WORLD

ഇസ്രയേലിന്റെ ഉത്പന്നമല്ലെന്ന് പരസ്യം; ബംഗ്ലാദേശിൽ കോക്കോ കോളക്ക് രൂക്ഷ വിമർശനം

60 സെക്കൻഡ് ദൈർഘ്യമുള്ള കൊക്ക കോള പരസ്യം ട്വൻ്റി20 ലോകകപ്പിൻ്റെ ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനിടെയാണ് ബംഗ്ലാദേശിൽ ആദ്യമായി സംപ്രേക്ഷണം ചെയ്തത്

വെബ് ഡെസ്ക്

ഗാസയിൽ ഇസ്രയേലിൻ്റെ ക്രൂരമായ അതിക്രമങ്ങൾ തുടരുന്നതിനിടെ ബംഗ്ലാദേശിൽ കോക്കോ കോള പരസ്യത്തിനെതിരെ രൂക്ഷ വിമർശനം. ഇസ്രയേൽ ഉൽപ്പന്നങ്ങൾക്ക് ബഹിഷ്കരണാഹ്വാനം നേരിടുന്നതിനിടെ തങ്ങൾ ഇസ്രയേൽ ഉത്പന്നമല്ലെന്ന് കാണിച്ച് കൊണ്ട് കമ്പനി ചെയ്ത പരസ്യമാണ് സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനങ്ങൾക്ക് കാരണമായത്. 60 സെക്കൻഡ് ദൈർഘ്യമുള്ള കൊക്കകോള പരസ്യം ട്വൻ്റി20 ലോകകപ്പിൻ്റെ ഭാഗമായുള്ള ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനിടെയാണ് ബംഗ്ലാദേശിൽ ആദ്യമായി സംപ്രേക്ഷണം ചെയ്തത്.

ഒക്ടോബർ 7 ന് ഗാസ മുനമ്പിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചത് മുതൽ കൊക്ക കോള ഉൾപ്പെടെയുള്ള ഡസൻ കണക്കിന് കമ്പനികൾ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രയേൽ സർക്കാരും സൈന്യവും ആയി ബന്ധമുള്ള സ്ഥാപനങ്ങൾ ബഹിഷ്കരിക്കണമെന്ന് ഉപഭോക്താക്കൾ ആഹ്വാനം ചെയ്യുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സ്റ്റാർബക്സ്, എച്ച്പി, മക്‌ഡൊണാൾസ് തുടങ്ങിയ നിരവധി ആഗോള ബ്രാൻഡുകളുടെ വിൽപ്പന ഇടിഞ്ഞത്.

ഗാസ ആക്രമണം ആരംഭിച്ചത് മുതൽ ബംഗ്ലാദേശിൽ കൊക്കകോളയുടെ വിൽപ്പനയിൽ 23 ശതമാനം കുറവുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനാൽ തന്നെ സമീപ മാസങ്ങളിൽ, കമ്പനി രാജ്യത്ത് അതിൻ്റെ പരസ്യ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. മുഴുവൻ പേജ് പത്ര പരസ്യങ്ങൾ മുതൽ വാർത്താ വെബ്‌സൈറ്റുകളിലെ പ്രമുഖ പ്ലെയ്‌സ്‌മെൻ്റുകൾ വരെ കമ്പനി പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. വിൽപ്പന വർധിപ്പിക്കാനുള്ള ഏറ്റവും പുതിയ ശ്രമത്തിന്റെ ഭാഗമായുള്ള പരസ്യമാണ് നിലവിൽ വിമർശനത്തിന് കാരണമായത്.

കൊക്കകോള ഒരു ഇസ്രായേലി ഉൽപ്പന്നമാണെന്നത് തെറ്റായ വിവരങ്ങൾ ആണെന്ന ഉള്ളടക്കത്തോടെയാണ് ഞായറാഴ്ച ടെലിവിഷനിലും സോഷ്യൽ മീഡിയയിലും പരസ്യം പുറത്തിറക്കിയത്. ബംഗ്ലാ ഭാഷയിൽ ഉള്ള പരസ്യത്തിൽ കോള ഇസ്രയേലിൽ നിന്നുള്ള ഉല്പന്നമാണെന്നും അത് കുടിക്കില്ലെന്നും ഒരു യുവാവ് സൂചിപ്പിക്കുമ്പോൾ അല്ലെന്നാണ് കടയുടമയായ മറ്റൊരാൾ പറയുന്നത്. ഇസ്രയേലിനെ പരസ്യത്തിൽ നേരിട്ട് പരാമർശിക്കുന്നില്ല. കോള ഇസ്രയേലിൽ നിന്നുള്ളതാണെന്ന വിവരം തെറ്റായതാണെന്നും പറയുന്നു.

“സുഹൃത്തുക്കളേ, കോക്ക് 'ആ സ്ഥലത്ത്' (ഇസ്രയേൽ) നിന്നുള്ളതല്ല. കഴിഞ്ഞ 138 വർഷമായി 190 രാജ്യങ്ങളിലെ ആളുകൾ കോക്ക് കുടിക്കുന്നു. തുർക്കി, സ്പെയിൻ, ദുബായ് എന്നിവിടങ്ങളിൽ അവർ ഇത് കുടിക്കുന്നു. പലസ്തീനിൽ പോലും ഒരു കോക്ക് ഫാക്ടറിയുണ്ട്," പരസ്യത്തിൽ പറയുന്നു. ആദ്യം കുടിക്കില്ലെന്ന് സൂചിപ്പിച്ച യുവാവ് അവസാനം കോള വാങ്ങി കുടിക്കുന്നതായും പരസ്യത്തിൽ കാണിക്കുന്നു.

വാസ്തവത്തിൽ, കൊക്കകോള ഫാക്ടറി സ്ഥിതിചെയ്യുന്നത് അധിനിവേശ വെസ്റ്റ് ബാങ്കിലെ അറ്ററോട്ടിലാണ്. അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്ന ഇസ്രായേലി സെറ്റിൽമെൻ്റാണ് ഇത്. അതിനാൽ വിഡിയോയിൽ തെറ്റായ വിവരമാണ് നൽകിയിരിക്കുന്നതെന്ന് നിരവധി ബംഗ്ലാദേശികൾ ആരോപിക്കുന്നു. പലസ്തീനിൽ പോലും ഒരു കോക്ക് ഫാക്ടറി ഉണ്ട് എന്ന് പറഞ്ഞതും ഏറെ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. കമ്പനി മറ്റുള്ളവരുടെ വികാരങ്ങളെ വിലക്കെടുക്കുന്നില്ലെന്നും ഇസ്രയേൽ പ്രവർത്തനങ്ങളിൽ ദീർഘകാലമായി ഭൂമി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ദശലക്ഷക്കണക്കിന് പലസ്തീനികളെ അപമാനിക്കുന്നതാണെന്നും വിമർശനം ഉണ്ട്.

പ്രതിഷേധങ്ങൾ വർധിച്ചതോടെ കൊക്കകോള ചൊവ്വാഴ്ച അതിൻ്റെ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിൽ നിന്ന് യാതൊരു വിശദീകരണവുമില്ലാതെ പരസ്യം നീക്കം ചെയ്തിരുന്നു. എന്നാൽ അഞ്ച് മണിക്കൂറിന് ശേഷം പരസ്യം വീണ്ടും തിരികെ വന്നു. എന്നാൽ കമന്റ് സെഷനുകൾ ഓഫ് ആക്കിയാണ് പരസ്യം തിരികെ എത്തിച്ചത്. ടിവിയിൽ ഇപ്പോഴും പരസ്യം ഉണ്ട്. വിഷയത്തിൽ കോക്കോ കോള ഇതുവരെ പ്രതികരിച്ചിട്ടില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ