WORLD

ബംഗ്ലാദേശില്‍ അനിശ്ചിതത്വം തുടരുന്നു; സാന്നിധ്യമറിയിക്കാനാകാതെ കാവല്‍ സർക്കാർ, ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങളും

പ്രധാനമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും പുറമെ രാജ്യത്തിന്റെ സെൻട്രല്‍ ബാങ്കിന്റെ തലവനും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്

വെബ് ഡെസ്ക്

വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഷൈഖ് ഹസീനയും സുപ്രീകോടതി ചീഫ് ജസ്റ്റിസ് ഒബൈദുള്‍ ഹസനും രാജിവേക്കണ്ടി വന്ന ബംഗ്ലാദേശില്‍ അനിശ്ചിതത്വം തുടരുന്നു. താല്‍ക്കാലിക സർക്കാർ അധികാരത്തിലുണ്ടെങ്കിലും സർക്കാർ ഓഫീസുകളുടേയും സംവിധാനങ്ങളുടേയും പ്രവർത്തനം സാധാരണനിലയിലേക്ക് എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍.

നൊബേല്‍ ജേതാവായ മുഹമ്മദ് യൂനുസ് നേതൃത്വം കൊടുക്കുന്ന സർക്കാരിന് പ്രക്ഷോപത്തില്‍ തകർന്ന രാജ്യത്ത് സാന്നിധ്യമറിയിക്കാൻ പോലുമായിട്ടില്ല. ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരായ ആക്രമണങ്ങളും തുടരുന്നതായും ആരോപണങ്ങളുണ്ട്.

സൈന്യത്തിന്റെ പിന്തുണയോടെ അധികാരത്തിലേറിയ യൂനുസ് എന്നലെ രംഗ്‌പൂർ സന്ദർശിച്ചിരുന്നു. സമാധാനത്തിന് ആഹ്വാനം ചെയ്ത യൂനുസ് പോലീസ് വെടിവെപ്പില്‍ മരിച്ച വിദ്യാർഥിയുടെ അമ്മയെ നേരില്‍ക്കണ്ട് ആശ്വസിപ്പിക്കുകയും ചെയ്തു. ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ മതപരമായ ഐക്യത്തിന് മുൻഗണന നല്‍കേണ്ടതുണ്ടെന്നും യൂനുസ് പറഞ്ഞു.

പ്രധാനമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും പുറമെ രാജ്യത്തിന്റെ സെൻട്രല്‍ ബാങ്കിന്റെ തലവനും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. ഇന്നലെയാണ് ബംഗ്ലാദേശ് ബാങ്ക് ഗവർണർ അബ്ദുർ റൂഫ് രാജിവെച്ചത്. നൂറിലധികം ബാങ്ക് ഉദ്യോഗസ്ഥർ അബ്ദുർ റൂഫിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചതിന് പിന്നാലെയായിരുന്നു രാജി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് റൂഫ് രാജിവെച്ചതെന്നാണ് ദ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് ഒബൈദുള്‍ ഹസന് പകരം സെയ്‌ദ് റഫാത്ത് അഹമ്മദാണ് പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റിരിക്കുന്നത്. രാജ്യത്തിന്റെ 25-ാം ചീഫ് ജസ്റ്റിസായി പ്രസിഡന്റ് മുഹമ്മദ് ഷഹാബുദീനാണ് റഫാത്തിനെ നിയമിച്ചത്.

രാജ്യത്തിന്റെ മാർക്കെറ്റ് റെഗുലേറ്ററും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. ബംഗ്ലാദേശ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷൻ ചെയർമാൻ പ്രൊഫസർ ഷിബില്‍ റുബായത്ത് ഉല്‍ ഇസ്‌ലാമും ഓഫീസിലെത്തുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍. ആരോഗ്യകാരണങ്ങളാണ് അവധിക്ക് പിന്നിലെന്നാണ് സൂചന.

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍, പ്രത്യേകിച്ചും ഹിന്ദുക്കള്‍ക്കെതിരായവ ആശങ്ക ഉയർത്തുന്നുണ്ട്. ഇന്നലെ ചിറ്റഗോങ് നഗരത്തില്‍ വലിയ റാലി നടന്നിരുന്നു. പതിനായിരക്കണക്കിന് ഹിന്ദുക്കളാണ് റാലിയുടെ ഭാഗമായത്. സുരക്ഷയും തുല്യതയും ആവശ്യപ്പെട്ടായിരുന്നു റാലി. ഗോപാല്‍ഗഞ്ജില്‍ നടന്ന ആക്രമണത്തില്‍ അഞ്ച് സൈനിക ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടുണ്ട്, സൈനിക വാഹനം കത്തിക്കുകയും ചെയ്തു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി