WORLD

ബംഗ്ലാദേശ്: പ്രധാനമന്ത്രിയുടെ വസതി കയ്യേറി പ്രക്ഷോഭകര്‍, മുജീബുര്‍ റഹ്‌മാന്റെ പ്രതിമ തകര്‍ത്തു, ഇടക്കാല സര്‍ക്കാരുണ്ടാക്കുമെന്ന് സൈന്യം

നാല് ലക്ഷത്തോളം വരുന്ന ജനങ്ങളാണ് നിലവില്‍ തെരുവുകളിലുള്ളത് എന്നാണ് വിവരം

വെബ് ഡെസ്ക്

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവച്ച് ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിട്ടതിന് പിന്നാലെ ധാക്കയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു. പ്രക്ഷോഭകര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അതിക്രമിച്ചു കയറിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ധാക്കയിലെ തെരുവുകളില്‍ ബംഗ്ലാദേശ് പതാകയേന്തിയ പ്രക്ഷോഭകര്‍ കയ്യടക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് ലക്ഷത്തോളം വരുന്ന ജനങ്ങളാണ് നിലവില്‍ തെരുവുകളിലുള്ളത് എന്നാണ് വിവരം.

പ്രക്ഷോഭകര്‍ ബംഗ്ലാദേശ് മുന്‍ പ്രസിഡന്റും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ പ്രതിമയുള്‍പ്പെടെ തകര്‍ത്തിട്ടുണ്ട്. ഹസീനയുടെ ഔദ്യോഗികവസതിയില്‍ അതിക്രമിച്ചു കയറിയവര്‍ ഓഫീസിനുള്ളിലെ സാമഗ്രികള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ പ്രതിഷേധങ്ങളുടെ ബംഗ്ലാദേശ്-ബംഗാളി ടിവി സ്റ്റേഷന്‍ ചാനല്‍ 24 തത്സമയം സംപ്രേക്ഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

അതേസമയം, ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സൈനിക മേധാവി വക്കര്‍ ഉസ് സമാന്‍ പ്രഖ്യാപിച്ചു. രാജ്യത്തെ സ്ഥിതിഗതികള്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനെ ബോധ്യപ്പെടുത്തും. ഇന്നുതന്നെ രാജ്യം നേരിടുന്ന പ്രതിസന്ധിയില്‍ ഒരു പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സൈനിക മേധാവി പത്രക്കുറിപ്പില്‍ പറഞ്ഞു. എല്ലാ ബംഗ്ലാദേശികള്‍ക്കും നീതി ലഭിക്കുമെന്ന് വ്യക്തമാക്കുന്ന സൈനിക മേധാവി ഇടക്കാല സര്‍ക്കാരിനെ ആര് നയിക്കുമെന്ന് സൂചനകള്‍ നല്‍കിയിട്ടില്ല.

ബംഗ്ലാദേശിലെ ക്വാട്ട സംവരണവിരുദ്ധ സമരത്തില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ തുടക്കം. ഞായറാഴ്ചത്തെ മാത്രം അക്രമങ്ങളില്‍ 14 പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 98 പേരാണ് കൊല്ലപ്പെട്ടത്. പ്രക്ഷോഭകര്‍ക്കെതിരേ ഭരണകക്ഷിയായ അവാമിലീഗ് പ്രവര്‍ത്തകര്‍ രംഗത്തുവന്നത് സംഘര്‍ഷം രൂക്ഷമാക്കുകയായിരുന്നു.

1971ലെ ബംഗ്ലാദേശ് സ്വാന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ നേരത്തെ നല്‍കിയിരുന്ന 30 ശതമാനം സംവരണം ബംഗ്ലാദേശ് സുപ്രീംകോടതി വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവന്നതാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങളുടെ തുടക്കം. 2018-ല്‍ ഈ സംവരണത്തിനെതിരെ ബംഗ്ലാദേശില്‍ ശക്തമായ സമരം നടക്കുകയും സര്‍ക്കാര്‍ പ്രക്ഷോഭകര്‍ക്കു മുന്നില്‍ വഴങ്ങുകയും ചെയ്തതായിരുന്നു. അന്ന് സര്‍ക്കാര്‍ പിന്‍വലിച്ച സംവരണം ജൂണ്‍ മാസം സുപ്രീംകോടതി വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവരികയായിരുന്നു. അതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യക്ഷസമരത്തിലേക്ക് കടന്നു.

സമരത്തെത്തുടര്‍ന്ന് നേരത്തെ മിക്കസര്‍ക്കാര്‍ ജോലികളില്‍ നിന്നും ക്വാട്ട പിന്‍വലിച്ചു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോടതിയുടെ നീക്കം താല്‍ക്കാലികമായി പ്രതിഷേധത്തെ തണുപ്പിച്ചെങ്കിലും ഇന്നലെ വീണ്ടും പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു. പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ നിസഹകരണ പരിപാടിയിലാണ് വീണ്ടും സംഘര്‍ഷം ആരംഭിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ