സുവല്ല ബ്രവർമാൻ 
WORLD

പലസ്തീൻ അനുകൂല മാർച്ചുകളെയും പോലീസിനെയും വിമർശിച്ചു; ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവർമാനെ പുറത്താക്കി

ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേലി ആക്രമണങ്ങളെച്ചൊല്ലി പലസ്തീനിയൻ അനുകൂല ജനക്കൂട്ടം നടത്തുന്ന നിയമലംഘനങ്ങളെ ലണ്ടനിലെ പോലീസ് സേന അവഗണിക്കുകയാണെന്ന് ബ്രവർമാൻ പറഞ്ഞു

വെബ് ഡെസ്ക്

ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രവർമാനെ പ്രധാനമന്ത്രി ഋഷി സുനക്ക് പുറത്താക്കി. സുവല്ല ബ്രിട്ടനിൽ നടന്ന പലസ്തീൻ അനുകൂല മാർച്ചുകളെയും പോലീസ് സംവിധാനത്തെയും വിമർശിച്ചതിന് പിന്നാലെ ദിവസങ്ങളായി നിലനിൽക്കുന്ന സംഘർഷങ്ങൾക്കൊടുവിലാണ് സുവല്ലയെ പുറത്താക്കിയത്. ഇന്ത്യൻ വംശജയാണ് സുവല്ല. വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവർലി അവരുടെ ചുമതലകൾ ഏറ്റെടുക്കുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് നടന്ന മന്ത്രിസഭാ മാറ്റത്തിന്റെ ഭാഗമായി സുവല്ല സ്ഥാനത്ത് നിന്ന് നീങ്ങി എന്നാണ് ബ്രിസ്റ്റിഷ് സർക്കാർ അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ പോലീസ്‌ സേനയെ രൂക്ഷമായി വിമർശിച്ച് കൊണ്ടാണ് സുവെല്ല ബ്രെവർമാൻ കഴിഞ്ഞ ദിവസം ലേഖനം എഴുതിയത്. ബ്രിട്ടീഷ് ദിനപത്രമായ ദി ടൈംസിൽ ആണ് ലേഖനം പ്രസിദ്ധീകരിച്ചത്. ലണ്ടൻ പോലീസ് പലസ്തീൻ അനുകൂല പക്ഷപാതം കാണിക്കുന്നു എന്നായിരുന്നു ആരോപണം. ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേലി ആക്രമണങ്ങളെച്ചൊല്ലി പലസ്തീനിയൻ അനുകൂല ജനക്കൂട്ടം നടത്തുന്ന നിയമലംഘനങ്ങളെ ലണ്ടനിലെ പോലീസ് സേന അവഗണിക്കുകയാണെന്ന് ബ്രവർമാൻ പറഞ്ഞു. ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രകടനക്കാരെ 'വിദ്വേഷ മാർച്ച്' നടത്തി എന്നാണ് അവർ വിശേഷിപ്പിച്ചത്. "ഈ മാർച്ചുകൾ ഗാസയുടെ സഹായത്തിനായുള്ള ഒരു നിലവിളി മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവ ചില ഗ്രൂപ്പുകളുടെ - പ്രത്യേകിച്ച് ഇസ്‌ലാമിസ്റ്റുകളുടെ - വടക്കൻ അയർലണ്ടിൽ നമ്മൾ കൂടുതൽ കണ്ടുവരുന്ന തരത്തിലുള്ള പ്രാഥമികതക്കായുള്ള അവകാശവാദമാണ്. ” അവർ ലേഖനത്തിൽ എഴുതി. പിന്നാലെയാണ് വിഷയം വിവാദമായത്.

എന്നാൽ ആദ്യം ബ്രിട്ടീഷ് പ്രധാനമന്ത്രി സുവല്ലയെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് സംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ പ്രധാനമന്ത്രി സുവല്ലയെക്കുറിച്ച് ആത്മവിശ്വാസം ഉണ്ടെന്ന് അറിയിച്ചിരുന്നു. എന്നാൽ സുവല്ലയുടെ പ്രസ്താവനയോട് യോജിക്കുന്നില്ല എന്നും വ്യക്തമാക്കിയിരുന്നു. സംഘർഷം മുറുകിയതോടെയാണ് നടപടി. കഴിഞ്ഞ ദിവസം ലണ്ടനിൽ തീവ്ര വലതുപക്ഷക്കാരും പോലീസും ഏറ്റുമുട്ടിയിരുന്നു. ഈ പിരിമുറുക്കം വർധിപ്പിക്കാൻ ബ്രവർമാൻ സഹായിച്ചുവെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.

വിഷയത്തോടെ പ്രതികരിച്ച് കൊണ്ട് വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ പറയാമെന്ന് ബ്രവർമാൻ പറഞ്ഞു. “ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പദവിയാണ്.സമയബന്ധിതമായി എനിക്ക് കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കും,” സുവല്ല പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. സർക്കാരിൽ താരതമ്യേന താഴ്ന്ന മറ്റൊരു പദവി സുവല്ലക്ക് വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

ഇത് രണ്ടാം തവണയാണ് ബ്രാവർമാൻ ക്യാബിനറ്റ് സ്ഥാനം പാതിവഴിയിൽ ഉപേക്ഷിക്കുന്നത്. നേരത്തെ, 2022 ലെ ലിസ് ട്രസ് സർക്കാരിന്റെ കാലത്ത്, അവർ ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. എന്നാൽ അവരുടെ സ്വകാര്യ ഇമെയിലിൽ നിന്ന് ഒരു ഔദ്യോഗിക രേഖ പാർലമെന്ററി സഹപ്രവർത്തകന് അയച്ച് നിയമ ലംഘനം നടത്തിയതിനാൽ പദവി രാജിവെച്ചു. ആറാഴ്‌ചയ്‌ക്ക് ശേഷം ഋഷി സുനക് പുതിയ കൺസർവേറ്റീവ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തപ്പോൾ വീണ്ടും ആഭ്യന്തര സെക്രട്ടറിയായി ക്യാബിനറ്റിൽ എത്തുകയായിരുന്നു.

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി