WORLD

ബംഗ്ലാദേശ് കലാപം: മരണം നൂറ് കടന്നു; ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ നിര്‍ത്തിവെച്ചു, മൂന്ന് ദിവസം പൊതുഅവധി, ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം

രൂക്ഷമായ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തിലും മൊബൈല്‍ ഇന്റര്‍നെറ്റിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തിലും രാജ്യവ്യാപകമായി അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്

വെബ് ഡെസ്ക്

ബംഗ്ലാദേശിലെ ക്വാട്ട സംവരണവിരുദ്ധ സമരത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമാകുന്നു. പ്രതിഷേധക്കാരും ഭരണകക്ഷി അനുഭാവികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇന്നലെ നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടുള്ള നിസ്സഹകരണ പരിപാടിയില്‍ പങ്കെടുത്ത പ്രതിഷേധക്കാര്‍ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് ഭരണകക്ഷിയായ അവാമി ലീഗും അവരുടെ വിദ്യാര്‍ഥി സംഘടനയായ ഛത്ര ലീഗും പോഷക സംഘടനയായ ജൂബോ ലീഗും ഉള്‍പ്പെടെ ഇടിച്ച് കയറുകയും സംഘര്‍ഷം ആരംഭിക്കുകയുമായിരുന്നു.

രൂക്ഷമായ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തിലും മൊബൈല്‍ ഇന്റര്‍നെറ്റിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തിലും രാജ്യവ്യാപകമായി അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പൊതു അവധിയും പ്രഖ്യാപിച്ചു. കോടതികള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. ഇന്നലെതന്നെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ഓഫായിരുന്നു. ഫേസ്ബുക്കും വാട്ട്സ്ആപ്പ് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റില്‍ പോലും ആക്സസ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. അക്രമത്തില്‍ 14 പോലീസുകാര്‍ ഉള്‍പ്പെടെ 91 പേര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക പത്രമായ പ്രോതോം അലോയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബംഗ്ലാദേശിലെ അക്രമാസക്തമായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യ പൗരന്മാരോട് അഭ്യര്‍ഥിച്ചു. ബംഗ്ലാദേശിലെ ഇന്ത്യന്‍ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാനും ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി സമ്പര്‍ക്കം പുലര്‍ത്താനും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. +8801958383679 +8801958383680 +8801937400591 എന്നീ എമര്‍ജന്‍സി ഫോണ്‍ നമ്പറുകളും പുറത്തിറക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ അടിയന്തര സാഹചര്യങ്ങളില്‍ +88-01313076402 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ക്വാട്ട പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ തടവിലാക്കപ്പെട്ട വിദ്യാര്‍ത്ഥികളെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസം ധാക്കയില്‍ പ്രൊഫഷണല്‍ കോര്‍ഡിനേഷന്‍ കൗണ്‍സില്‍ നേതാക്കളുമായി നടത്തിയ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. അക്രമം കത്തിപ്പടരുമ്പോള്‍, പ്രതിഷേധത്തിന്റെ പേരില്‍ അട്ടിമറിയും നശീകരണവും നടത്തുന്നവര്‍ ഇനി വിദ്യാര്‍ഥികളല്ല, ക്രിമിനലുകളാണെന്നും ജനങ്ങള്‍ അവരെ ഇരുമ്പ് കൈകൊണ്ട് നേരിടണമെന്നുമാണ് ഹസീന പറഞ്ഞത്. പ്രതിഷേധക്കാരെ തീവ്രവാദികളെന്നാണ് ഹസീന വിശേഷിപ്പിച്ചത്. അതേസമയം പ്രധാനമന്ത്രിയെയും ഹസീനയെയും അവാമി ലീഗ് പാര്‍ട്ടിയെയും സര്‍ക്കാരില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാരും രംഗത്തെത്തി.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് ബംഗ്ലാദേശില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു. 'അക്രമം' അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത വോള്‍ക്കര്‍ ബംഗ്ലാദേശിലെ രാഷ്ട്രീയക്കാരോടും സുരക്ഷാ സേനയോടും സംയമനം പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തിങ്കളാഴ്ച ആസൂത്രണം ചെയ്ത ഒരു ബഹുജന മാര്‍ച്ചില്‍ വോള്‍ക്കര്‍ ആശങ്ക പ്രകടിപ്പിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 'പ്രതിഷേധത്തില്‍ സമാധാനപരമായി പങ്കെടുക്കുന്നവരെ ലക്ഷ്യം വയ്ക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണം, ഏകപക്ഷീയമായി തടങ്കലില്‍ വച്ചിരിക്കുന്നവരെ ഉടന്‍ മോചിപ്പിക്കണം, പൂര്‍ണമായ ഇന്റര്‍നെറ്റ് ആക്‌സസ് പുനഃസ്ഥാപിക്കണം, കൂടാതെ അര്‍ഥവത്തായ സംഭാഷണത്തിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കണമെന്നും' വോള്‍ക്കര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

1971ലെ ബംഗ്ലാദേശ് സ്വാതന്ത്യ്ര സമരത്തിന്റെ ഭാഗമായിരുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ നേരത്തെ നല്‍കിയിരുന്ന 30 ശതമാനം സംവരണം ബംഗ്ലാദേശ് സുപ്രീംകോടതി വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവന്നതാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങളുടെ തുടക്കം. 2018-ല്‍ ഈ സംവരണത്തിനെതിരെ ബംഗ്ലാദേശില്‍ ശക്തമായ സമരം നടക്കുകയും സര്‍ക്കാര്‍ പ്രക്ഷോഭകര്‍ക്കു മുന്നില്‍ വഴങ്ങുകയും ചെയ്തതായിരുന്നു. അന്ന് സര്‍ക്കാര്‍ പിന്‍വലിച്ച സംവരണം ജൂണ്‍ മാസം സുപ്രീംകോടതി വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവരികയായിരുന്നു. അതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യക്ഷസമരത്തിലേക്ക് കടന്നു.

സമരത്തെത്തുടര്‍ന്ന് നേരത്തെ മിക്കസര്‍ക്കാര്‍ ജോലികളില്‍ നിന്നും ക്വാട്ട പിന്‍വലിച്ചു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോടതിയുടെ നീക്കം താല്‍ക്കാലികമായി പ്രതിഷേധത്തെ തണുപ്പിച്ചെങ്കിലും ഇന്നലെ വീണ്ടും പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു. പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ നിസഹകരണ പരിപാടിയിലാണ് വീണ്ടും സംഘര്‍ഷം ആരംഭിച്ചത്.

'മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പും മാടമ്പള്ളിയിലെ ചിത്തരോഗിയും'; ഐ എ എസ് ഉദ്യോഗസ്ഥന്മാർക്കെതിരെ സർക്കാർ നടപടിയിലേക്ക്

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി; ഫാസ്റ്റ് ട്രാക്ക് വിസ സേവനം റദ്ദാക്കി കാനഡ

നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

അലിഗഡ് സര്‍വകാലാശാല ന്യൂനപക്ഷപദവി; സുപ്രീം കോടതി വിധിയില്‍ ഒളിഞ്ഞിരിക്കുന്നത് അപകടമോ?

'മാടമ്പള്ളിയിലെ ചിത്തരോഗി എ ജയതിലക്': ഐഎഎസ് തലപ്പത്ത് തമ്മിലടി, പരസ്യപോരുമായി എൻ പ്രശാന്ത് IAS