സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍സ് അവാര്‍ഡില്‍ ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി ഖത്തര്‍. ഏഴാം തവണയാണ് ഖത്തറിനെത്തേടി ഈ പുരസ്കാരമെത്തുന്നത്. സിംഗപ്പൂര്‍ എയര്‍ലൈന്‍ ലിമിറ്റഡ്, എമറൈറ്റ്‌സ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ടാറ്റയുടെ ഉടമസ്ഥതയിലുളള ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താര പട്ടികയില്‍ 20-ാം സ്ഥാനത്താണ്. ഏഷ്യ- പസഫിക് മേഖലയിലെ മികച്ച കമ്പനികളായി ജപ്പാന്റെ നിപ്പോണ്‍ എയര്‍വേയ്‌സും, ഓസ്‌ട്രേലിയയുടെ ക്വാണ്‍ട്‌സ് എയര്‍വേയ്‌സ് ലിമിറ്റഡും ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ ഇടം പിടിച്ചു.
കോവിഡ് കാലത്തും നല്‍കിയ മികച്ച സേവനമാണ് ഖത്തര്‍ എയര്‍വെയ്‌സിനെ ഒന്നാമതെത്തിച്ചത്.
എയര്‍ലൈന്‍സിന്റെ വിവിധ വിഭാഗങ്ങള്‍ക്കും അവാര്‍ഡ് നല്‍കിയിട്ടുണ്ട്. മികച്ച ഫസ്റ്റ് ക്ലാസ് കാബിനുളള അവാര്‍ഡ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിനാണ്. മികച്ച ബിസിനസ് ക്ലാസ് കാബിനുളള അവാര്‍ഡ് ഖത്തര്‍ എയര്‍വെയ്‌സിനാണ്. പ്രീമിയം ഇക്കണോമിയില്‍ വെര്‍ജിന്‍ അറ്റ്‌ലാന്‍ഡാണ് ഒന്നാമത്. ഇക്കണോമി കാബിനില്‍ മികച്ചത് എമറൈറ്റ്‌സാണ്. മറ്റ് വിഭാഗങ്ങളില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് കാരിയര്‍ ചെലവ് കുറഞ്ഞ ദീര്‍ഘദൂര എയര്‍ലൈന്‍സായി. മികച്ച കാബിന്‍ സ്റ്റാഫിനെയും തിരഞ്ഞെടുത്തു. ക്യാബിന്റെ വൃത്തിയില്‍ നിപ്പോണ്‍ എയര്‍വെയ്‌സാണ് മികച്ചത്.
കോവിഡിനിടയിലും മികച്ച സേവനം നല്‍കിയ ഖത്തര്‍ എയര്‍വെയ്‌സ് നിലവില്‍ നടത്തുന്ന 30 സ്ഥലങ്ങളിലേക്കുള്ള സർവീസില്‍ നിന്ന് പിന്നോട്ടുപോയിട്ടില്ലെന്ന് സ്‌കൈട്രാക്‌സ് സിഇഒ എഡ്‌വാര്‍ഡ് പ്ലേയ്സ്റ്റഡ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ മുതല്‍ ഈ ഓഗസ്റ്റ് വരെ ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്‌പെയിന്‍, റഷ്യ, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നടത്തിയ ഓണ്‍ലൈന്‍ കസ്റ്റമര്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.