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഓസ്ട്രേലിയയിൽ നികുതിരഹിത വിപണി തുറന്നുകൊടുക്കുന്നതും ഇന്ത്യൻ വിദ്യാർഥികൾക്ക് പഠന ശേഷം നാല് വർഷം വരെ തൊഴിൽ വിസ അനുവദിക്കുന്നതുമാണ് കരാർ.
കരാറിന് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതായി ആല്‍ബനീസ് ട്വിറ്ററിലൂടെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് ആല്‍ബനീസ് ട്വീറ്റ് ചെയ്തത്. ഇന്ത്യയിലെ ഐടി കമ്പനികള്‍ക്ക് വലിയ ഉത്തേജനമാകുന്നതാണ് തീരുമാനം. പിന്നാലെ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരെ കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ അഭിനന്ദിച്ചു.
കരാര്‍ നിലവില്‍ വരുന്നതോടെ ഇന്ത്യയിലെ ടെക്സ്റ്റൈൽസ്, ലെതർ, ഫർണിച്ചർ, ജ്വല്ലറി, മെഷിനറി അടക്കം ഇന്ത്യയിലെ ആറായിരത്തോളം ഉത്പന്നങ്ങള്‍ക്കാണ് നികുതിരഹിത വിപണി തുറന്നുകിട്ടുക. ഓസ്ട്രേലിയയുമായി നിലവിലുള്ള 2.08 ലക്ഷം കോടി രൂപയുടെ (27.5 ബില്യൻ ഡോളർ) വ്യാപാരം 3.7 ലക്ഷം കോടി രൂപയായി (50 ബില്യൻ ഡോളർ) വർധിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. കയറ്റുമതി മൂല്യം പരിഗണിക്കുമ്പോൾ 96.4 % ഉൽപന്നങ്ങൾക്കും ആദ്യഘട്ടത്തിൽ തന്നെ ഓസ്ട്രേലിയയിൽ കസ്റ്റംസ് തീരുവയുണ്ടാകില്ല. നിലവിൽ മിക്ക ഇന്ത്യൻ ഉത്പന്നങ്ങൾക്കും അവിടെ 4– 5% തീരുവയുണ്ട്.
സാമ്പത്തിക സഹകരണത്തിനും വ്യാപാരത്തിനും ഊന്നല്‍ നല്‍കുന്നതാണ് കരാര്‍. 30 ദിവസത്തിനുള്ളിലോ ഇരു രാജ്യങ്ങളും ധാരണയിലെത്തുന്ന സമയത്തിനുള്ളിലോ കരാര്‍ നിലവില്‍ വരുമെന്ന് ഓസ്‌ട്രേലിയന്‍ വ്യവസായ മന്ത്രി ഡോണ്‍ ഫാരെല്‍ അറിയിച്ചു. ഇരു രാജ്യങ്ങളിലേയും വ്യാപാര രംഗത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന കരാര്‍ കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കും. 7 വർഷത്തിനുള്ളിൽ 10 ലക്ഷം തൊഴിലുകളാണ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ സര്‍ക്കാരുമായി സംയുക്തമായി പ്രവര്‍ത്തിച്ച് കരാര്‍ എത്രയും വേഗം നടപ്പില്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി പ്രധാനമായും അസംസ്കൃത വസ്തുക്കളാണ്. ഇക്കാരണത്താൽ സ്റ്റീൽ, അലുമിനിയം, വസ്ത്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യൻ വ്യവസായങ്ങൾക്കു കുറഞ്ഞ വിലയ്ക്ക് അസംസ്കൃത വസ്തുക്കൾ ലഭിക്കും. ഇന്ത്യൻ ഐടി കമ്പനികൾ നേരിടുന്ന ഇരട്ടനികുതി പ്രശ്നവും പരിഹരിക്കുമെന്ന് ഓസ്ട്രേലിയ ഉറപ്പു നൽകി.
കരാറിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഐടി മേഖലയാണെന്ന് പിയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഷെഫുമാര്‍ക്കും യോഗാ ഇന്‍സ്ട്രക്ടര്‍മാര്‍ക്കും ഓസ്‌ട്രേലിയയില്‍ പോകാന്‍ അവസരം ലഭിക്കും. ഇന്ത്യയില്‍ നിന്ന് പഠിക്കാന്‍ ഓസ്‌ട്രേലിയയില്‍ പോകുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവിടെ തൊഴിലവസരം ഉറപ്പാക്കപ്പെടും. കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത വസ്തുക്കള്‍ ഇറക്കാനാവും, ഇന്ത്യന്‍ മരുന്നു കമ്പനികള്‍ക്ക് മരുന്നുകള്‍ ഓസ്‌ട്രേലിയക്ക് അയക്കാനാവും, ടെക്‌സ്‌റ്റൈല്‍ -ആഭരണ സെക്ടറുകള്‍ക്ക് ഓസ്‌ട്രേലിയയിലെ ഉയര്‍ന്ന വേതനം പറ്റുന്നവരിലേക്ക് തങ്ങളുടെ ഉല്‍പ്പന്നം എത്തിക്കാനാവുമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.
മോദിയുമായി ജി-20 ഉച്ചകോടിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സാമ്പത്തിക സഹകരണത്തോടെ പ്രവര്‍ത്തിക്കാനുള്ള തീരുമാനങ്ങളും എടുത്തിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അറിയിച്ചു. 2023 മാര്‍ച്ചില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.