WORLD

പ്രധാന പ്രതിപക്ഷത്തിന്റെ ബഹിഷ്കരണവും പണിമുടക്കും; ബംഗ്ലാദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്

വെബ് ഡെസ്ക്

പ്രധാന പ്രതിപക്ഷ പാർട്ടിയുടെ ബഹിഷ്കരണത്തിനും പണിമുടക്കിനുമിടയിൽ ബംഗ്ലാദേശ് വോട്ടിങ് ബൂത്തിലേക്ക്. 12-ാമത് പൊതുതിരഞ്ഞെടുപ്പിലേക്ക് രാജ്യം കടക്കുമ്പോൾ, തുടർച്ചയായുള്ള നാലാം വിജയമാണ് നിലവിലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അവാമി ലീഗും ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പിലെ സുതാര്യതക്കുറവും ക്രമക്കേടുകളും ചൂണ്ടിക്കാട്ടുന്ന പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണിലിസ്റ്റ് പാർട്ടി, ശനിയാഴ്ച പുലർച്ചെ ആറ് മണി മുതൽ 48 നീളുന്ന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.

350 അംഗ പാർലമെന്റിലെ 300 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം പാർലമെന്റിലെ ബലാബലം അടിസ്ഥാനമാക്കിയാണ് വനിതാ സംവരണമുള്ള ബാക്കി 50 സീറ്റുകളിലേക്ക് ജനപ്രതിനിധികളെ നിശ്ചയിക്കുക

2008 മുതൽ ഷെയ്ഖ് ഹസീനയുടെ പാർട്ടിയാണ് ബംഗ്ലാദേശ് ഭരിക്കുന്നത്. 2014ലും 2018ലും നടന്ന തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി പ്രതിപക്ഷവും അമേരിക്ക, യൂറോപ്യൻ യൂണിയൻ പോലുള്ളവരും ചൂണ്ടിക്കാട്ടിയിരുന്നു. ബംഗ്ലാദേശിൽ ജനാധിപത്യത്തിന് അപചയം സംഭവിക്കുന്നുവെന്ന വിമർശനങ്ങൾ പാശ്ചാത്യ ശക്തികൾ ഉന്നയിക്കുന്നിടയിലാണ് നിലവിലെ തിരഞ്ഞെടുപ്പും നടക്കുന്നത്. ബി എൻ പി നേതാവും ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയുമായിരുന്ന ഖാലിദ സിയ അഴിമതി ആരോപണങ്ങളുടെ പേരിൽ നിലവിൽ വീട്ടുതടങ്കലിലാണ്.

ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് കാണിക്കാനുള്ള ശ്രമങ്ങൾ ഒരുഭാഗത്ത് അവാമി ലീഗ് നടത്തുന്നുണ്ടെങ്കിലും എതിർസ്ഥാനാർത്ഥികളെല്ലാം ഭരണകക്ഷിയുടെ പാവകളാണെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമർശനം

ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് കാണിക്കാനുള്ള ശ്രമങ്ങൾ ഒരുഭാഗത്ത് അവാമി ലീഗ് നടത്തുന്നുണ്ടെങ്കിലും എതിർസ്ഥാനാർത്ഥികളെല്ലാം ഭരണകക്ഷിയുടെ പാവകളാണെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമർശനം. അതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങളും ബി എൻ പി നടത്തിയിരുന്നു. അതേസമയം, വോട്ടെടുപ്പിന് മുന്നോടിയായി പലവിധ അക്രമസംഭവങ്ങളും ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. പോളിങ് കേന്ദ്രങ്ങളായി നിശ്ചയിച്ചിരുന്ന നാല് സ്‌കൂളുകൾ ഉൾപ്പെടെ അഞ്ചിടങ്ങളിൽ തീയവയ്‌പ്പുണ്ടായിരുന്നു. കൂടാതെ വെള്ളിയാഴ്ച ജെസ്സോർ-ധാക്ക ബെനാപോൾ എക്‌സ്പ്രസിന്റെ നാല് കോച്ചുകൾക്ക് തീപിടിച്ച് നാല് പേർ കൊല്ലപ്പെട്ടതും വോട്ടെടുപ്പുമായി ബന്ധപ്പെട്ടാണ് നടന്നതെന്ന സംശയം ശക്തമാണ്.

350 അംഗ പാർലമെന്റിലെ 300 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം പാർലമെന്റിലെ ബലാബലം അടിസ്ഥാനമാക്കിയാണ് വനിതാ സംവരണമുള്ള ബാക്കി 50 സീറ്റുകളിലേക്ക് ജനപ്രതിനിധികളെ നിശ്ചയിക്കുക. ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് വോട്ടിങ് ആരംഭിക്കുക. വൈകിട്ട് നാലുമണിക്ക് വോട്ടിങ് പൂർത്തിയായാൽ ഉടനെ വോട്ടെണ്ണലും ആരംഭിക്കും. തിങ്കളാഴ്ച പുലർച്ചെയോടെ ജനവിധി അറിയാൻ സാധിക്കുമെന്നാണ് കരുതുന്നത്.

ഇന്ത്യയിൽനിന്നുള്ള മൂന്നുപേർ ഉൾപ്പെടെ നൂറിലധികം പേരടങ്ങുന്ന വിദേശസംഘം വോട്ടെടുപ്പ് നിരീക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അവരുടെ ആഭ്യന്തര കാര്യമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ വിശ്വസനീയവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് അമേരിക്ക ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്