നെതന്യാഹു 
WORLD

ഹമാസിനെതിരായ ആക്രമണത്തിന്റെ തീവ്രഘട്ടം അവസാനിച്ചു; ഇനി ലക്ഷ്യം ഹിസ്ബുള്ളയെന്ന് നെതന്യാഹു

ഇറാന്‌റെ പിന്തുണയോടെ ഹിസ്ബുള്ള നടത്തുന്ന ആക്രമണങ്ങളെ തടയുകയും പ്രദേശത്ത് സുരക്ഷ ഉറപ്പാക്കി പലായനം ചെയ്തവരെ തിരിച്ചെത്തിക്കുകയാണ്‌ ഇസ്രയേലിന്‌റെ ലക്ഷ്യം

വെബ് ഡെസ്ക്

ഹമാസിനെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗാസയ്ക്ക് മേല്‍ നടത്തുന്ന ആക്രമണത്തില്‍ തീവ്രഘട്ടം അവസാനിച്ചെന്ന സൂചന നല്‍കി ഇസ്രയേല്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാധ്യങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിര്‍ണായക സൂചനകള്‍ നല്‍കുന്നത്. സൈനിക വിന്യാസത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തുമെന്നാണ് നെതന്യാഹുവിന്റെ പ്രതിക രണം. എന്നാല്‍, ഗാസയില്‍ തീവ്ര പോരാട്ടം അവസാനിച്ചാല്‍ ഹിസ്ബുള്ളയ്‌ക്കെതിരെ നടപടി ശക്തമാക്കുമെന്നും ഇസ്രയേലിന്റെ ചാനല്‍ 14-ന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു വ്യക്തമാക്കി. ലെബനന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്ന സൂചനയും നെതന്യാഹു വ്യക്തമാക്കുന്നു.

ഇറാന്‌റെ പിന്തുണയോടെ ഹിസ്ബുള്ള നടത്തുന്ന ആക്രമണങ്ങളെ തടയുകയും പ്രദേശത്ത് സുരക്ഷ ഉറപ്പാക്കി പലായനം ചെയ്തവരെ തിരിച്ചെത്തിക്കുകയാണ്‌ ഇസ്രയേലിന്‌റെ ലക്ഷ്യം. ''ഞങ്ങളുടെ സേനകളില്‍ ചിലത് വടക്കോട്ടു മാറ്റാന്‍ സാധ്യതയുണ്ട്. ഞങ്ങള്‍ അത് ചെയ്യും. പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ആവശ്യമെങ്കില്‍ മറ്റ് വഴിതേടും. അത് ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്, ആക്രമണം ഭയന്ന് ലബനന്‍ അതിര്‍ത്തിയില്‍ നിന്നും പലായനം ചെയ്തവരെ തിരിച്ചെത്തിക്കും,'' നെതന്യാഹു പറഞ്ഞു. എന്നാല്‍ വീണ്ടും സംഘടിക്കുന്നതില്‍നിന്ന് ഹമാസിനെ തടയാന്‍ ലക്ഷ്യമിട്ടുള്ള ടാര്‍ഗെറ്റഡ് സ്‌ട്രൈക്കുകള്‍ തുടരേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''ഗാസ മുനമ്പില്‍ ഹമാസ് തടവിലാക്കിയ 120ഓളം ബന്ദികളെ പരാമര്‍ശിച്ചുകൊണ്ട് ഭാഗികമായ ഒരു കരാര്‍ ഉണ്ടാക്കാന്‍ തയ്യാറാണ്. എന്നാല്‍ ഹമാസിനെ ഉന്‍മൂലനം ചെയ്യുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി ഒരിടവേളയ്ക്കുശേഷം യുദ്ധം തുടരാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അത് ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല,'' നെതന്യാഹു പറയുന്നു. ഗാസ മുനമ്പില്‍നിന്ന് ഹമാസിനെ പൂര്‍ണമായി നീക്കംചെയ്യുകയെന്ന ലക്ഷ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്നും പലസ്തീനില്‍ തടവിലാക്കപ്പെട്ട നൂറോളം ബന്ദികളെ മോചിപ്പിക്കുന്ന തരത്തിലുള്ള കരാറിന് മാത്രമേ ഇസ്രയേല്‍ സമ്മതം അറിയിക്കുകയുള്ളുവെന്നും നെതന്യാഹു പറഞ്ഞു.

ഒരു കരാര്‍ ഉണ്ടെങ്കില്‍ ഉറപ്പായും അത് ഞങ്ങളുടെ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും. അതിനര്‍ഥം യുദ്ധം അവസാനിപ്പിക്കുമെന്നോ ഗാസയില്‍നിന്ന് ഞങ്ങള്‍ പിന്‍മാറുമെന്നോ ഹമാസിനുള്ള സ്വാധീനം അവിടെ അവശേഷിപ്പിക്കുമെന്നോ അല്ല, ബന്ദികളാക്കപ്പെട്ടവരുടെ കാര്യത്തില്‍ തീര്‍ച്ചയായും തീരുമാനം ഉണ്ടാകണം, പക്ഷേ ഹമാസിനെ ഉന്‍മൂലനം ചെയ്യുക എന്ന ലക്ഷ്യം പൂര്‍ത്തിയാകുന്നതുവരെ പോരാട്ടം തുടരാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ് എന്നും നെതന്യാഹു പറഞ്ഞു. അതേസമയം യുഎസ് പ്രസിഡന്‌റ് ജോ ബൈഡന്‍ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം നെതന്യാഹു നിരസിച്ച നിലപാട് സ്ഥിരീകരിച്ച് ഹമാസ് പിന്നീട് പ്രസ്താവന ഇറക്കി.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി