WORLD

അദാനി ഗ്രൂപ്പുള്‍പ്പെടെയുള്ള ഇന്ത്യൻ കമ്പനികള്‍ക്ക് കുരുക്കിടാൻ ബംഗ്ലാദേശ്?; വൈദ്യുതി കരാറുകള്‍ ഇടക്കാല സർക്കാർ പരിശോധിക്കും

2017 നവംബറിലാണ് അദാനി പവർ (ഝാർഖണ്ഡ്) ലിമിറ്റഡ് ബംഗ്ലാദേശ് പവർ ഡെവലപ്മെന്റ് ബോർഡുമായി 25 വർഷത്തെ വൈദ്യുതി കരാറിലേർപ്പെട്ടത്

വെബ് ഡെസ്ക്

അദാനി ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള വൻകിട ഇന്ത്യൻ കമ്പനികളുമായുള്ള കരാറുകള്‍ പരിശോധിക്കാൻ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. 2017ല്‍ ബംഗ്ലാദേശ് സർക്കാരും അദാനി ഗ്രൂപ്പും തമ്മില്‍ വൈദ്യുതി കരാറിലേർപ്പെട്ടിരുന്നു. അദാനി ഗ്രൂപ്പിന്റെ ഝാർഖണ്ഡിലെ യൂണിറ്റില്‍ നിന്നാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. കരാറിലെ വ്യവസ്ഥകളും നല്‍കുന്ന പണവും സംബന്ധിച്ച് വിശദമായ പരിശോധനകള്‍ ഇടക്കാല സർക്കാർ നടത്തും.

"അദാനി ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള ഇന്ത്യൻ കമ്പനികളുമായുള്ള കരാറുകള്‍ സൂക്ഷ്മമായി പരിശോധിക്കും. എന്ത് തരത്തിലുള്ള കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്, നിബന്ധനകളും വ്യവസ്ഥതകളും എന്തെല്ലാമാണ് തുടങ്ങിയവയാണ് പരിശോധിക്കുക. രാജ്യത്തിന്റെ നിയമം പിന്തുടരാത്തെ വിദേശ കമ്പനികളെ ഒരിടത്തും ഉള്‍ക്കൊള്ളില്ല," ഇടക്കാല സർക്കാരിന്റെ ഭാഗമായിട്ടുള്ള ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

"കൃത്യമായ അന്വേഷണങ്ങള്‍ നടത്തും. ഇത് ഇന്ത്യൻ കമ്പനികളെ ലക്ഷ്യമിട്ടുള്ള നീക്കമല്ല. അവരെന്താണ് ഇവിടെ ചെയ്യുന്നതെന്നാണ് പരിശോധിക്കുന്നത്. ബംഗ്ലാദേശ് എത്ര പണം നല്‍കുന്നു, ന്യായമായ തുകയാണോ നല്‍കുന്നത് എന്നീ ചോദ്യങ്ങള്‍ ഉയരും," ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

2017 നവംബറിലാണ് അദാനി പവർ (ഝാർഖണ്ഡ) ലിമിറ്റഡ് ബംഗ്ലാദേശ് പവർ ഡെവലപ്മെന്റ് ബോർഡുമായി 25 വർഷത്തെ വൈദ്യുതി കരാറിലേർപ്പെട്ടത്. 1,496 മെഗാവാട്ടിന്റേതായിരുന്നു വൈദ്യുതി കരാർ. ഗോഡ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 100 ശതമാനവും ബംഗ്ലാദേശ് വാങ്ങുമെന്നാണ് കരാർ. നൂറുശതമാനവും കല്‍ക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന യൂണിറ്റ് പ്രത്യേക എക്കണോമിക്ക് സോണായി കേന്ദ്ര സർക്കാർ 2019ല്‍ പ്രഖ്യാപിച്ചിരുന്നു.

2023 ഏപ്രില്‍-ജൂണ്‍ മാസങ്ങളിലാണ് ഗോഡ പ്ലാന്റ് പൂർണമായും വാണിജ്യപരമായി പ്രവർത്തനക്ഷമമായത്. ബംഗ്ലാദേശിന്റെ അടിസ്ഥാന ലോഡിന്റെ ഏഴ് മുതല്‍ 10% വരെയാണ് വിതരണം ചെയ്യുന്നത്. 2023-24 വർഷത്തില്‍ 7,508 യൂണിറ്റ് വൈദ്യുതിയാണ് കയറ്റുമതി ചെയ്തത്. ബംഗ്ലാദേശിലേക്ക് ഇന്ത്യ വിതരണം ചെയ്യുന്ന ആകെ വൈദ്യുതിയുടെ 63% വരും ഇത്.11,934 ദശലക്ഷം യൂണിറ്റാണ് ഇന്ത്യ ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്യുന്നത്.

ബംഗ്ലാദേശ് സർക്കാർ തങ്ങളുടെ കരാർ പരിശോധിക്കുന്നതായി വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് അദാനി പവർ വക്താവ് അറിയിക്കുന്നത്. ബംഗ്ലാദേശ് ഭീമമായ കുടിശിക നല്‍കാനുണ്ടായിട്ടും വൈദ്യുതി വിതരണം തുടരുമെന്നും വക്താവ് കൂട്ടിച്ചേർത്തു.

ബംഗ്ലാദേശ് പവർ ഡെവലപ്മെന്റ് റിപ്പോർട്ടിന്റെ വാർഷിക റിപ്പോർട്ടില്‍ ഇന്ത്യൻ കമ്പനികളില്‍ നിന്ന് സ്വീകരിക്കുന്ന വൈദ്യുതിയ്ക്ക് ഒരു യൂണിറ്റിന് 8.77 ബംഗ്ലാദേശി ടാക്കായണ് (6.14 രൂപ) നല്‍കുന്നത്. ചില കമ്പനികളുമായുള്ള കരാറില്‍ ഇതില്‍ വ്യത്യാസമുണ്ട്. അദാനിക്ക് ഒരു യൂണിറ്റിന് 14.02 ബംഗ്ലാദേശി ടാക്കയാണ് (9.82 രൂപ) നല്‍കുന്നത്. മറ്റ കമ്പനികള്‍ക്കെല്ലാം ഇത് പത്തില്‍ താഴെയാണ്.

"ഇന്ത്യയുമായുള്ള സുസ്ഥിരമായ ബന്ധം തുടരാനാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നത്, നിഷ്പക്ഷമായി. എന്നാല്‍ ഷെയ്‌ഖ് ഹസീനയ്ക്ക് അഭയം നല്‍കുന്നത് ഒരു പ്രശ്നമാണ്. ആദ്യം ഷെയ്‌ഖ് ഹസീന അവിടെ കഴിയുന്നുവെന്നാണ് പറഞ്ഞത്. ഇപ്പോള്‍ ബംഗ്ലാദേശിനെതിരെ പ്രവർത്തിക്കാൻ ഇന്ത്യ അവസരം കൊടുക്കുകയാണ്," ഉദ്യോഗസ്ഥൻ പറഞ്ഞു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍