WORLD

'ദീർഘദൂര മിസൈലുകൾ യുക്രെയ്ന് റഷ്യൻ അതിർത്തിക്കുള്ളിൽ ഉപയോഗിക്കാം'; പാശ്ചാത്യ രാജ്യങ്ങൾ നിലപാട് മാറ്റുന്നതായി സൂചന

റഷ്യക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ നൽകിയെന്ന റിപ്പോർട്ടുകളുടെ ചുവടുപിടിച്ചാണ് പാശ്ചാത്യ രാജ്യങ്ങളുടെയും നിലപാട് മാറ്റം

വെബ് ഡെസ്ക്

റഷ്യൻ അതിർത്തികൾക്കുള്ളിൽ പാശ്ചാത്യ രാജ്യങ്ങൾ നൽകുന്ന ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ന് മേലുള്ള വിലക്ക് നീങ്ങുന്നു. കഴിഞ്ഞദിവസം യുക്രെയ്‌ൻ തലസ്ഥാനമായ കീവിൽ, പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി അമേരിക്കയിലെയും യുകെയിലും വിദേശകാര്യ മന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. അമേരിക്കൻ വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കനാണ് മിസൈലുകൾ ഉപയോഗിക്കുന്നതിനുള്ള വിലക്ക് മാറ്റുമെന്ന ശക്തമായ സൂചന സംയുക്ത വാർത്താസമ്മളനത്തിൽ നൽകിയത്.

റഷ്യക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ നൽകിയെന്ന റിപ്പോർട്ടുകളുടെ ചുവടുപിടിച്ചാണ് പാശ്ചാത്യ രാജ്യങ്ങളുടെയും നിലപാട് മാറ്റം. ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് റഷ്യൻ അതിർത്തികൾക്കുള്ളിൽ ആക്രമണം നടത്താൻ അനുവദിക്കണമെന്ന് ആഴ്ചകളായി വൊളോഡിമിർ സെലൻസ്കി പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു.

ബുധനാഴ്ച കീവിൽ നടന്ന വാർത്താസമ്മേളനത്തിൽ, യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി ദീർഘദൂര മിസൈലുകളുടെ ഉപയോഗത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്നും ബ്ലിങ്കൻ പറഞ്ഞു. ഇറാനിൽനിന്ന് ബാലിസ്റ്റിക് മിസൈലുകൾ വാങ്ങുകവഴി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുദ്ധം കടുപ്പിക്കാനുള്ള മുൻകൈയ്യെടുത്തതായും അദ്ദേഹം പറഞ്ഞു.

നിലവിലെ വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ മിസൈലുകളുടെ ഉപയോഗം സംബന്ധിച്ചുള്ള വിലക്കുകൾ നീക്കിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം മാധ്യമങ്ങളോട് വെളുപ്പെടുത്താതെ സൂചനകൾ മാത്രമാണ് നൽകിയിട്ടുള്ളത്. ബ്രിട്ടീഷ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് അനുസരിച്ച്, റഷ്യക്കെതിരെ സ്റ്റോം ഷാഡോ ക്രൂയിസ് മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്നെ അനുവദിക്കാനുള്ള തീരുമാനമായിട്ടുണ്ട്. പക്ഷേ, ഇത് പരസ്യമായി പ്രഖ്യാപിക്കാൻ സാധ്യതയില്ല.

തിങ്കളാഴ്ച ലണ്ടനിലെത്തിയ ആന്റണി ബ്ലിങ്കൻ, ഡേവിഡ് ലാമിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇരുവരും കീവിലെത്തിയത്. യുക്രെയ്‌നുള്ള കരുത്തുറ്റ പിന്തുണ അറിയിക്കാനാണ് തങ്ങളുടെ സന്ദർശനമെന്നും ലാമി മൈക്രോബ്ലോഗിങ് സൈറ്റായ എക്‌സിൽ കുറിച്ചിരുന്നു.

ഇറാൻ മിസൈലുകൾ നൽകുന്നുവെന്ന ആരോപണം ലണ്ടനിൽ വച്ചായിരുന്നു ബ്ലിങ്കൻ ഉന്നയിച്ചത്. ആരോപണത്തെ റഷ്യയും ഇറാനും തള്ളി. അതേസമയം, റഷ്യക്ക് ബാലിസ്റ്റിക് മിസൈലുകൾ നൽകിയെന്ന് ചൂണ്ടിക്കാട്ടി ഇറാനെതിരെ പാശ്ചാത്യ രാജ്യങ്ങൾ വീണ്ടും ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. 'സാമ്പത്തിക തീവ്രവാദം' എന്നാണ് ഇറാൻ, ഈ നടപടികളെ വിശേഷിപ്പിച്ചത്.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്