ഡോണൾഡ് ട്രംപ് 
WORLD

ട്രംപിനെ 'അവസാനിപ്പിക്കാൻ' മാത്രം പ്രഹരശേഷിയുണ്ടോ ഈ ലൈംഗികാരോപണങ്ങൾക്ക്?

ലൈംഗികാരോപണങ്ങൾക്ക് അമേരിക്കൻ രാഷ്ട്രീയത്തിൽ ഒരു കാലത്തും പഞ്ഞമുണ്ടായിരുന്നില്ല

വെബ് ഡെസ്ക്

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിരവധി നിയമക്കുടുക്കുകളില്‍ പെട്ടിരിക്കുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. തടവ് ശിക്ഷയടക്കമുള്ള ഭീഷണി ട്രംപിന് നേരെ ഉയർന്ന് നിൽക്കുന്നുമുണ്ട്.

നേരത്തെ തന്നെ നിരവധി ലൈംഗികാരോപണങ്ങൾ നേരിട്ടിട്ടുള്ളയാളാണ് ഡൊണാൾഡ് ട്രംപ്. പോൺ താരം സ്റ്റോമി ഡാനിയേൽസിൻ്റെ ആരോപണത്തിന് പിന്നാലെ ഉയർന്നു വന്നിട്ടുള്ള വിവാദങ്ങൾ ആണ് അവയിൽ ഏറ്റവും പുതിയത്. ട്രംപിന്റെ രാഷ്ട്രീയ ജീവിതം തകർക്കാൻ മാത്രം പ്രഹരശേഷി ഈ ലൈംഗികാരോപണങ്ങൾക്ക് ഉണ്ടോ ? അമേരിക്കയുടെ രാഷ്ട്രീയ ചരിത്രം പറയുന്നത് ഇല്ലെന്നാണ്. കാരണം ലൈംഗികാരോപണങ്ങൾക്ക് അമേരിക്കൻ രാഷ്ട്രീയത്തിൽ ഒരു കാലത്തും പഞ്ഞമുണ്ടായിരുന്നില്ല.

അമേരിക്കയുടെ സ്ഥാപക പിതാക്കന്മാരിൽ ഏറ്റവും പ്രഗത്ഭനായ ട്രഷറി സെക്രട്ടറി അലക്‌സാണ്ടർ ഹാമിൽട്ടണ് 1791-1792 കാലഘട്ടത്തിൽ അദ്ദേഹത്തിൻ്റെ സെക്രട്ടറി മരിയ റെയ്‌നോൾഡ്‌സുമായി ബന്ധമുണ്ടായിരുന്നു. ട്രംപിനെപ്പോലെ, ഹാമിൽട്ടൺ റെയ്നോൾഡ്സിന് നിരവധി പ്രതിഫലങ്ങൾ നൽകിയിരുന്നു. പ്രസിഡന്റ് ആകാൻ എല്ലാ യോഗ്യതയും ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന് ആ പദവിയിൽ എത്താൻ സാധിക്കാതെ പോയതിന് പിന്നിൽ ഈ ബന്ധം വെളിപ്പെട്ടതിനും അതുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കും വലിയ സ്വാധീനം ഉണ്ട്.

എന്നാൽ 1801-ൽ യുഎസ് പ്രസിഡൻ്റായ തോമസ് ജെഫേഴ്‌സണ് നേരെ സമാന ആരോപണം ഉയർന്നെങ്കിലും അദ്ദേഹം ആരോപണങ്ങളെ അവഗണിക്കുകയും ഉന്നത സ്ഥാനത്തെത്തുകയും ചെയ്തു. കൗമാരക്കാരിയായി ബന്ധമുണ്ടെന്നും ആ ബന്ധത്തിൽ കുട്ടികൾ ഉണ്ടെന്നതും അടക്കം ഗുരുതര ആരോപണങ്ങളാണ് അന്ന് പുറത്ത് വന്നത്. ജെഫേഴ്‌സന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് ആരോപണങ്ങൾ തള്ളിയത്. എന്നാൽ ഒന്നര നൂറ്റാണ്ടിന് ശേഷം ഡിഎൻഎ തെളിവുകൾ ഇത് സത്യമാണെന്ന് തെളിയിച്ചു.

രണ്ട് തവണ യുഎസ് പ്രസിഡന്റായ ഗ്രോവർ ക്ലീവ്‌ലാൻഡീന് നേരെയും ലൈംഗികാരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അദ്ദേഹം1884-ൽ തനിക്ക് വിവാഹേതര ബന്ധത്തിൽ ഒരു കുഞ്ഞ് ജനിച്ചതായി തുറന്ന് സമ്മതിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഈ പ്രതിസന്ധിയെ അതിജീവിക്കില്ലെന്നാണ് പലരും കരുതിയത്. എന്നാൽ അമേരിക്കക്കാർ അദ്ദേഹത്തോട് വളരെ പെട്ടെന്നുതന്നെ ക്ഷമിച്ചു.

പ്രസിഡൻ്റ് വാറൻ ജി. ഹാർഡിങ്ങിന് നിരവധി വിവാഹേതര ബന്ധങ്ങളുണ്ടായതായി കിംവദന്തികൾ ഉണ്ടായിരുന്നു. വിവാഹേതര ബന്ധങ്ങളിൽ കുട്ടികൾ ഉണ്ടായിരുന്നതായും, ട്രംപിന് സമാനമായി തിരഞ്ഞെടുപ്പ് ചട്ടം ലഘിച്ച് പണം നൽകിയിരുന്നതായും പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ച് വാർത്തകൾ പുറത്ത് വരുന്നത് അദ്ദേഹത്തിൻ്റെ മരണശേഷം മാത്രമാണ്. ഒപ്പം വലിയ തോതിലുള്ള അഴിമതിയുടെ തെളിവുകളും പുറത്തുവന്നു. ജീവിതകാലത്ത് ഇതിനെ സാധൂകരിക്കുന്ന പല പ്രസ്താവനകളും അദ്ദേഹം നടത്തിയിട്ടുണ്ട്.

32-ാമത് യുഎസ് പ്രസിഡൻ്റ് ഫ്രാങ്ക്ലിൻ ഡി റൂസ്‌വെൽറ്റിൻ്റെ ലൂസി മെർസറുമായുള്ള ബന്ധം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നില്ല. ജോൺ എഫ്. കെന്നഡിയുടെ ഐതിഹാസികമായ ലൈംഗികാസക്തി ചർച്ചകൾക്ക് വഴി വെച്ചിരുന്നില്ല. ക്ലീവ്‌ലാൻഡിനെയും കോട്ടണിനെയും പോലെ ബിൽ ക്ലിൻ്റനും അമേരിക്കക്കാർ മാപ്പ് നൽകിയിട്ടുണ്ട്.

പ്രസിഡന്റുമാരെ മാറ്റി നിർത്തിയാലും സമാനമായ ഡസൻ കണക്കിന് കേസുകൾ കണ്ടെത്താം. ഇതെല്ലാം മാധ്യമ വാർത്തകൾ സൃഷ്ടിക്കുകയും, ചിലപ്പോഴൊക്കെ ചർച്ചകൾക്ക് വഴിവെയ്ക്കുകയും ചെയ്തെങ്കിലും ആരുടേയും രാഷ്ട്രീയ ജീവിതം തകർക്കാൻ പാകത്തിനുള്ളതായിരുന്നില്ല. അതിനാൽത്തന്നെ ട്രംപിന്റെ രാഷ്ട്രീയ ജീവിതം ഞൊടിയിടയിൽ ഇല്ലാതാക്കാൻ ഈ ആരോപണങ്ങൾ മതിയാവില്ല എന്നുവേണം കരുതാന്‍.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം