അന്തർദേശീയ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് സ്റ്റഡി പെർമിറ്റ് നൽകുന്ന സ്റ്റുഡൻ്റ് ഡയറക്റ്റ് സ്ട്രീം (SDS) പ്രോഗ്രാം അവസാനിപ്പിച്ച് കാനഡ സർക്കാർ. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കാനഡയിൽ ഉപരിപഠനം നേടുന്നതിനായി ആയിരക്കണക്കിന് വിദ്യാർഥികൾക്ക് വേഗത്തിൽ വിസ ലഭിക്കുന്നതിനായി സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ഫാസ്റ്റ് ട്രാക്ക് വിസ പ്രോഗ്രാം.
പ്രോഗ്രാം അവസാനിപ്പിക്കുന്നതായി ജസ്റ്റിൻ ട്രൂഡോ സർക്കാർ അറിയിച്ചതോടെ വിസ പ്രോസസിങ്ങിലെ കാലതാമസത്തെയും അനിശ്ചിതത്വത്തെയും കുറിച്ച് അന്താരാഷ്ട്ര വിദ്യാർഥികൾ ആശങ്ക ഉയർത്തുന്നുണ്ട്. കാനഡയെ ഉന്നത പഠനത്തിന് അനുയോജ്യമായ കേന്ദ്രമായി കാണുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ വിഷയം സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്.
എന്താണ് കാനഡ അവസാനിപ്പിച്ച സ്റ്റുഡൻ്റ് ഡയറക്ട് സ്ട്രീം?
ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) 2018-ലാണ് സ്റ്റുഡൻ്റ് ഡയറക്ട് സ്ട്രീം (SDS) ആരംഭിച്ചത്. ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വിസ അപേക്ഷാ നടപടികൾ ലളിതമാക്കുന്നതിനാണ് പദ്ധതി അവതരിപ്പിച്ചത്.
എല്ലാ വർഷവും പഠനത്തിനായി കാനഡയിലേക്ക് കുടിയേറുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾക്ക് ഈ സംരംഭം വളരെയധികം പ്രയോജനം ചെയ്തിരുന്നു. CAD 20,635 മൂല്യമുള്ള കനേഡിയൻ ഗ്യാരൻ്റീഡ് ഇൻവെസ്റ്റ്‌മെൻ്റ് സർട്ടിഫിക്കറ്റും (GIC) ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷാ ടെസ്റ്റ് സ്കോറുകളും നേടുക എന്നതായിരുന്നു സംരംഭത്തിന് കീഴിൽ വിദ്യാർഥി കടക്കേണ്ട കടമ്പകൾ. വേഗത്തിലുള്ള പ്രോസസിങ് സുഗമമാക്കുന്നതിനും ആഴ്ചകൾക്കുള്ളിൽ യാത്ര, താമസാനുമതികൾ നേടുന്നതിനും ഈ പ്രക്രിയ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു. സാധാരണയായി ഈ പ്രക്രിയയ്ക്ക് മാസങ്ങളാണ് എടുക്കുക.
കാനഡ ഫാസ്റ്റ് ട്രാക്ക് വിസ പ്രോഗ്രാം അവസാനിപ്പിച്ചതിന് പിന്നിലെന്ത് !?
എന്തുകൊണ്ടാണ് ഫാസ്റ്റ് ട്രാക്ക് വിസ സേവനം അവസാനിപ്പിച്ചതെന്നതിനെക്കുറിച്ച് കനേഡിയൻ സർക്കാർ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അവകാശപ്പെട്ടതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മോശമായിരുന്നു.
അന്താരാഷ്‌ട്ര വിദ്യാർത്ഥികളിൽ നിന്നുള്ള, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളിലെ വൻ കുതിച്ചുചാട്ടം കാനഡയുടെ ഇമിഗ്രേഷൻ, പ്രോസസ്സിംഗ് സംവിധാനങ്ങളിൽ കാര്യമായ സമ്മർദ്ദം ചെലുത്തുന്നതായി കാനേഡിയൻ ഭരണകൂടം പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കാനഡയിൽ എത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരാണ്. 2023-ൽ, ഏകദേശം 200,000 ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് രാജ്യത്ത് പഠനാനുമതി ലഭിച്ചത്.