WORLD

ബംഗ്ലാദേശിൽ കലാപം കത്തുന്നു; നിരവധി പേരെ ചുട്ടുകൊന്നു, ന്യൂനപക്ഷങ്ങൾക്കു നേരെയും വ്യാപക ആക്രമണം, 205 ഇന്ത്യക്കാരെ തിരികെയെത്തിച്ചു

വെബ് ഡെസ്ക്

പ്രക്ഷോഭങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിലെ നേതാക്കൾ നടുക്കുന്ന ആക്രമണങ്ങൾക്കാണ് ഇരയാകേണ്ടി വരുന്നതെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം ഇരുപത്തിയൊൻപതോളം നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നിന്നായി കണ്ടു കിട്ടിയിട്ടുണ്ട്. ഇവരെ ഒരു ഹോട്ടലിൽ ചുട്ടുകൊന്നെന്നാണ് വിവരം. നിരവധി നേതാക്കളുടെ വീടുകളും മറ്റ് സ്വത്തുവകകളും അക്രമികൾ തീയിട്ട് നശിപ്പിച്ചു. ഷെയ്ഖ് ഹസീന പ്രധാനമന്ത്രിസ്ഥാനം രാജിവെക്കുകയും രാജ്യം വിടുകയും ചെയ്തതിന് പിന്നാലെ ബംഗ്ലാദേശിലെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളിലായി നാൽപ്പതോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

രാജ്യത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതു സുരക്ഷയും ക്രമസമാധാനവും നിലനിർത്താനും അക്രമ ബാധിത രാജ്യത്ത് നിയമ നിർവഹണ അധികാരികൾക്കെതിരായി ഉണ്ടായ ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ തയ്യാറാക്കാനും ഉയർന്ന പോലീസ് ഉദ്യോഗസ്ഥനായ എ കെ എം ഷാഹിദുർ റഹ്മാൻ പോലീസ് സേനയിലെ ഓരോ അംഗത്തോടും ആവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധി കൈകാര്യം ചെയ്യാൻ ചൊവ്വാഴ്ച ബംഗ്ലാദേശ് പോലീസിൻ്റെ ഫോക്കൽ പേഴ്‌സണായി നിയമിതനായ വ്യക്തിയാണ് ഷാഹിദുർ റഹ്മാൻ. ദുഷ്പ്രചാരണങ്ങളെ അവഗണിക്കാൻ ആഹ്വാനം ചെയ്ത റഹ്മാൻ സേന അംഗങ്ങളോട് ക്രമേണ തങ്ങളുടെ ചുമതലകളുടെ നിർവഹണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു.

ഷെയ്ഖ് ഹസീനയുടെ പലായനത്തെ തുടർന്ന് ബംഗ്ലാദേശിലെ സാമ്പത്തിക വിദഗ്ധനും സാമൂഹികപ്രവർത്തകനുമായ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ഇടക്കാല ഗവൺമെൻ്റിനെ നയിക്കുമെന്ന് പ്രസിഡൻ്റ് മുഹമ്മദ് ശഹാബുദ്ദീൻ പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റിയ യൂനുസ് രാജ്യം ഭരിക്കണമെന്ന വിദ്യാർഥി നേതാക്കളുടെ ശക്തമായ ആവശ്യം ഉയർന്നതിന് പിന്നാലെയാണ് നടപടി. പ്രസിഡൻ്റ് മുഹമ്മദ് ശഹാബുദ്ദീൻ, കര, നാവിക, വ്യോമ മേധാവികൾ എന്നിവർ സംയുക്‌തമായി പങ്കെടുത്ത യോഗത്തിലാണ് നിർണായകമായ തീരുമാനം എടുത്തത്.

പ്രതിസന്ധികൾക്കിടയിൽ, ഇന്ത്യ ഹൈക്കമ്മീഷനിൽ നിന്നും കോൺസുലേറ്റുകളിൽ നിന്നും അനിവാര്യമല്ലാത്ത ജീവനക്കാരെ ഇന്ത്യ തിരികെ വിളിച്ചു. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് അനിവാര്യമല്ലാത്ത ജീവനക്കാരുടെയും കുടുംബങ്ങളുടെയും മടങ്ങിവരവ് വാണിജ്യ വിമാനം വഴി നടന്നതായി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ നയതന്ത്രജ്ഞരെല്ലാം ഹൈക്കമ്മീഷനിൽ തുടരുന്നതിനാൽ ഹൈക്കമ്മീഷൻ പ്രവർത്തനക്ഷമമാണെന്നും ഇവർ പറഞ്ഞു.

ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായതോടെ ബംഗ്ലാദേശിലെ നിരവധി ഹിന്ദു ക്ഷേത്രങ്ങളും വ്യാപാര സ്ഥാപനങ്ങളും ആക്രമണത്തിനിരയായതായി ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമുദായിക സംഘടനകൾ മാധ്യമങ്ങളെ അറിയിച്ചു. എന്നാൽ അവാമി ലീഗിന്റെ സർക്കാരിനെ ഭരണത്തിൽ നിന്നും പുറത്താക്കിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കൾ ഹിന്ദു ന്യൂനപക്ഷത്തെ ലക്ഷ്യം വയ്ക്കരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഹിന്ദു ക്ഷേത്രങ്ങളെയും ഹിന്ദുക്കൾ അധിവസിക്കുന്ന പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനായി ജാതി മത ഭേദമന്യേ നിരവധി ആളുകൾ മുന്നോട്ട് വരുന്നത് പ്രതീക്ഷ വർധിപ്പിക്കുന്നുണ്ടെങ്കിലും സുരക്ഷാസംബന്ധമായ ആശങ്കകൾ നില നിൽക്കുന്നുണ്ട്.

ചികിത്സയ്ക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മറ്റുമായി ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലെ കൊൽക്കത്തയിലെത്തിയ നിരവധി ആളുകൾ ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. പ്രക്ഷോഭങ്ങൾ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തിരികെ പോകാൻ സാധിക്കുമോ എന്ന ഭീതിയിലാണ് ഭൂരിഭാഗം പേരും. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളും പെട്ടെന്നുള്ള ഭരണമാറ്റവും ഇവരുടെ ആശങ്കയുടെ ആക്കം കൂട്ടുന്നുണ്ട്. ഇതിനിടെ ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള ട്രെയിൻ സർവീസുകൾ നിർത്തിവച്ചത് ഇവരുടെ ഉത്ക്കണ്ഠ വർധിപ്പിക്കുന്നുണ്ട്. കൂടാതെ ആശയവിനിമയ സംവിധാനങ്ങൾ തടസ്സപ്പെട്ടതോട് കൂടി ഇവർക്ക് കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി ബന്ധപ്പെടാനുള്ള മാർഗ്ഗങ്ങളെല്ലാം നിലച്ചിരിക്കുകയാണ്.

എന്നാൽ ബംഗ്ലാദേശിൽ കുടുങ്ങിപ്പോയ 209 ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ടുണ്ടായ കടുത്ത വെല്ലുവിളികൾക്കിടയിലും എയർ ഇന്ത്യ ധാക്ക വിമാനത്താവളത്തിൽ പ്രേത്യേക ചാർട്ടർ ഫ്ലൈറ്റ് ഏർപ്പാട് ചെയ്തു. 199 യാത്രക്കാരെയും 6 ശിശുക്കളെയുമാണ് ഇന്ന് രാവിലെയോടെ എയർ ഇന്ത്യ ധാക്കയിൽ നിന്നും ഡൽഹിയിൽ എത്തിച്ചത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും