ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നുമുള്ള എല്ലാ പരസ്യങ്ങളും പിന്‍വലിക്കുന്നതായി കനേഡിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ ന്യൂസ് ആക്റ്റ് നിലവില്‍ വന്ന ശേഷം ഈ പ്ലാറ്റ്‌ഫോമുകളുടെ മാതൃകമ്പനിയായ മെറ്റ കനേഡിയന്‍ വാര്‍ത്താ ഉള്ളടക്കം നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് കാനഡ സർക്കാർ എല്ലാ പരസ്യങ്ങളും പിന്‍വലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
ഗൂഗിളും ഇത്തരത്തില്‍ കനേഡിയന്‍ വാര്‍ത്താ ഉള്ളടക്കം നീക്കം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു
'ഫേസ്ബുക്കിലേക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. കനേഡിയന്‍ വാര്‍ത്താ ഏജന്‍സികള്‍ക്ക് ന്യായമായ വിഹിതം നല്‍കാന്‍ മെറ്റ വിസമ്മതിക്കുമ്പോള്‍ അവരെ പരസ്യത്തിനായി സമീപിക്കാനാവില്ല'. കനേഡിയന്‍ ഹെറിറ്റേജ് മന്ത്രി പാബ്ലോ റോഡ്രിഗസ് ഒട്ടാവയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഗൂഗിളും ഇത്തരത്തില്‍ കനേഡിയന്‍ വാര്‍ത്താ ഉള്ളടക്കം നീക്കം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അവര്‍ക്കെതിരെ ഇത് വരെ നടപടിയുണ്ടായിട്ടില്ല. പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാമെന്നാണ് സർക്കാരിന്റെ നിലപാട്.
മെറ്റയും ഇപ്പോഴത്തെ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെയാണ്
യുക്തിരഹിതമായ നടപടിയാണ് ഫേസ്ബുക്കില്‍ നിന്നുണ്ടായതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഈ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും വ്യക്തമാക്കി. ഈ നടപടിയില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. സി 18 ഓണ്‍ലൈന്‍ ന്യൂസ് ബില്‍ കാനഡ സര്‍ക്കാര്‍ പാസാക്കിയതാണ് ഈ വിവാദത്തിന്റെയെല്ലാം തുടക്കം. മെറ്റയിലും ഗൂഗിളിലും പങ്ക് വയ്ക്കുന്ന വാര്‍ത്തകളില്‍ നിന്നുള്ള വരുമാനത്തിന്റെ നിശ്ചിത ശതമാനം ഇനി മുതല്‍ വാര്‍ത്താ ഏജന്‍സികള്‍ക്ക് നല്‍കണമെന്നാണ് ബില്ലില്‍ പറയുന്നത്. ഇതിന് പ്രതികാരമായായിരുന്നു കനേഡിയന്‍ വാര്‍ത്തകള്‍ നീക്കം ചെയ്യുമെന്ന് മെറ്റ പ്രഖ്യാപിച്ചത്. ഇത് ലിങ്ക് ടാക്‌സിന് തുല്യമാണെന്നാണ് മെറ്റയുടെ വാദം. ഇതിനോടകം തന്നെ വാര്‍ത്താ ഏജന്‍സികള്‍ക്ക് ഫ്രീ മാര്‍ക്കറ്റിങ്ങിലൂടെ 230 മില്യണ്‍ ഡോളര്‍ ലഭിക്കുന്നുണ്ടെന്നും മെറ്റ ആരോപിച്ചിരുന്നു.
ഇതിനോടകം തന്നെ വാര്‍ത്താ ഏജന്‍സികള്‍ക്ക് ഫ്രീ മാര്‍ക്കറ്റിങ്ങിലൂടെ 230 മില്യണ്‍ ഡോളര്‍ ലഭിക്കുന്നുണ്ട്
ഈ നടപടിയെ കാനഡയിലെ വാര്‍ത്താ ഗ്രൂപ്പുകള്‍ സ്വാഗതം ചെയ്തു. കാനഡയിലുടനീളം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇത് നടപ്പിലാക്കാനും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മെറ്റയും ഇപ്പോഴത്തെ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കനേഡിയന്‍ സര്‍ക്കാരില്‍ നിന്ന് മെറ്റയ്ക്ക് 11 ദശലക്ഷം കനേഡിയന്‍ ഡോളറാണ് ലഭിച്ചത്.