രണ്ടാഴ്ചയിലേറെയായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖൊമേനി. മഹ്‌സ അമിനിയുടെ മരണത്തെ തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭങ്ങളിൽ ആദ്യമായാണ് ഖൊമേനി പ്രതികരിക്കുന്നത്. ഇറാന്റെ “പുരോഗതി” തടയാൻ വിദേശ രാജ്യങ്ങൾ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. സമീപ വർഷങ്ങളിൽ രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭരണകൂട വിരുദ്ധ പ്രതിഷേധമാണ് ഇറാൻ നിലവിൽ സാക്ഷ്യം വഹിക്കുന്നത്. അതേസമയം ഇറാന്റെ അടിച്ചമർത്തൽ നടപടികളിൽ പ്രതിഷേധിച്ച് കൂടുതൽ ഉപരോധങ്ങൾ കൊണ്ടുവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും കഴിഞ്ഞ ദിവസം വ്യക്തമാക്കി.
രാജ്യം മുന്നേറുന്നത് അവർക്ക് സഹിക്കാൻ കഴിയുന്നില്ലഖൊമേനി
കഴിഞ്ഞ ആഴ്ചകളായി ഇറാൻ ഭരണകൂടത്തിനെതിരെയും മതമൗലിക ഭരണത്തിനെതിരെയും നടന്ന് വരുന്ന പ്രതിഷേധങ്ങളെ 'കലാപം' എന്നാണ് ഖൊമേനി വിശേഷിപ്പിച്ചത്. നിലവിലെ കലാപങ്ങൾ അമേരിക്കയും അധിനിവേശ, വ്യാജ സയണിസ്റ്റ് ഇസ്രായേൽ ഭരണകൂടവും ചേർന്ന് ഉണ്ടാക്കിയെടുത്തതാണ്. അവരിൽ നിന്ന് ശമ്പളം വാങ്ങുന്നവരും വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ചില രാജ്യദ്രോഹികളായ ഇറാനികളും ഇതിന് സഹായിക്കുന്നുണ്ടെന്നും ഖൊമേനി പറഞ്ഞു. ടെഹ്റാനിലെ പോലീസ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ കേഡറ്റുകളോട് സംസാരിക്കുകയായിരുന്നു ഖൊമേനി.
പെൺകുട്ടിയുടെ മരണത്തിൽ വേദനയുണ്ട് എന്നാൽ അന്വേഷണം കഴിയുന്നതിന് മുൻപ് തന്നെ പ്രതികരണങ്ങൾ ഉണ്ടായി. കുറച്ച് പേർ തെരുവുകളിലിറങ്ങി ഖുറാനും ഹിജാബും കത്തിക്കുകയും പള്ളികൾക്ക് തീ വെയ്ക്കുകയും ചെയ്യുന്നത് സ്വാഭാവിക പ്രതികരണങ്ങളായി കാണാനാകില്ല. ഇറാനെ അസ്ഥിരപ്പെടുത്താനുള്ള വിദേശ ശ്രമങ്ങളുടെ ഭാഗമാണ് രാജ്യത്ത് അരങ്ങേറുന്ന സംഭവങ്ങൾ. അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ മഹ്‌സയുടെ മരണം സംഭവിച്ചില്ലായിരുന്നെങ്കിൽ പോലും മറ്റ് കാരണങ്ങൾ അവർ കണ്ടെത്തുമായിരുന്നു.
2018 മുതൽ കടുത്ത ഉപരോധങ്ങൾ അമേരിക്ക ഏർപ്പെടുത്തിയിട്ടും രാജ്യം തന്റെ ഭരണത്തിന് കീഴിൽ മുന്നേറി. 2015ലെ ലോകശക്തികളുമായുള്ള ഇറാന്റെ ആണവ കരാർ അമേരിക്ക ഏകപക്ഷീയമായി ഉപേക്ഷിച്ചിട്ടും ഇറാൻ മുന്നോട്ട് കുതിക്കുകയാണ്. ഇതിന് തടയിടുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്നുമാണ് ഖൊമേനിയുടെ വാദം. "രാജ്യം മുന്നേറുന്നത് അവർക്ക് സഹിക്കാൻ കഴിയുന്നില്ല" ഖൊമേനി പറഞ്ഞു.
ഇറാന് മേൽ ചുമത്തിയിരുന്ന ഇന്റർനെറ്റ് ഉപരോധം പ്രതിഷേധങ്ങൾ ആരംഭിച്ചതിന് പിന്നാലെ അമേരിക്ക മയപ്പെടുത്തിയിരുന്നു. ഇന്റർനെറ്റ് സേവനത്തിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ സമരക്കാർക്ക് മറികടക്കാൻ വേണ്ടിയുള്ള നീക്കമായിരുന്നു ഇത്. തുല്യാവകാശങ്ങൾക്കും അടിസ്ഥാന മാനുഷിക മൂല്യങ്ങൾക്കും വേണ്ടി വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെ സമാധാനപരമായി പ്രതിഷേധിക്കുമ്പോൾ അവർക്കെതിരെ അടിച്ചമർത്തൽ ശക്തമാക്കുന്നതിൽ തനിക്ക് ആശങ്കയുണ്ടെന്ന് ബൈഡൻ പ്രതികരിച്ചിരുന്നു. അടിച്ചമര്‍ത്തല്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഇറാനെതിരെ കൂടുതൽ ഉപരോധങ്ങൾ കൊണ്ടുവരുമെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു.