ഖലിസ്ഥാൻ നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിക്കണമെന്നും ആരോപണങ്ങളെ ഗൗരവമായി കാണണമെന്നും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കൊലപാതകത്തിൽ വിശ്വസനീയമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അതിനാലാണ് അന്വേഷണവുമായി സഹകരിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുന്നതെന്നും ട്രൂഡോ വ്യക്തമാക്കി. ഗൗരവമായി കാണേണ്ട വിഷയമാണ് ഇതെന്നും അതിനാൽ കേസിൽ പൂർണ്ണ സുതാര്യതയും നീതിയും ഉറപ്പാക്കാൻ രാജ്യത്തിനോട് സഹകരിക്കണമെന്നും ഇന്ത്യൻ സർക്കാരിനോട് ട്രൂഡോ ആവശ്യപ്പെട്ടു.
'നിയമവാഴ്ചയുള്ള രാജ്യമാണ് കാനഡയുടേത്. രാജ്യത്തെ പൗരന്മാരെ സുരക്ഷിതമായി നിലനിർത്തുന്നതിനും അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ജീവിതം ഉറപ്പാക്കാനുമുള്ള പ്രവർത്തനം ഞങ്ങൾ തുടരും', ട്രൂഡോ പറഞ്ഞു. ഒരിക്കലും കാനഡ ഗവണ്മെന്റ് പ്രശനങ്ങൾ ഉണ്ടാക്കാനോ പ്രകോപ്പിക്കാനോ ശ്രമിക്കുകയില്ലെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.
എന്നാല്‍, കാനഡ ഉന്നയിക്കുന്ന വാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഇന്ത്യയുടെ നിലപാട്. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ത്യക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും അരിന്ദം ബാഗ്ചി കുറ്റപ്പെടുത്തിയിരുന്നു.
ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് മേധാവി ഹര്‍ദീപ് സിങ് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കങ്ങള്‍ ആരംഭിച്ചത്. പിന്നാലെ ഖലിസ്ഥാൻ നേതാവ് സുഖ്ദുൾ സിങും കാനഡയിൽ ഇന്നലെ രാത്രി കൊല്ലപ്പെട്ടിരുന്നു. എന്നാൽ സുഖ്ദുൾ സിങിന്റെ കൊലപാതക ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയി സംഘം രംഗത്തെത്തി.
അതിനിടെ, കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള വിസ കേന്ദ്രം താത്കാലികമായി നിർത്തലാക്കി. ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ വർദ്ധിക്കുന്നതിനാൽ കാനഡയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള വിസ നിര്‍ത്തലാക്കിയത്.