പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കാനഡ. സുരക്ഷിതമായ സാഹചര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കാനഡ വിദേശകാര്യമന്ത്രാലയം പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത് . തീവ്രവാദി ആക്രമണങ്ങളുടേയും കലാപങ്ങളുടേയും പശ്ചാത്തലത്തിലാണ് മുന്നറിയിപ്പെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെ പേരുകളാണ് ഉത്തരവില്‍ എടുത്തു പറയുന്നത്. ഇവിടങ്ങളില്‍ കുഴിബോംബ് ഭീഷണി നിലനില്‍ക്കുന്നു എന്നും സൂചിപ്പിക്കുന്നു.
ഭീകരാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ ഇന്ത്യയിലെ കനേഡിയന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണം. ഇന്ത്യയിലെവിടെയും യാത്ര ചെയ്യുമ്പോള്‍ സുരക്ഷ ഉറപ്പാക്കണം. അതിര്‍ത്തിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ പരിധിയില്‍ യാത്ര പൂര്‍ണമായും ഒഴിവാക്കണം. അരക്ഷിതാവസ്ഥയില്‍ തുടരുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളായ അസം, മണിപ്പൂര്‍ എന്നിവിടങ്ങളിലൂടെ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കാനഡ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിലാണ് പുതുക്കിയ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നേരത്തെ കാനഡയിലുള്ള പൗരന്മാര്‍ക്കും പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാനഡയില്‍ വംശീയ അതിക്രമങ്ങളെ കരുതിയിരിക്കണമെന്ന ജാഗ്രതാ നിര്‍ദേശമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സെപ്റ്റംബര്‍ 23ന് പുറപ്പെടുവിച്ചിരുന്നത് ഇന്ത്യക്കാര്‍ക്കെതിരെ കാനഡയില്‍ വംശീയ അതിക്രമം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലായിരുന്നു ഇടപെടല്‍. പൗരന്മാര്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍, അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ കാനഡയോട് ഇന്ത്യ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പുരോഗതിയില്ലാതിരുന്നതോടെയാണ് വിദേശകാര്യമന്ത്രാലയം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.