ചാള്‍സ് മൂന്നാമന്റെ പിറന്നാള്‍ ദിനത്തിനോടനുബന്ധിച്ച് നടത്തുന്ന ട്രൂപ്പിങ് ദ കളര്‍ പരേഡ് പരിശീലനത്തിനിടെ മൂന്നു സൈനികര്‍ കുഴഞ്ഞു വീണു. ഇന്നലെ നടന്ന അവസാന ഘട്ട പരിശീലനത്തിലാണ് സൈനികര്‍ കുഴഞ്ഞു വീണത്. രാജ്യം നേരിടുന്ന കടുത്ത ചൂടാണ് ഇതിലൂടെ വ്യക്തമാകുന്നത്.
വില്യം രാജകുമാരന്റെ മുൻപിലാണ് കൊടും ചൂടിനെ തുടര്‍ന്ന് സൈനികർ തലക്കറങ്ങി വീണത്. 30 ഡിഗ്രിസെൽഷ്യനാണ് രേഖപ്പെടുത്തിയ താപനില. കമ്പിളി വസ്ത്രങ്ങളും കരടിത്തൊപ്പിയും ധരിച്ച് പരിശീലനം നടത്തുന്ന സൈനികർക്ക് അതിലും ഉയർന്ന ചൂട് അനുഭവപ്പെടും.
പ്രതികൂല സാഹചര്യത്തിലും പ്രവര്‍ത്തന സജ്ജരായ സൈനികരെ വില്യം രാജകുമാരൻ പ്രകീർത്തിച്ചു. സഹപ്രവര്‍ത്തകന്‍ കുഴഞ്ഞു വീണപ്പോഴും പരേഡ് മറ്റുള്ളവർ പരിശീലനം തുടരുന്നതും കുഴഞ്ഞു വീണ സൈനികരെ ഉടനെ തന്നെ ഗ്രൗണ്ടില്‍ നിന്ന് മാറ്റി പ്രാഥമിക ചികിത്സ നല്‍കുന്നതും ദൃശ്യങ്ങളിൽ കാണാം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്രിട്ടനില്‍ കഠിനമായ ചൂടാണ് രേഖപ്പെടുത്തുന്നത്. യു കെ ഹെല്‍ത്ത് ഏജന്‍സി ഇംഗ്ലണ്ടില്‍ ചൂട് കൂടുതലാണെന്ന മുന്നറിയിപ്പ് നല്‍കിയതായി ബിബിസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജാവിന്റെ ജന്മദിനത്തിനോടമനുബന്ധിച്ച് എല്ലാ വര്‍ഷവും ജൂണ്‍ മാസം നടത്തുന്ന ട്രൂപ്പിങ് ദ കളറിന്റെ റിഹേഴ്‌സലായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ജൂൺ 17 നാണ് ചടങ്ങ്.