പ്രശസ്ത ദക്ഷിണ കൊറിയൻ മ്യുസിക് ബാൻഡ് ആയ ബിടിഎസിന്റെ ലൈവ് കൺസെർട്ട് സിനിമാരൂപത്തിൽ പുറത്തിറങ്ങുന്നു. ഈ വർഷം ആദ്യം ബുസാനിൽ നടന്ന ലൈവ് കൺസെർട്ട്, അടുത്ത വർഷം ഫെബ്രുവരിയിൽ ആണ് ബിഗ്സ്ക്രീനിൽ എത്തുക. "ബിടിഎസ്: യെറ്റ് ടു കം ഇൻ സിനിമാസ് " എന്ന പേരിൽ ദക്ഷിണ കൊറിയയിലെ പ്രശസ്ത ഫിലിം ഡിസ്ട്രിബ്യൂട്ടർ ആയ സിജിവി ആണ് ചിത്രം പുറത്തിറക്കുന്നത്. ചിത്രത്തിന്റെ ടിക്കറ്റ് വില്പന ജനുവരി 11 മുതൽ ആരംഭിക്കും. ഫെബ്രുവരി ഒന്ന് മുതൽ 110ലധികം രാജ്യങ്ങളിൽ ചിത്രം തിയേറ്ററുകളിലെത്തും.
ഒക്ടോബർ 15ന് തെക്കൻ തുറമുഖ നഗരമായ ബുസാനിൽ നടന്ന ബാൻഡിന്റെ "ബിടിഎസ് : യെറ്റ് ടു കം" സംഗീത പരിപാടിയിൽ ലോകമെമ്പാടുമുള്ള ആരാധകർ പങ്കെടുത്തിരുന്നു. കോവിഡ് വ്യാപനത്തിന് ശേഷം ബാൻഡ് കൊറിയയിൽ സംഘടിപ്പിച്ച ഏറ്റവും വലിയ പരിപാടി ആയിരുന്നു ഇത്. ബാൻഡിലെ എല്ലാ അംഗങ്ങളും അവസാനമായി ഒത്തുകൂടിയ പരിപാടി എന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. ഗ്രൂപ്പിലെ മുതിർന്ന അംഗം ജിൻ കഴിഞ്ഞ ആഴ്ച നിർബന്ധിത സൈനിക സേവനത്തിനായി പോയിരുന്നു. ബാൻഡിന്റെ പുതിയ ഗാനം 'റൺ' ബിടിഎസ് ആദ്യമായി അവതരിപ്പിച്ചതും ഈ പരിപാടിയിലായിരുന്നു. കൂടാതെ 'ഡൈനാമൈറ്റ്', 'ബട്ടർ', 'ഐഡോൾ', 'മാപ്പ് ഓഫ് ദി സോൾ: 7 ' 'ബോയ് വിത്ത് ലവ്' തുടങ്ങിയ ഗാനങ്ങളും അവതരിപ്പിച്ചിരുന്നു. ഈ സംഗീതപരിപാടിയിലെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ചിത്രം നിർമ്മിക്കുന്നത്. 103 മിനിറ്റാണ് സിനിമയുടെ ആകെ ദൈർഘ്യം.
നൂതന ഓഡിയോ സംവിധാനങ്ങളുള്ള 4DX, ScreenX, 4DX സ്ക്രീൻ എന്നിവയുൾപ്പെടെ പ്രീമിയം തിയേറ്ററുകൾക്കായി ഗുണനിലവാരമുള്ള പതിപ്പുകൾ ആണ് നിർമ്മിക്കുക എന്ന് സിജിവി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. അതിനായി 14 പ്രത്യേക ക്യാമറകൾ ഉപയോഗിച്ച് അംഗങ്ങളുടെ പല തരത്തിലുള്ള ഷോട്ടുകൾ എടുത്തിട്ടുണ്ട്.
'ബേൺ ദി സ്റ്റേജ്: ദി മൂവി', 'ബ്രിംഗ് ദി സോൾ: ദി മൂവി', 'ബ്രേക്ക് ദ സൈലൻസ്: ദി മൂവി', 'പെർമിഷൻ ടു ഡാൻസ് - സിയോൾ: ലൈവ് വ്യൂവിംഗ്' എന്നിവക്ക് ശേഷമുള്ള ബിടിഎസിന്റെ അഞ്ചാമത്തെ സ്ക്രീൻ റിലീസ് ആണിത്. എല്ലാ ചിത്രങ്ങൾക്കും വലിയ സ്വീകാര്യതയാണ് ആരധകർക്കിടയിൽ ലഭിച്ചിട്ടുള്ളത്.