അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറില്ലെന്ന് ജോ ബൈഡൻ. കഴിഞ്ഞയാഴ്ച നടന്ന പ്രസിഡൻഷ്യൽ സംവാദത്തിൽ ദുർബലനാവുകയും തെറ്റുവരുത്തുകയും ചെയ്തെങ്കിലും തിരഞ്ഞെടുപ്പിൽ തുടരുമെന്നും ബൈഡൻ വ്യക്തമാക്കി. ഒരു റേഡിയോ ഷോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ബൈഡനു പകരം മുൻ പ്രസിഡന്റ് ഒബാമയുടെ പങ്കാളി മിഷേൽ ഒബാമ എത്തുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
വിസ്കോൺസിൻ, പെൻസിൽവാനിയ എന്നിവിടങ്ങളിലെ പ്രാദേശിക റേഡിയോ സ്റ്റേഷനുകളുമായി നടത്തിയ അഭിമുഖത്തിലാണ് തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറില്ലെന്ന് ബൈഡൻ വ്യക്തമാക്കിയത്. വൈറ്റ് ഹൗസിലെ തന്റെ പ്രവർത്തനങ്ങൾ പരിശോധിച്ച് തന്നെ വിലയിരുത്തണമെന്നും അദ്ദേഹം വോട്ടർമാരോട് അഭ്യർഥിച്ചു. എന്നാൽ വിവിധ സർവേകൾ പ്രകാരം ഏകദേശം ആറ് പോയിൻ്റുകൾക്ക് ട്രംപിനെക്കാൾ പിന്നിലാണ് നിലവിൽ ബൈഡൻ.
“എനിക്ക് ഒരു മോശം രാത്രി ഉണ്ടായിരുന്നു,” മിൽവാക്കി റേഡിയോ അവതാരകൻ ഏൾ ഇൻഗ്രാമിനോട് ബൈഡൻ പറഞ്ഞു. “ഞാൻ ദുർബലനായി എന്നതാണ് വസ്തുത. ഞാൻ ഒരു തെറ്റ് ചെയ്തു. അത് സ്റ്റേജിലെ 90 മിനുറ്റാണ് - മൂന്നര വർഷം കൊണ്ട് ഞാൻ എന്താണ് ചെയ്തതെന്ന് നോക്കൂ," പ്രസിഡന്റായിരുന്ന കാലയളവിൽ രാജ്യത്ത് കറുത്തവർഗക്കാരുടെ പ്രാതിനിധ്യം വർധിപ്പിച്ചെന്ന് ബൈഡൻ ഇൻഗ്രാമിലെ പ്രേക്ഷകരോട് പറഞ്ഞു.
“ഞാൻ എൻ്റെ വൈസ് പ്രസിഡൻ്റായി ഒരു കറുത്ത വർഗക്കാരിയായ സ്ത്രീയെ തിരഞ്ഞെടുത്തു. സുപ്രീം കോടതി ജഡ്ജിയായി ആദ്യത്തെ കറുത്ത വർഗക്കാരിയെ ഞാൻ നിയമിച്ചു,” ബൈഡൻ പറഞ്ഞു. "അമേരിക്കൻ ചരിത്രത്തിലെ മറ്റെല്ലാ പ്രസിഡൻ്റുമാരെക്കാളും ഞാൻ കൂടുതൽ കറുത്ത വർഗക്കാരായ വനിത ജഡ്ജിമാരെയും ജഡ്ജിമാരെയും നിയമിച്ചിട്ടുണ്ട്."
ഒരാഴ്ച മുമ്പ് ഒരു ടിവി ചർച്ചയ്ക്കിടെ കറുത്ത വർഗക്കാരായ തൊഴിലാളികളെക്കുറിച്ച് മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നടത്തിയ അഭിപ്രായങ്ങളെയും ബൈഡൻ രൂക്ഷമായി വിമർശിച്ചു. “അദ്ദേഹം സമൂഹത്തിൽ ഭീകരമായ വേർതിരിവിനാണ് ശ്രമിച്ചത്. കറുത്ത വർഗക്കാരോടും, ന്യൂനപക്ഷ സമുദായങ്ങളോടും അദ്ദേഹത്തിന് ഒരു താൽപ്പര്യവും പരിഗണനയുമില്ല ,” ബൈഡൻ ചൂണ്ടിക്കാട്ടി.
ബൈഡന്റെ ആരോഗ്യത്തെ സംബന്ധിച്ചു ഡെമോക്രാറ്റുകൾക്കും വോട്ടർമാർക്കും ഇടയിൽ ചർച്ചകൾ സജീവമാണ്. നിലവിൽ സംവാദത്തിലെ പരാജയത്തിന് ശേഷവും ഡെമോക്രാറ്റിക് ഗവർണർമാരുടെ പിന്തുണ നിലനിർത്താൻ ബൈഡനായിട്ടുണ്ട്. താൻ ക്ഷീണിതനാണെന്നാണ് ബൈഡൻ ഗവർണർമാരെ അറിയിച്ചത്. ജോലി ഭാരം കുറച്ച് കൂടുതൽ സമയം ഉറങ്ങി ആരോഗ്യം വീണ്ടെടുക്കാനാണ് ഭാവി പരിപാടികളെന്നും ബൈഡൻ അറിയിച്ചിട്ടുണ്ട്. സംവാദത്തിന് ശേഷം ജലദോഷം പിടിപെട്ടിരുന്ന ബൈഡൻ മെഡിക്കൽ ചെക്കപ്പുകൾ നടത്തിയെന്നും അദ്ദേഹം പൂർണമായും ആരോഗ്യവാനാണെന്നും വ്യാഴാഴ്ച വൈറ്റ് ഹൗസ് സിഎൻഎന്നിനോട് പറഞ്ഞിരുന്നു. എന്നാൽ ഫെബ്രുവരി മുതൽ ബൈഡന് ശാരീരിക പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്നാണ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയർ കഴിഞ്ഞ ദിവസം അറിയിച്ചത്.