ഗാസയിലെ സൈനിക നടപടിയുടെ മേല്‍നോട്ടം വഹിച്ചിരുന്ന വാർ ക്യാബിനറ്റ് പിരിച്ചുവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വാർ ക്യാബിനറ്റ് പിരിച്ചുവിടുന്ന കാര്യം നെതന്യാഹു മന്ത്രിമാരെ അറിയിച്ചു. ഇസ്രയേലി നേതാവ് ബെന്നി ഗാന്റ്സും അദ്ദേഹത്തിന്റെ പാർട്ടിയും കഴിഞ്ഞ വർഷം അടിയന്തര സഖ്യത്തിൽ ചേർന്നതിനെ തുടർന്നുള്ള കരാറിന്റെ ഭാഗമായാണ് വാർ ക്യാബിനറ്റ് രൂപീകരിച്ചിരുന്നത്. ഗാന്റ്സ് രാജിവെച്ച പശ്ചാത്തലത്തിലാണ് വാർ ക്യാബിനറ്റ് ആവശ്യമില്ലെന്ന കാര്യം നെതന്യാഹു വ്യക്തമാക്കിയത്.
വാർ ക്യാബിനറ്റിലെ അംഗം കൂടിയായ ഗാന്റ്സ്, ക്യാബിനറ്റിലെ മൂന്ന് നിരീക്ഷകരില്‍ ഒരാളായ ഗാഡി എയിന്‍സ്കോട്ടിനൊപ്പം കഴിഞ്ഞ ദിവസമാണ് സഖ്യം വിട്ടത്. ഗാസയിലെ സാഹചര്യം വിലയിരുത്താൻ നെതന്യാഹു പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, തന്ത്രപ്രധാനകാര്യ മന്ത്രി റോണ്‍ ഡെർമർ എന്നിവരുമായി ചർച്ച നടത്തും.
വാർ ക്യാബിനറ്റ് ഗാസ സംഘർഷത്തില്‍ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. സുരക്ഷ ക്യാബിനെറ്റിനായിരിക്കും തീരുമാനമെടുക്കാനുള്ള അധികാരം. എന്നാല്‍ ഇത് രാഷ്ട്രീയപരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നും പറയുന്നു.
സഖ്യത്തില്‍ ഭാഗമായിട്ടുള്ള തീവ്രവലതുപക്ഷ സംഖ്യകക്ഷികളെ ഒതുക്കാനുള്ള നെതന്യാഹുവിന്റെ നീക്കമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്. ഗാന്റ്സിന്റെ പടിയിറക്കത്തിന് പിന്നാലെ വാർ ക്യാബിനറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ദേശീയ സുരക്ഷ മന്ത്രിയായ ഇറ്റാമർ ബെൻ ഗ്വിർ ഉയർത്തിയിരുന്നു. പല സുപ്രധാന തീരുമാനങ്ങളില്‍ നിന്നും തന്നെ മാറ്റി നിർത്തുന്നുവെന്ന ആക്ഷേപവും ഇറ്റാമർ ഉയർത്തിയിരുന്നു.
നെതന്യാഹു തീരുമാനങ്ങളെടുക്കുന്നത് തന്റെ ഉപദേശകരുമായി ചർച്ച ചെയ്തതിന് ശേഷമാണെന്ന് ഹീബ്രു മാധ്യമങ്ങളില്‍ വന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. നെതന്യാഹുവും മുതിർന്ന ഇസ്രയേല്‍ ഡിഫൻസ് ഫോഴ്‌സ് കമാൻഡർമാരും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായതിന് പിന്നാലെയാണ് വാർ ക്യാബിനറ്റ് പിരിച്ചുവിട്ടിരിക്കുന്നത്.
ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിനായി എടുത്ത പല തീരുമാനങ്ങളും സൈന്യത്തിന് സ്വീകാര്യമായിരുന്നില്ല. നമുക്ക് സൈന്യമുള്ള രാജ്യമാണുള്ളത്, അല്ലാതെ രാജ്യമുള്ള സൈന്യമല്ല, നെതന്യാഹും ഞായറാഴ്ച യോഗത്തില്‍ പറഞ്ഞു.