WORLD

'ഹമാസിനും പുടിനും അയൽസമൂഹങ്ങളെ ഇല്ലായ്മ ചെയ്യണമെന്ന ചിന്ത'; ഇസ്രയേലിനെയും യുക്രെയ്നെയും താരതമ്യം ചെയ്ത് ബൈഡൻ

വെബ് ഡെസ്ക്

ഹമാസ് ആക്രമണത്തെയും യുക്രെയ്‌നിൽ റഷ്യ നടത്തുന്ന അധിനിവേശങ്ങളെയും താരതമ്യം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ രണ്ടാമത് ഓവൽ ഓഫീസ് പ്രസംഗം. ലോകത്തിനു വെളിച്ചമായി നിൽക്കാനുള്ള അമേരിക്കക്കാരുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറരുതെന്നും ബൈഡൻ ഓർമിപ്പിച്ചു.

ഇസ്രയേലിനും യുക്രെയ്‌നും പിന്തുണ നൽകാൻ അമേരിക്കൻ കോൺഗ്രസിനോട് ആവശ്യപ്പെടുമെന്നും അത് രാജ്യത്ത് നിലനിൽക്കുന്ന ഇസ്ലാമിക വിരുദ്ധതയ്ക്കും സെമിറ്റിക് വിരുദ്ധതയ്ക്കുമുള്ള താക്കീതാകണമെന്നും ബൈഡൻ പറഞ്ഞു. അടുത്ത വർഷം പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ബൈഡന്റെ 15 മിനുട്ട് നീണ്ടുനിന്ന പ്രസംഗം വോട്ടർമാർക്കും റിപ്പബ്ലിക്കൻ വിഭാഗക്കാർക്കും അമേരിക്ക ആർക്കൊപ്പമാണെന്ന വ്യക്തത നൽകാൻ കൂടിയുള്ളതാണ്. ഗാസയിലേക്ക് ഇസ്രായേൽ കടന്നുകയറുന്നതായുള്ള വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ബൈഡൻ നടത്തിയ ഈ താരതമ്യം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

"ഹമാസും പുട്ടിനും മുന്നോട്ടുവയ്ക്കുന്നത് വ്യത്യസ്ത തരം വെല്ലുവിളികളാണ്. പക്ഷേ അവർ ഒരുപോലെ പങ്കുവയ്ക്കുന്ന കാര്യം, അയൽസമൂഹങ്ങളെ ഇല്ലായ്മ ചെയ്യണം എന്ന ചിന്തയാണ്," റെസല്യൂട്ട് ഡെസ്‌കിലിരുന്ന് ബൈഡൻ പറഞ്ഞു. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1400 പേർക്ക് ജീവൻ നഷ്ടപ്പെട്ടശേഷം, നിരവധി തിരിച്ചടികൾക്കും ഒടുവിൽ ഗാസയിലെ ഹോസ്പിറ്റൽ ആക്രമത്തിനും ശേഷമാണ് ബൈഡൻ ഇത് പറയുന്നത്.

ഇസ്രായേൽ സാന്ദ്രാശനത്തിന്റെ ഭാഗമായി ഈജിപ്ത് വഴി ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള ശ്രമം ബൈഡന്റെ ഭാഗത്തിനുണ്ടായി. ഇസ്രയേലിനോട് യുദ്ധത്തിന്റെ നിയമങ്ങൾ പാലിക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 12 ദിവസങ്ങളായി നടക്കുന്ന ബോംബാക്രമണങ്ങളിൽ മൂവ്വായിരത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.

ഹമാസിനെ തള്ളിപ്പറയാനാണ് ബൈഡൻ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഏറ്റവും കൂടുതൽ സമയം മാറ്റിവച്ചത്. വളരെയധികം ദുഖത്തോടെ ഇസ്രായേലി ജനതയോടൊപ്പം നിൽക്കാൻ തയ്യാറാകുന്ന ബൈഡൻ പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിനെ വിളിച്ച് ദ്വിരാഷ്ട്രവാദത്തിനൊപ്പം തന്നെയാണ് യു എസ് എന്ന് ആവർത്തിച്ചു. സന്ദർശനത്തിന്റെ ഭാഗമായി ബൈഡൻ പങ്കെടുക്കുമെന്നറിയിച്ചിരുന്ന ജോർദാനിലെ ഉച്ചകോടി ഗാസ ആശുപത്രി ആക്രമണത്തെ തുടർന്ന് വേണ്ടെന്നുവച്ചിരുന്നു. വാർത്ത ഹൃദയഭേദകമാണെന്ന് പറഞ്ഞ ബൈഡൻ, ആ ആക്രമണങ്ങൾ ഇസ്രായേൽ അല്ല മറ്റേതോ സംഘമാണ് ചെയ്തതെന്നും പറഞ്ഞിരുന്നു.

യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയുമായി സംസാരിച്ച ബൈഡൻ യുക്രെയ്‌നിലെയും ഇസ്രയേലിലെയും പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് അമേരിക്കയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന നിർണ്ണായകമായ കാര്യമാണെന്ന് പറഞ്ഞു. തീവ്രവാദികൾ അവരുടെ പ്രവർത്തികൾക്കും, ഏകാധിപതികൾ അവരുടെ വെറുപ്പിനും വിലനൽകേണ്ടി വന്നില്ലെങ്കിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാകും, കൂടുതൽപേർ മരണപ്പെടും. അത് അമേരിക്കയ്ക്കും ലോകത്തിനും വെല്ലുവിളികൾ ഉയർത്തുമെന്നും ബൈഡൻ പറഞ്ഞു.

ഒരേ സമയം യുക്രെയ്‌നെയും ഇസ്രയേലിനെയും താരതമ്യം ചെയ്യാൻ ബൈഡൻ തയ്യാറാകുന്നതിന് കാരണം അമേരിക്കൻ കോൺഗ്രസിന്റെ ശ്രദ്ധ രണ്ട് വിഷയങ്ങളിൽ നിന്നും മാറിപ്പോകാതിരിക്കാനാണെന്നാണ് വിലയിരുത്തൽ. യുക്രെയ്ൻ, ഗാസ വിഷയങ്ങളി നിന്ന് ശ്രദ്ധ മാറിയാൽ തങ്ങൾ ഉയർത്തിപ്പിടിക്കുന്ന അമേരിക്കൻ ആശയങ്ങളും അമേരിക്കൻ ഭരണകൂടം തരുന്ന സുരക്ഷിതത്വവും ഇല്ലാതാകുമെന്ന് ബൈഡൻ ഓർമിപ്പിക്കുന്നു.

യുക്രെയ്നെയും ഇസ്രയേലിനെയും പിന്തുണയ്ക്കാൻ അമേരിക്കൻ കോൺഗ്രസിൽനിന്ന് ബൈഡൻ ഫണ്ട് ആവശ്യപ്പെട്ടിരുന്നു. അത് തലമുറകൾക്കപ്പുറം അമേരിക്കയുടെ സുരക്ഷിതത്വത്തിലേക്കുള്ള നിക്ഷേപമാണെന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്. 100 ബില്യൺ ഡോളറാണ് അടിയന്തരമായി ബൈഡൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടത്. അതിൽ 60 ബില്യൺ ഡോളർ യുക്രെയ്നും 10 ബില്യൺ ഇസ്രയേലിനുമാണ്.

എന്നാൽ ബൈഡന്റെ ഇസ്രായേൽ അനുകൂല നിലപാടുകൾക്ക് സ്വന്തം പാർട്ടിയിൽനിന്ന് തന്നെ ശക്തമായ എതിർപ്പ് ഉയർന്നിട്ടുണ്ട്. ഗാസയിൽ ലക്ഷക്കണക്കിന്ന് മനുഷ്യർക്ക് മനുഷ്യാവകാശം ലംഘിക്കപ്പെടുന്ന സമയത്ത് അമേരിക്കൻ മൂല്യങ്ങൾ മറന്നുകൊണ്ടുള്ള പ്രതികരണമാണ് ബൈഡൻ നടത്തുന്നതെന്ന വിമർശനം അമേരിക്കയിൽനിന്ന് തന്നെ ഉയരുന്നുവെന്നതാണ് വസ്തുത. അമേരിക്കയിൽ തന്നെ ഉയരുന്ന ഇസ്ലാമിക വിരുദ്ധതയ്‌ക്കെതിരെ, ബൈഡൻ 9/11 ശേഷം രാജ്യത്തുണ്ടായ ഇസ്ലാമിക വിരുദ്ധതയെ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഓർമിപ്പിക്കുന്നുണ്ട്.

പ്രവർത്തനം താളംതെറ്റിയ അമേരിക്കൻ കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരണമെന്ന ഉദ്ദേശത്തിൽ നടത്തിയ ബൈഡന്റെ പ്രസംഗം പൊതുവിൽ സ്വീകരിക്കപ്പെട്ടെങ്കിലും വലിയ മനുഷ്യാവകാശ പ്രശ്നങ്ങൾ നിലനിൽക്കുന്ന ഗാസയിൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്നതും യുക്രെയ്‌നുമായി താരതമ്യം ചെയ്യുന്നതുമായ ബൈഡന്റെ നിലപാടിനെതിരെ ശക്തമായ വിമർശനങ്ങളുയരുന്നുണ്ട്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം