ബ്രസീലില്‍ കലാപകാരികള്‍ക്ക് തിരിച്ചടിയുമായി സൈന്യം. മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോയുടെ അനുയായികളായ തീവ്ര വലതുപക്ഷ പ്രക്ഷോഭകാരികളുടെ ക്യാമ്പ് ബ്രസീലിയന്‍ സൈന്യം തകര്‍ത്തു. സൈനിക ആസ്ഥാനത്തിന് പുറത്തുള്ള ബോള്‍സനാരോ അനുകൂലികളുടെ ക്യാമ്പ് സൈന്യം തകര്‍ക്കുകയും പ്രതിഷേധക്കാരെ പിരിച്ചുവിടുകയും ചെയ്തു ചെയ്തു. റിഫൈനറികളിലേക്കുള്ള പ്രവേശനവും പൊതുറോഡുകളും ഇപ്പോഴും കലാപകാരികള്‍ തടയാന്‍ ശ്രമിക്കുകയാണെന്ന് പ്രസിഡന്റിന്റെ വക്താവ് പൗലോ പിമെന്റ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ പ്രതിഷേധങ്ങള്‍ റിഫൈനറി പ്രവര്‍ത്തനങ്ങളെയും ഇന്ധന വിതരണത്തെയും ബാധിച്ചിട്ടില്ലെന്ന് പൊതുമേഖലാ എണ്ണക്കമ്പനിയായ പെട്രോബ്രാസ് അറിയിച്ചു.
ഞായറാഴ്ച തലസ്ഥാന നഗരിയിലേക്ക് എത്തിയ ബോള്‍സനാരോ അനുയായികള്‍ സുപ്രീംകോടതി, പാര്‍ലമെന്റ്, പ്രസിഡന്റിന്റെ കൊട്ടാരം എന്നിവ ഉള്‍പ്പെടെ ആക്രമിക്കുകയായിരുന്നു. ദേശീയ പതാകയുമായാണ് തീവ്ര വലതുപക്ഷ അനുയായികള്‍ ബ്രസീലിയന്‍ തലസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടത്.
സുരക്ഷാ വീഴ്ച്കള്‍ ആരോപിച്ച് ബ്രസീലിയന്‍ ഗവര്‍ണറെ 90 ദിവസത്തേക്ക് ഓഫീസില്‍ നിന്ന് പുറത്താക്കാന്‍ സുപ്രീം കോടതി ജസ്റ്റിസ് അലക്‌സാണ്ടര്‍ ഡി മൊറേസ് ഉത്തരവിട്ടു. ജനാധിപത്യ വിരുദ്ധ പ്രചാരണം നടത്തുന്ന ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ടിക് ടോക്ക് എന്നിവയോട് ആവശ്യപ്പെടുകയും ചെയ്തു.
ബോള്‍സനാരോ അനുകൂലികളായ ട്രക്ക് ഡ്രൈവര്‍മാര്‍ ബ്രസീലിലെ ഹൈവേകള്‍ ഉപരോധിക്കുകയും രാത്രി കാലങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടത്തിവരികയും ചെയ്തിരുന്നു. ഇതേസമയം മറ്റൊരു പ്രധാന പാതയായ പരാന ഹൈവേയിലെ തടസ്സങ്ങള്‍ നീക്കിയതായി പൊലീസ് അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഫാസിസ്റ്റ് മതഭ്രാന്തന്മാരാണ് അക്രമം അഴിച്ചുവിടുന്നതെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പ്രസിഡന്റ് ലുലാ ഡ സില്‍വ പറഞ്ഞു. ജനുവരി ഒന്നിനാണ് ഇടതുപക്ഷ നേതാവായ ലുലാ ഡാ സില്‍വ അധികാരമേറ്റത്.