കാത്തിരിപ്പിന് വിരാമം. യാത്രികരുടെ ഇഷ്ടഭൂമികയായ ഭൂട്ടാൻ വിനോദ സഞ്ചാരികളെ വരവേൽക്കാനായി അതിര്‍ത്തി തുറന്നു. കോവിഡിനെത്തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് സഞ്ചാരികള്‍ക്കു വിലക്കേര്‍പ്പെടുത്തിയ ഭൂട്ടാന്‍ നീണ്ട രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അന്താരാഷ്ട്ര യാത്രികർക്കായി വെള്ളിയാഴ്ച പ്രവേശന കവാടം തുറന്നു നൽകിയത്. അധികൃതർ മുൻകൂട്ടി അറിയിച്ചിരുന്ന പോലെ സുസ്ഥിര വികസന ഫീസ് എന്ന പേരിൽ ഈടാക്കിയിരുന്ന ടൂറിസം ലെവിയും വർധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി വിദേശ വിനോദസഞ്ചാരികളിൽ നിന്ന് ഭൂട്ടാൻ സുസ്ഥിര വികസന ഫീസ് പിരിക്കുന്നുണ്ട്. ഒരാൾക്ക് ഒരു രാത്രി രാജ്യത്ത് ചിലവഴിക്കണമെങ്കിൽ 5200 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്. അത് 16000 രൂപയായാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. ഇതുവരെ ഇന്ത്യയിൽ നിന്നുള്ളവർക്ക് ലെവി നൽകേണ്ട ആവശ്യമില്ലായിരുന്നു. പക്ഷെ പുതിയ നിയമ പ്രകാരം ഇന്ത്യക്കാരും ഇനി മുതൽ 1200 രൂപ നൽകണം.
ഭൂട്ടാന്റെ പ്രധാന വരുമാന സ്രോതസുകളിൽ ഒന്നാണ് ടൂറിസം. ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 2020 മാർച്ചിലാണ് ഭൂട്ടാൻ അതിർത്തികൾ അടച്ചത്. ഈ തീരുമാനം കോവിഡ് വ്യാപനത്തെ തടയാൻ സഹായിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യ വർധനവും രാജ്യത്തെ പിടിച്ചുലച്ചു.
ടൂറിസം വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം ഉറപ്പാക്കുകയും ഊർജ്ജസ്വലവും വിവേചനരഹിതവുമായ ടൂറിസം ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് ഭൂട്ടാന്റെ കോൺസൽ ജനറൽ ജിഗ്മെ തിൻലി നംഗ്യാൽ പറഞ്ഞു.
പരിസ്ഥിതി ലോലമേഖലകളും ബുദ്ധസന്യാസിമാരുടെ വിഹാര കേന്ദ്രങ്ങളും നിരവധി ബുദ്ധ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്ന ഭൂട്ടാനില്‍ ടൂറിസ്റ്റുകള്‍ കൂടുതലായി ഇടിച്ചുകയറാന്‍ തുടങ്ങിയാല്‍ അത് പ്രതികൂലമായി ബാധിക്കും. ഇതിനാലാണ് ലെവി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. വരുമാനത്തിനുമപ്പുറത്ത് യാത്രക്കാരുടെ എണ്ണം കുറച്ച് പരിസ്ഥിതിയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ വിനോദസഞ്ചാരമേഖലയെ മുന്നോട്ട് കൊണ്ടുപോകാനാണ് ഭൂട്ടാന്‍ ലക്ഷ്യമിടുന്നത്.