നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പിന്നാലെ ഇന്ത്യയിലെ ഭൂരിപക്ഷ ഉദ്യോഗസ്ഥരെയും കാനഡ മറ്റൊരു രാജ്യത്തേക്ക് മാറ്റി നിയോഗിച്ചതായി റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരെ സിംഗപ്പൂര്‍ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് മാറ്റിയിട്ടുണ്ടെന്നു കാനഡയിലെ സിടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ 10നുള്ളില്‍ 41 കനേഡിയന്‍ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കാനഡയിലുള്ള ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണെന്നും ഇത്തരം കാര്യത്തില്‍ തുല്യത ഉണ്ടാകണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയും പ്രതികരിച്ചിരുന്നു.
അതേസമയം ഇന്ത്യയിലെ ഉദ്യോഗസ്ഥരോ കനേഡിയന്‍ സഹപ്രവര്‍ത്തകരോ സംഭവവികാസങ്ങളില്‍ പ്രതികരിച്ചിട്ടില്ല. ഇന്ത്യയില്‍ നിലവില്‍ എത്ര നയതന്ത്ര ഉദ്യോഗസ്ഥരുണ്ടെന്നതിന് കൃത്യമായ വിവരം ലഭ്യമല്ല. എന്നാല്‍ മുന്‍ ഇന്ത്യന്‍ നയതന്ത്രനായ കെപി ഫാബിയാനെ ഉദ്ധരിച്ച് എഎന്‍ഐ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം കാനഡയില്‍ ഇന്ത്യയില്‍ നിന്നുള്ള 21 നയതന്ത്രജ്ഞരും ഇന്ത്യയില്‍ കാനഡയില്‍ നിന്നുള്ള 62 നയതന്ത്രജ്ഞരുമുണ്ട്.
അതുകൊണ്ട് തന്നെ 41 പേരെ പിന്‍വലിക്കേണ്ടി വരുമെന്നും അല്ലെങ്കില്‍ അവരെ അസ്വീകാര്യമായ വ്യക്തികളായി persona non grata)കണക്കാക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. '' അതായത് ഒരു നയതന്ത്രജ്ഞനെ കാനഡ പുറത്താക്കിയതിന് പകരമായി 42 പേരെ പുറത്താക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. ഇതാണ് ചിത്രത്തിന്റെ സാരാംശം. കാനഡയെ സമ്മര്‍ദത്തിലാക്കാനാണ് ഈ സമത്വം പ്രയോഗിക്കുന്നത്. ഇതിലൂടെ ഒരു പോംവഴിയുണ്ടാകാന്‍ സാധ്യതയുണ്ട്''- ഫാബിയാന്‍ പറഞ്ഞു.
ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് മേധാവി ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു. ഇത് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഏറ്റവും മോശമായ രീതിയില്‍ ബാധിക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ ആരംഭിച്ച സമയത്ത് തന്നെ രാജ്യത്തെ നയതന്ത്ര പ്രാതിനിധ്യം കുറയ്ക്കാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു.