നരേന്ദ്രമോദിയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയും 
WORLD

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് 'അപവാദ പ്രചാരണം' എന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് കാനഡ സര്‍ക്കാരിന്റെ വിശദീകരണം

വെബ് ഡെസ്ക്

സിഖ് വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമായിരുന്നുവെന്ന റിപ്പോര്‍ട്ട് തള്ളി കാനഡ സര്‍ക്കാര്‍. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ കാനഡയിലെ ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥരെയോ ബന്ധിപ്പിക്കുന്നതിന് തെളിവുകളില്ലെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് നിജ്ജാറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയതെന്ന് ആരോപിച്ച് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കനേഡിയന്‍ പത്രം ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍ വന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിശദീകരണം . പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കാനഡയ്ക്കുള്ളിലെ ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനവുമായി പ്രധാനമന്ത്രി മോദിയെയോ മന്ത്രി ജയശങ്കറിനെയോ സുരക്ഷാ ഉപദേഷ്ടാവ് ഡോവലിനെയോ ബന്ധിപ്പിക്കുന്നതായി കാനഡ സര്‍ക്കാര്‍ പ്രസ്താവിച്ചിട്ടില്ല, തെളിവുകള്‍ സംബന്ധിച്ച് അറിവില്ല, മാധ്യമ റിപ്പോര്‍ട്ട് വെറും ഊഹാപോഹം മാത്രമാണെന്നും കാനഡ സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് 'അപവാദ പ്രചാരണം' എന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് കാനഡ സര്‍ക്കാരിന്റെ വിശദീകരണം. പേര് വെളിപ്പെടുത്താത്ത ഒരു കനേഡിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന അവകാശവാദങ്ങളെ 'പരിഹാസ്യമായ പ്രസ്താവനകള്‍' എന്ന് ലേബല്‍ ചെയ്യുകയും അത് പൂര്‍ണമായും തിരസ്‌കരിക്കേണ്ടതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞിരുന്നു.

'ഞങ്ങള്‍ സാധാരണയായി മാധ്യമ റിപ്പോര്‍ട്ടുകളെക്കുറിച്ച് അഭിപ്രായം പറയാറില്ല. എന്നിരുന്നാലും, ഒരു കനേഡിയന്‍ സര്‍ക്കാര്‍ സ്രോതസ്സ് ഒരു പത്രത്തോട് നടത്തിയ അത്തരം പരിഹാസ്യമായ പ്രസ്താവനകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം' രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ഇത്തരം അപവാദ പ്രചാരണങ്ങള്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാക്കുകയേയുള്ളൂ.

സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്ന ഹര്‍ദീപ് സിങ് നിജ്ജാര്‍ 2023 ജൂണ്‍ 18നായിരുന്നു കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേരാണ് നിജ്ജാറിനെതിരെ വെടിയുതിര്‍ത്തത്. കനേഡിയന്‍ അധികൃതര്‍ കൊലപാതകത്തിന് നാല് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു. എന്നാല്‍ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന ആരോപണത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും നല്‍കാന്‍ കാനഡയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മയ്ക്കും മറ്റ് നയതന്ത്രജ്ഞര്‍ക്കും പങ്കുണ്ടെന്ന് കാനഡ ആരോപിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നു.

2018ല്‍ അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കാനഡയ്ക്ക് കൈമാറിയ പിടികിട്ടാപുള്ളികളുടെ ലിസ്റ്റില്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ പേരുമുണ്ടായിരുന്നു. പഞ്ചാബ് പോലീസ് അന്വേഷിക്കുന്ന വിവിധ കേസുകളിലും നിജ്ജാര്‍ പ്രതിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജലന്ധറില്‍നിന്ന് കാനഡയിലേക്ക് കുടിയേറിയവരാണ് നജ്ജാറിന്റെ കുടുംബം. രാജ്യദ്രോഹകേസുകളുടെ അടിസ്ഥാനത്തില്‍ നജ്ജാറിന്റെ പേരിലുള്ള ജലന്ധറിലെ ഭൂമിയും സ്വത്ത് വകകളും പോലീസ് കണ്ടുകെട്ടിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ