FG Trade
WORLD

ഇറ്റലിയിൽ ജനന നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ; ജനസംഖ്യയിലും വലിയ ഇടിവെന്ന് റിപ്പോർട്ട്

ജനന നിരക്കിലെ കുറവും താരതമ്യേന മരണ നിരക്കിൽ ഉണ്ടായിട്ടുള്ള വർധനവുമാണ് രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നത്.

വെബ് ഡെസ്ക്

ഇറ്റലിയില്‍ ജനനനിരക്ക് വൻതോതിൽ കുറയുന്നു. 2022ൽ ജനിച്ച കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ജനനത്തേക്കാൾ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇറ്റലിയിലെ ജനസംഖ്യയിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്ക് ബ്യൂറോയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

ജനന നിരക്കിലെ കുറവും താരതമ്യേന മരണ നിരക്കിൽ ഉണ്ടായിട്ടുള്ള വർധനവുമാണ് രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നത്. കോവിഡിന്‌റെ പശ്ചാത്തലത്തില്‍ 2020 ലും 2021 ലും ജനസംഖ്യ വലിയതോതിൽ കുറഞ്ഞിരുന്നു. ഈ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് ജനസംഖ്യയിലുണ്ടായ കുറവില്‍ നേരിയ വ്യത്യാസം ഉണ്ടെങ്കിലും 2022 ലും സ്ഥിതി ഗുരുതരമെന്നാണ് വിലയിരുത്തൽ. ഓരോ ഏഴ് ജനനം നടക്കുമ്പോൾ 12 മരണമാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഒരു വർഷം കൊണ്ട്, 1,79,000 കുറഞ്ഞ് 5.885 കോടിയായി.

2022 ല്‍ 3,92,600 കുട്ടികളാണ് രാജ്യത്ത് ജനിച്ചത്. ‍ 2021 ൽ ഇത് 4,00,249 ആയിരുന്നു. 1861ൽ ഇറ്റലിയുടെ പുനരേകീകരണത്തിന് ശേഷം രാജ്യത്തെ ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് ഇത്. 15നും 49നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് പൊതുവിൽ പ്രത്യുത്പാദന ശേഷിയുള്ള ഗണത്തിൽ കണക്കാക്കുന്നത്. ഈ പ്രായപരിധിയിലുള്ള സ്ത്രീകളുടെ എണ്ണത്തിലുള്ള കുറവും പ്രായമായ സ്ത്രീകളുടെ എണ്ണം കൂടിയതുമാണ് ജനനനിരക്കുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ. സ്ത്രീകളിലെ പ്രത്യുത്പാദന നിരക്ക് 1.25ൽ നിന്ന് 1.24 ആയി കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്ത് നിന്ന് പുറത്തോട്ട് കുടിയേറിയവരേക്കാൾ രാജ്യത്തേക്ക് വന്നവരുടെ എണ്ണത്തിൽ ഉണ്ടായ വർധനവാണ്, ജനസംഖ്യയിലെ ഇടിവ് ഒരു പരിധിവരെ പിടിച്ചു നിർത്തിയത്.

ഇറ്റലിയിലെ ജനസംഖ്യയിലുണ്ടായ വലിയ കുറവ് കുറച്ചത്, രാജ്യത്തേക്ക് എത്തിയ കുടിയേറ്റക്കാരാണ്. രാജ്യത്ത് നിന്ന് പുറത്തോട്ട് കുടിയേറിയവരേക്കാൾ രാജ്യത്തേക്ക് വന്നവരുടെ എണ്ണത്തിൽ ഉണ്ടായ വർധനവാണ്, ജനസംഖ്യയിലെ ഇടിവ് ഒരു പരിധിവരെ പിടിച്ചു നിർത്തിയത്. 2022 ൽ രാജ്യം വിട്ടവരേക്കാൾ 2,29,000 പേർ അധികമായി രാജ്യത്തെത്തിയിരുന്നു. 2021 ല്‍ ഇത് 1,60,000 ആയിരുന്നു. 2022ലെ കണക്കനുസരിച്ച് രാജ്യത്തെ ആകെ ജനസംഖ്യയുടെ 8.6 ശതമാനം കുടിയേറ്റക്കാരാണ്.

2014 മുതല്‍ ഇറ്റലിയിലെ ജനസംഖ്യ ക്രമാനുഗതമായി കുറയുകയാണ്. കഴിഞ്ഞ എട്ട് വർഷം കൊണ്ട്, 13.6 ലക്ഷമാണ് ജനസംഖ്യയിലുണ്ടായ കുറവ്. മിലാൻ നഗരത്തിലെ ആകെ ജനസംഖ്യയുടെ അത്രയും വരും ഇത്. 2050 ആകുമ്പോഴേക്കും 5.42 കോടിയായും 2070 ആകുമ്പോഴേക്ക് 4.77 കോടിയായും ജനസംഖ്യ ചുരുങ്ങുമെന്നാണ് ഐഎസ്ടിഎടിയുടെ വിലയിരുത്തല്‍.

രാജ്യത്തെ നാലില്‍ ഒരാള്‍ക്ക് 65 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. 100 വയസ് പിന്നിട്ടവരുടെ എണ്ണം 20 വര്‍ഷം കൊണ്ട് മൂന്നിരട്ടിയായി 22,000 കവിഞ്ഞു.

ഇറ്റലിയിൽ പ്രായമായവരുടെ എണ്ണത്തിൽ വലിയ വർധനയാണ് റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ നാലില്‍ ഒരാള്‍ 65 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. 100 വയസ് പിന്നിട്ടവരുടെ എണ്ണം 20 വര്‍ഷം കൊണ്ട് മൂന്നിരട്ടിയായി 22,000 കവിഞ്ഞു. രാജ്യത്തെ ശരാശരി ആയുർദൈർഘ്യം 82.6 ആണ്. പുരുഷന്മാരുടെ ആയുർദൈർഘ്യം 80 വയസും ആറ് മാസവുമാണെങ്കിൽ സ്ത്രീകളുടെത് ഏതാണ്ട് 85 വയസാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ