അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സൈനിക വിമാനത്താവളത്തിന് പുറത്ത് സ്ഫോടനം. ഞായറാഴ്ച ഇന്ത്യൻ സമയം ഒൻപത് മണിയോടെയായിരുന്നു സംഭവം. നിരവധി പേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ നഫി ടാക്കൂർ അറിയിച്ചു. എന്നാൽ കൃത്യമായ വിവരങ്ങള്‍ ഇതുവരെയും ലഭ്യമായിട്ടില്ല. സ്‌ഫോടനത്തിന്റെ കാരണങ്ങളും അവ്യക്തമാണ്.
സ്‌ഫോടനത്തിന് പിന്നിലാരാണെന്നും അവരുടെ ലക്ഷ്യമെന്തായിരുന്നു എന്നതും ഇത് വരെ വ്യക്തമല്ല. സ്ഫോടനത്തെ തുടർന്ന് വിമാനത്താവളത്തിലേക്കുള്ള എല്ലാ റോഡുകളും അടയ്ക്കുകയും പ്രദേശം സുരക്ഷാ സേന സീൽ ചെയ്യുകയും ചെയ്തു.
2021 ഓഗസ്റ്റിൽ അധികാരത്തിൽ തിരിച്ചെത്തിയ താലിബാൻ ഭരണകൂടം, സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയതായി അവകാശപ്പെട്ടിരുന്നു. എന്നാൽ അതിന് ശേഷവും നിരവധി ബോംബ് സ്ഫോടനങ്ങളും ആക്രമണങ്ങളും അഫ്‌ഗാനിൽ അരങ്ങേറിയിരുന്നു. ആ പട്ടികയിലെ ഏറ്റവും പുതിയ സംഭവമാണ് ഞായറാഴ്ച നടന്നത്. ഐഎസ് സായുധ സംഘവുമായി ബന്ധമുള്ള പ്രാദേശിക ഗ്രൂപ്പുകളായിരുന്നു മുൻപ് നടന്ന ആക്രമണങ്ങളുടെ പിന്നിൽ. എന്നാൽ ഇന്ന് നടന്നതിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ മാസം കാബൂളിലെ ഒരു ഹോട്ടലിൽ ഐഎസ്ഐഎൽ സംഘം നടത്തിയ ആക്രമണത്തിൽ അഞ്ച് ചൈനീസ് പൗരന്മാർക്ക് പരുക്കേറ്റിരുന്നു. താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തത്.