കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡ്‌സ് (പിഇഐ) കുടിയേറ്റക്കാരുടെ നയത്തിൽ മാറ്റങ്ങൾ വരുത്തിയതോടെ വെട്ടിലായി ഇന്ത്യൻ വിദ്യാർഥികളും ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരും. പ്രിൻസ് എഡ്വേർഡ് ദ്വീപുകളിലെ ഇമിഗ്രേഷൻ പെർമിറ്റിൽ 25 ശതമാനം ആണ് വെട്ടിക്കുറച്ചത്. ഇതനുസരിച്ച് നൂറു കണക്കിന് ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണി നേരിടുകയാണ്. കാനഡയിലെ ഏറ്റവും ചെറിയ പ്രവശ്യയാണ് പിഇഐ. പുതിയ നയമാറ്റത്തിനെതിരെ നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികൾ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. പൊതുവിൽ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന കാനഡയിലെ ഈ നയമാറ്റം അന്താരാഷ്ട്ര വിദ്യാർഥികൾക്ക് തിരിച്ചടിയായിരിക്കുകയാണ്.
പാർപ്പിടം, ആരോഗ്യ സംരക്ഷണം, ജോലി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കാനഡയിലെ പ്രിൻസ് എഡ്വേർഡ് ദ്വീപുകളിലെ കുടിയേറ്റ നയത്തിന്റെ കേന്ദ്രബിന്ദു. പ്രവിശ്യയിൽ താമസിക്കുന്ന കുടിയേറ്റക്കാർ തങ്ങളുടെ അവസരങ്ങൾ അപഹരിക്കുകയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലൂടെ സ്ഥിരതാമസത്തിനുള്ള അനുമതി സ്വന്തമാക്കുന്ന അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാൻ ഉദ്ദേശിക്കുന്നത് എങ്ങനെയെന്ന് പിഇഐ പ്രീമിയർ ഡെന്നിസ് കിങ് വ്യക്തമാക്കിയിട്ടുണ്ട്. സേവന മേഖലകൾ, ഭക്ഷണം, ചില്ലറ വിൽപന എന്നിവയ്ക്ക് പകരം ആരോഗ്യ സംരക്ഷണം, ശിശു സംരക്ഷണം, നിർമാണം എന്നീ മേഖലകളിൽ പുതിയ നയം ഊന്നൽ നൽകും.
സ്റ്റുഡൻ്റ് വിസ വഴി കാനഡയിലെത്തുന്ന യുവാക്കളെയാണ് പ്രാഥമികമായി നയം ലക്ഷ്യം വെക്കുന്നത്. കാനഡയിൽ സ്ഥിരതാമസത്തിനും പൗരത്വത്തിനുമുള്ള എളുപ്പവഴിയായി വിദ്യാർത്ഥി വിസകൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ആരോപണമുണ്ട്.
"ആളുകൾ തിരിച്ചറിയാത്ത ഒരു കാര്യം, ഞങ്ങൾ ഈ കുടിയേറ്റക്കാർക്ക് എതിരല്ല. പക്ഷേ പിഇഐ നിറഞ്ഞിരിക്കുകയാണ്. ഞങ്ങൾക്ക് സ്ഥലമില്ലാതെ ആയി. കുടിയേറ്റക്കാരെ ഒരിക്കലും കാനഡയിലേക്ക് തിരികെ കൊണ്ടുവരരുത് എന്ന് ഞാൻ പറയുന്നില്ല," പിഇഐ നിവാസികൾ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. "ഞങ്ങൾക്ക് ഇവിടുത്തെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ദ്വീപുകളിലെ എല്ലാ ജോലികൾക്കും ഇവിടെ നിന്നുള്ളവരല്ലാത്ത ആളുകൾ പോകുന്നു. ഒരു കുടുംബ ബിസിനസ് ഇല്ലെങ്കിൽ, നിങ്ങളുടെ കുട്ടികൾ ഹൈസ്‌കൂൾ വിദ്യാർഥികളായിരിക്കെ ജോലി അന്വേഷിക്കേണ്ടി വരും",- അവര്‍ പറയുന്നു.
പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ 2006 മുതൽ അന്താരാഷ്‌ട്ര കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ വർധിച്ചിട്ടുണ്ട്. മിക്ക കനേഡിയൻ പ്രവിശ്യകളും സമാനമായ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കണക്കുകളുടെയും വിവരങ്ങളുടെയും പിന്തുണയും ഈ ആരോപണത്തിനുണ്ട്.
2023-ലെ കണക്കനുസരിച്ച് പ്രിൻസ് എഡ്വേർഡ് ദ്വീപിലാണ് കാനഡയിൽ വൈദ്യസഹായത്തിനായി ഏറ്റവും കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുന്നത്. ഒരു ജനറൽ പ്രാക്ടീഷണറെ കണ്ട ശേഷം സ്പെഷ്യലിസ്റ്റിനെ കാണാൻ ശരാശരി 41 ആഴ്ചയിലധികം എടുക്കുന്നുണ്ട്. പാർപ്പിടത്തിലും സമാനമായ പ്രശ്നങ്ങൾ കാണാം. പ്രദേശവാസികൾക്ക് ലഭിക്കുന്ന ജോലികളുടെ നിരക്കും കുറവാണ്. കുടിയേറ്റക്കാർ ഉയർന്ന അളവിൽ എത്തിയതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം എന്നാണ് ഇവരുടെ ആരോപണം.