ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയെ തുടർന്നുണ്ടായ സംഘർഷത്തെ തുടർന്ന് പ്രക്ഷോഭകാരികൾ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ഫാസ്റ്റ് ബൗളറുമായ മഷ്റഫെ മൊർത്താസയുടെ വീട് തീവെച്ചു നശിപ്പിച്ചു. ബംഗ്ലാദേശിലെ ഖുൽന ജില്ലയിലെ നരൈൽ-2 മണ്ഡലത്തിലാണ് വീട് സ്ഥിതി ചെയ്തിരുന്നത്. ബംഗ്ലാദേശ് മാധ്യമങ്ങൾ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ഒരു കൂട്ടം അക്രമികൾ വീട് ഭാഗികമായി തകർത്തതിന് ശേഷം തീ വെച്ച് നശിപ്പിക്കുകയായിരുന്നു.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്ക് ശേഷം രാജ്യം വൻ പ്രക്ഷുബ്ധതയ്ക്കാണ് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. തെരുവുകളിൽ കടുത്ത പ്രക്ഷോഭങ്ങൾ ഉണ്ടായതിനെ തുടർന്ന് ഷെയ്ഖ് ഹസീനയുടെ സ്വത്തുവകകൾക്ക് നേരെയും ഭരണകക്ഷിയായ ആവാമി ലീഗിന്റെ നിരവധി നേതാക്കളുടെ വീടിനു നേരെയും പ്രക്ഷോഭകാരികൾ ആക്രമണങ്ങൾ നടത്തിയിരുന്നു. ആവാമി ലീഗിന്റെ നരൈൽ-2 മണ്ഡലത്തിൽ നിന്നുമുള്ള എംപിയാണ് മൊർടാസ.
ബംഗ്ലാദേശ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് മൊർത്താസ. ഏകദിന ക്രിക്കറ്റിൽ നയിച്ച 88 മതസരങ്ങളിൽ 50ലും ടീമിന് വിജയം നേടിക്കൊടുത്ത മൊർടാസയുടെ റെക്കോർഡ് ഇന്ന് വരെയും ബംഗ്ലാദേശ് ക്രിക്കറ്റിൽ തിരുത്തപ്പെട്ടിട്ടില്ല. കളിയുടെ മൂന്നു ഫോർമാറ്റുകളിലുമായി 389 വിക്കറ്റുകൾ നേടിയ ഈ പേസ് ബൗളർ നിലവിൽ രാജ്യം കണ്ട ഏറ്റവും മികച്ച ബൗളർമാരിൽ രണ്ടാമനാണ്. ഷാകിബ് അൽ-ഹസനാണ് ഒന്നാം സ്ഥാനത്തുള്ളത്. കൂടാതെ ലോവർ ഓർഡർ ബാറ്ററായ ഇദ്ദേഹം രാജ്യത്തിന് വേണ്ടി ഏകദേശം 2955 റൺസ് നേടിയിട്ടുമുണ്ട്.
2019ലാണ് മൊർത്താസ നരൈൽ-2 മണ്ഡലത്തിൽ നിന്നും ബംഗ്ലാദേശ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2024ലെ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം ഇതേ മണ്ഡലത്തിൽ നിന്ന് തന്നെ വീണ്ടും വിജയിച്ചിരുന്നു. ഭരണകക്ഷിയോടുള്ള എതിർപ്പാകാം ഇദ്ദേഹത്തിന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.
സമാധാനപരമായി തുടങ്ങിയ വിദ്യാർഥി പ്രക്ഷോഭങ്ങൾ ഹസീനയുടെ വർധിച്ചുവരുന്ന സ്വേച്ഛാധിപത്യ ഭരണത്തിലും അനിയന്ത്രിതമായ അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവയിലുമുള്ള അസംതൃപ്തി കൂടി ആയതോടെ രാജ്യവ്യാപക സംഘർഷങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതേ തുടർന്നാണ് 15 വർഷം നീണ്ട ഭരണത്തിനൊടുവിൽ ഷെയ്ഖ് ഹസീന തിങ്കളാഴ്ച രാജി പ്രഖ്യാപിച്ചത്.