WORLD

ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് കാനഡ; മൂന്ന് കോൺസുലേറ്റകളിലെ പ്രവർത്തനം താത്കാലികമായി നിർത്തി

ഇന്ത്യയുടെ നടപടി രാജ്യാന്തര നിയമങ്ങൾക്കെതിരാണെന്നും ഈ തീരുമാനം ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കുള്ള സേവനങ്ങളുടെ നിലവാരത്തെ ബാധിക്കുമെന്നും മെലാനി

വെബ് ഡെസ്ക്

ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ രൂക്ഷമായ തർക്കത്തിന് ഒടുവിൽ ഇന്ത്യയിൽ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച് കാനഡ. നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷാപരിരക്ഷ ഇന്ത്യ എടുത്തുമാറ്റുമെന്ന് അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാഗങ്ങളെയും കാനഡ തിരികെ വിളിച്ചത്.

21 നയതന്ത്ര ഉദ്യോഗസ്ഥർ മാത്രമാണ് നിലവിൽ ഇന്ത്യയിൽ അവശേഷിക്കുന്നത്. നയതന്ത്ര പരിരക്ഷ റദ്ദാക്കുമെന്ന ഇന്ത്യയുടെ നിലപാടിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ പിൻവലിച്ചതെന്ന് കനേഡിയൻ വിദേശകാര്യ വകുപ്പ് മന്ത്രി മെലാനി ജോളി പറഞ്ഞു. ഇന്ത്യയുടെ നടപടി രാജ്യാന്തര നിയമങ്ങൾക്കെതിരാണെന്നും ഈ തീരുമാനം ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കുള്ള സേവനങ്ങളുടെ നിലവാരത്തെ ബാധിക്കുമെന്നും മെലാനി ചൂണ്ടിക്കാട്ടി.

ഇക്കാരണങ്ങളാൽ ചണ്ഡീഗഢിലെയും മുംബൈയിലെയും ബാംഗ്ലൂരിലെയും കോൺസുലേറ്റുകളിലെ എല്ലാ വ്യക്തിഗത സേവനങ്ങളും താൽക്കാലികമായി നിർത്തേണ്ടി വന്നെന്നും മന്ത്രി പറഞ്ഞു.

കനേഡിയൻ മണ്ണിൽ നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ സർക്കാരിന് ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യ-കാനഡ തർക്കം ആരംഭിച്ചത്.

ഒക്ടോബർ 20 വെള്ളിയാഴ്ചയോടെ കാനഡയിലെ 21 നയതന്ത്രജ്ഞർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒഴികെ മറ്റെല്ലാവർക്കും നയതന്ത്ര പ്രതിരോധം പിൻവലിക്കാൻ ഇന്ത്യ പദ്ധതിയിട്ടിട്ടുണ്ടായിരുന്നെന്നും പത്രസമ്മേളനത്തിൽ ജോളി പറഞ്ഞു. എന്നാൽ ഇന്ത്യയുടെ നടപടിയിൽ കാനഡ പ്രതികാരം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇന്ത്യയുമായി ഇടപഴകുന്നത് തുടരുമെന്നും അവർ പറഞ്ഞു.

നേരത്തെ, ഇന്ത്യയിലെ ഭൂരിപക്ഷ ഉദ്യോഗസ്ഥരെയും കാനഡ മറ്റൊരു രാജ്യത്തേക്ക് മാറ്റി നിയോഗിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഉദ്യോഗസ്ഥരെ സിംഗപ്പൂർ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് മാറ്റിയതായിട്ടായിരുന്നു റിപ്പോർട്ടുകൾ.

കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തേക്കാൾ കൂടുതലാണെന്നും ഇത്തരം കാര്യത്തിൽ തുല്യത ഉണ്ടാകണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി നേരത്തെ പ്രതികരിച്ചിരുന്നു.

ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് മേധാവി ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു. ഇത് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഏറ്റവും മോശമായ രീതിയിൽ ബാധിക്കുകയായിരുന്നു. പ്രശ്നങ്ങൾ ആരംഭിച്ച സമയത്ത് തന്നെ രാജ്യത്തെ നയതന്ത്ര പ്രാതിനിധ്യം കുറയ്ക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു.

കാനഡയുടെ ആരോപണം അസംബന്ധമാണെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. കാനഡ തരുന്ന ഏത് തെളിവും പരിശോധിക്കാൻ രാജ്യം തയ്യാറാണെന്ന് ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍