WORLD

വെബ്‌സൈറ്റിൽ തായ്‌വാൻ സ്വതന്ത്ര രാഷ്ട്രം; ചൈനയോട് ക്ഷമാപണം നടത്തി ബൂൾഗാരി

ക്ഷമാപണ പോസ്റ്റ് ബ്രാൻഡിന്റെ അന്താരാഷ്ട്ര അക്കൗണ്ടുകളിലും പങ്കുവെക്കണമെന്ന് നിരവധിപേരാണ് പോസ്റ്റിന് കീഴിൽ ആവശ്യപ്പെട്ടിട്ടുള്ളത്

വെബ് ഡെസ്ക്

തായ്‌വാനെ തങ്ങളുടെ വെബ്‌സൈറ്റിൽ സ്വതന്ത്ര രാജ്യമായി പട്ടികപ്പെടുത്തിയതിന് ചൈനയോട് ക്ഷമാപണം നടത്തി പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡായ ബൂൾഗാരി. ആഡംബര ഫാഷൻ ഹൗസായ ബൂൾഗാരി ചൈനീസ് സാമൂഹ്യ മാധ്യമമായ വെയ്‌ബോയിൽ ആണ് ക്ഷമാപണം നടത്തിയത്. ചൈനയുടെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ഇപ്പോഴും മാനിക്കുന്നുവെന്നും ബ്രാൻഡ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു. നേരത്തെ തായ്‌വാനെ ഒരു സ്വതന്ത്ര രാഷ്ട്രമായി പരാമർശിച്ച നിരവധി അന്താരാഷ്ട്ര ബ്രാൻഡുകളെയും ഇന്റർനെറ്റ് ഉപയോക്താക്കളെയും ചൈന വിമർശിക്കുകയോ ബഹിഷ്‌കരിക്കുകയോ ചെയ്തിട്ടുണ്ട്.

"ഓവർസീസ് ഔദ്യോഗിക വെബ്സൈറ്റിൽ തെറ്റായി അടയാളപ്പെടുത്തിയ സ്റ്റോർ വിലാസങ്ങളും മാപ്പ് സൂചനകളും ഞങ്ങളുടെ ബ്രാൻഡ് ഉടനടി ശരിയാക്കി. ഇത് മാനേജ്മെന്റിന്റെ അശ്രദ്ധയുടെ ഫലമാണ്. തെറ്റുകൾക്ക് ഞങ്ങൾ ആഴത്തിൽ ക്ഷമ ചോദിക്കുന്നു" ബൂൾഗാരി പ്രസ്താവനയിൽ വ്യക്തമാക്കി. ദക്ഷിണ ചൈന കടലിലെ പ്രാദേശിക അവകാശ വാദങ്ങളും നാടുകടത്തപ്പെട്ട ടിബറ്റൻ നേതാവായ ദലൈലാമയെക്കുറിച്ചുള്ള കാഴ്ചപ്പാട് ഉൾപ്പെടെ ചൈനയുടെ ഭൗമരാഷ്ട്രീയ വിഷയങ്ങളിലെ പരാമർശങ്ങളിൽ അന്താരാഷ്ട്ര ബ്രാൻഡുകൾ മുൻപും രൂക്ഷ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്.

ക്ഷമാപണ പോസ്റ്റ് ബ്രാൻഡിന്റെ അന്താരാഷ്ട്ര അക്കൗണ്ടുകളിലും പങ്കുവെക്കണമെന്ന് നിരവധിപേരാണ് പോസ്റ്റിന് കീഴിൽ ആവശ്യപ്പെട്ടിട്ടുള്ളത്. മറ്റ് അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തുവോയെന്നും ചൈനക്കാർ മാത്രം കാണാവുന്ന തരത്തിൽ രണ്ട് മുഖം കൊണ്ട് നടക്കരുതെന്നും വെയ്‌ബോ ഉപയോക്താക്കൾ കമന്റ് ബോക്സിൽ ചോദിച്ചു.

അതേസമയം ചൈന കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ നിരവധി നാവികസേനാ കപ്പലുകളും ഫൈറ്റർ ജെറ്റുകളും ബോംബറുകളും തായ്‌വാനിലേക്കയച്ചിരുന്നു.38 യുദ്ധവിമാനങ്ങളും 9 നാവികസേനയുടെ കപ്പലുകളും ആദ്യ ദിവസം അയച്ചു. രണ്ടാം ദിനം ജെ-10, ജെ-16 യുദ്ധവിമാനങ്ങളും ഉൾപ്പടെ 30 വിമാനങ്ങൾ കൂടി തായ്‌വാൻ കടലിടുക്കിലേക്കയച്ചിട്ടുണ്ട്. ഇതിൽ കഴിഞ്ഞ ദിവസം 32 യുദ്ധവിമാനങ്ങളും ഇന്ന് 23 യുദ്ധവിമാനങ്ങളും തായ്‌വാൻ കടലിടുക്കിന്റെ മധ്യരേഖ കടന്നിട്ടുണ്ട്. അതേസമയം തായ്‌വാൻ സാധ്യമായ അധിനിവേശത്തിനെതിരെ പ്രതിരോധം ലക്ഷ്യമിട്ട് കൊണ്ട് ഈ മാസം അവസാനം വാർഷിക സൈനികാഭ്യാസം നടത്തും.

സ്വയം ഭരണ പ്രദേശമായ തായ്‌വാൻ തങ്ങളുടെ പ്രദേശമാണെന്നാണ് ചൈനയുടെ അവകാശ വാദം. കഴിഞ്ഞ മൂന്ന് വര്‍ഷമായി തായ്‌വാനെതിരെ ചൈന സൈനിക നീക്കങ്ങള്‍ തുടരുകയാണ്. രാജ്യത്തിന് ചുറ്റും സൈനിക അഭ്യാസങ്ങള്‍ നടത്തിയായിരുന്നു ചൈന തായ്‌വാനെതിരെ സമര്‍ദം ചെലുത്തിയിരുന്നത്. തായ്‌വാന്റെ രാഷ്ട്രീയ ഇടപെടലുകളിൽ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ട് അടുത്തിടെ ചൈന സൈനിക വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം