അന്തകനായി ക്രിസ്റ്റഫര്‍ പിഞ്ചര്‍
ഫെബ്രുവരിയിലാണ് ഡെപ്യൂട്ടി ചീഫ് വിപ്പായി ക്രിസ്റ്റഫര്‍ പിഞ്ചറെ ബോറിസ് ജോണ്‍സണ്‍ നിയമിക്കുന്നത്. കഴിഞ്ഞയാഴ്ച്ച മദ്യപിച്ച് ശല്യപ്പെടുത്തിയതിന് വിലക്ക് നേരിട്ട പിഞ്ചര്‍ക്കെതിരെ, ലൈംഗിക ആരോപണവും ഉയര്‍ന്നുവന്നു. രണ്ട് പുരുഷന്മാരാണ് ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. ഇത് സമ്മതിച്ച പിഞ്ചറിനെ കഴിഞ്ഞയാഴ്ച പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പിഞ്ചറിനെതിരെ മുന്‍കാലങ്ങളിലും ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്നിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. അതേസമയം, ആരോപണത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നായിരുന്നു ബോറിസിന്‍റെ പ്രതികരണം. എന്നാല്‍, 2019ല്‍ അന്വേഷണം നടത്തിയിരുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സൈമണ്‍ മക്‌ഡൊണാള്‍ഡ് വെളിപ്പെടുത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു. പിന്നാലെ മന്ത്രിമാരുടെ കൂട്ടരാജി ബോറിസിനെ ക്ഷമാപണത്തിന് നിര്‍ബന്ധിതനാക്കിയെങ്കിലും രാജി ഒഴിവാക്കാന്‍ അത് മതിയായില്ല.
പാര്‍ട്ടിഗേറ്റ്
കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അനധികൃതമായി പാര്‍ട്ടി നടത്തിയതാണ് പാര്‍ട്ടി ഗേറ്റ് വിവാദം. ഡൗണിങ് സ്ട്രീറ്റ് ഓഫീസില്‍ നടത്തിയ പിറന്നാള്‍ സല്‍ക്കാരം കര്‍ശന ലോക്ക്ഡൗണ്‍ നിയമ ലംഘനമാണെന്ന് കണ്ടെത്തി. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ബോറിസും ഭാര്യയും പിഴയൊടുക്കേണ്ടി വന്നു. ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകളുടെ തലേന്ന് ജീവനക്കാരെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയതിന് ബോറിസ്, എലിസബത്ത് രാജ്ഞിയോട് ക്ഷമ ചോദിക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു. പാര്‍ട്ടി ഗേറ്റ് വിവാദത്തില്‍, ബോറിസിന്റെ മൊഴി ഇപ്പോഴും കോടതിയുടെ അന്വേഷണത്തിലാണ്.
ലൈംഗികാരോപണങ്ങള്‍
ബോറിസ് മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ക്കാണ് ലൈംഗികാരോപണത്തില്‍ സ്ഥാനം നഷ്ടമായത്. 15 വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ചതിന് ഇമ്രാന്‍ അഹമ്മദ് ഖാനും, പാര്‍ലമെന്റിലിരുന്ന് അശ്ലീല വീഡിയോ കണ്ടതിന് നീല്‍ പാരിഷിനും കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഇവരുടെ ഒഴിവിലേക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വന്‍തിരിച്ചടിയും നേരിട്ടു.
ഓവന്‍ പാറ്റേഴ്‌സണ്‍
കമ്പനികളില്‍ നിന്നും പണം വാങ്ങി അവര്‍ക്ക് വേണ്ടി അനുകൂല നിലപാട് സ്വീകരിച്ചെന്ന ആരോപണം കണ്‍സര്‍വേറ്റീവ് മുന്‍ മന്ത്രി ഓവന്‍ പാറ്റേഴ്സണെതിരെ ഉയര്‍ന്നു. 30 ദിവസത്തേക്ക് സസ്‌പെന്‍ഷന്‍ നേരിട്ട പാറ്റേഴ്‌സണ്‍ പിന്നീട് പ്രതിപക്ഷത്തിന്റെ സമ്മര്‍ദത്തില്‍ രാജിവച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പാറ്റേഴ്‌സണെ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഡൗണിങ് സ്ട്രീറ്റ് മോടിപിടിപ്പിക്കല്‍ അഴിമതി
ഔദ്യോഗിക വസതിയുടെ നവീകരണവും ബോറിസിനെ വിവാദത്തില്‍ ചാടിച്ചു. സെലിബ്രിറ്റി ഡിസൈനറെ ഉപയോഗിച്ചായിരുന്നു മോടിപിടിപ്പിക്കല്‍. സ്വര്‍ണ വാള്‍പേപ്പര്‍ ഉള്‍പ്പെടെ ഉപയോഗിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, നവീകരണത്തിനുശേഷം ഡിസൈനര്‍ക്ക് കൊടുത്ത തുക കൃത്യമായി തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധിപ്പിക്കാതിരുന്നത് തിരിച്ചടിയായി. സംഭവത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് 17,800 പൗണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിഴ ഈടാക്കിയിരുന്നു.