രാജ്യത്തെ പിടിച്ചുകുലുക്കിയ വിദ്യാർഥി പ്രക്ഷോഭത്തിനും ഷെയ്ഖ് ഹസീനയുടെ രാജിക്കും പിന്നാലെ ബംഗ്ലാദേശിൽ പാർലമെന്റ് പിരിച്ചുവിട്ടു. നിലവിലെ പാർലമെന്റ് പിരിച്ചുവിടാൻ വിദ്യാർഥി നേതാക്കൾ സമയപരിധി പ്രഖ്യാപിക്കുകയും പാലിക്കാത്ത പക്ഷം കർശനമായ പരിപാടികളിലേക്ക് നീങ്ങുമെന്നും അറിയിച്ചിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് തീരുമാനം.
ബംഗ്ലാദേശിലെ അക്രമസംഭവങ്ങളിലുണ്ടായ മരണസംഖ്യ 440 ആയി ഉയർന്നു. ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷം 100 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ അക്രമബാധിത മേഖലകളിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് സൈന്യം. അതേസമയം, ബംഗ്ലാദേശിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി നടന്ന അക്രമ സംഭവങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് ബ്രിട്ടീഷ് സർക്കാർ ആവശ്യപ്പെട്ടു.
വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യയിലേക്ക് നാടുവിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഉടനൊന്നും യുകെയിലേക്ക് യാത്ര തിരിക്കില്ല. അഭയം നൽകാനുള്ള അപേക്ഷയിൽ ഇതുവരെ തീരുമാനമായിട്ടില്ല എന്നതാണ് യാത്ര വൈകുന്നതിന് കാരണം. തിങ്കളാഴ്ച വൈകുന്നേരമാണ് ഡൽഹിക്ക് സമീപമുള്ള ഹിൻഡൺ എയർബേസിൽ ഹസീന വന്നിറങ്ങിയത്. സഹോദരി ഷെയ്ഖ് രഹനയ്ക്ക് ബ്രിട്ടീഷ് പൗരത്വമുള്ളതിനാൽ ഹസീന യുകെയിൽ അഭയം തേടാൻ സാധ്യതയുണ്ടെന്നാണ് വിവരം.
വിവാദമായ ക്വാട്ട സംവിധാനത്തിനെതിരെ സമാധാനപരമായി തുടങ്ങിയ വിദ്യാർഥി പ്രക്ഷോഭങ്ങൾ പതിയെ അക്രമാസക്തമാകുകയായിരുന്നു. തുടർന്ന് സുപ്രീംകോടതി ക്വാട്ട സംവിധാനം റദ്ദ് ചെയ്‌തെങ്കിലും ഷെയ്ഖ് ഹസീന രാജി വെയ്ക്കണമെന്ന ആവശ്യം ഉയർന്നു. ഹസീനയുടെ വർധിച്ചുവരുന്ന സ്വേച്ഛാധിപത്യ ഭരണത്തിലും അനിയന്ത്രിതമായ അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവയിലുമുള്ള അസംതൃപ്തി കൂടി ആയതോടെ രാജ്യവ്യാപക സംഘർഷങ്ങൾക്ക് വഴി വെയ്ക്കുകയായിരുന്നു. ഇതേ തുടർന്നാണ് 15 വർഷം നീണ്ട ഭരണത്തിനൊടുവിൽ ഷെയ്ഖ് ഹസീന തിങ്കളാഴ്ച രാജി പ്രഖ്യാപിച്ചത്.
പ്രക്ഷോഭകർ ബംഗ്ലാദേശ് മുൻ പ്രസിഡന്റും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ പ്രതിമയുൾപ്പെടെ തകർത്തിട്ടുണ്ട്. ഹസീനയുടെ ഔദ്യോഗികവസതിയിൽ അതിക്രമിച്ചു കയറിയവർ ഓഫീസിനുള്ളിലെ സാമഗ്രികൾ നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ പ്രതിഷേധങ്ങളുടെ ബംഗ്ലാദേശ്-ബംഗാളി ടിവി സ്റ്റേഷൻ ചാനൽ 24 തത്സമയം സംപ്രേക്ഷണം ചെയ്യുന്ന ദൃശ്യങ്ങൾ റോയിട്ടേഴ്സ് വാർത്താ ഏജൻസി പുറത്തുവിട്ടു.