ചാള്‍സ് മൂന്നാമന്‍ രാജപദവി ഏറ്റെടുക്കുന്നതോടെ ബ്രിട്ടീഷ് അധികാര സമവാക്യങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന് ഉറ്റുനോക്കുകയാണ് ലോകം.എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ സംവിധാനം ഇപ്പോഴുളളതില്‍ നിന്ന് വ്യത്യാസപ്പെടുമോ എന്നത് സജീവ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് കരീബിയന്‍ ദ്വീപരാഷ്ട്രങ്ങളായ ആന്റിഗയും ബാർബുഡയും നിർണായക പ്രഖ്യാപനം നടത്തുന്നത്. ചാള്‍സ് മൂന്നാമനെ രാഷ്ട്രത്തിന്റെ പരമാധികാരത്തില്‍ നിന്ന് മാറ്റി സ്വതന്ത്ര രാഷ്ട്രമായി മാറാനുളള നീക്കമാണിത്. ജനങ്ങളുടെ അഭിപ്രായമറിയാനായി ഹിതപരിശോധന നടത്തിയ ശേഷമാകും തീരുമാനം. മൂന്ന് വർഷത്തിനകം നടപടിക്രമങ്ങള്‍ പൂർത്തിയാക്കുമെന്ന് പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു
1981 ല്‍ സ്വതന്ത്രമായ കരിബിയന്‍ ദ്വീപരാഷ്ട്രമായ ആന്റിഗ ആന്റ് ബാർബുഡ ബ്രിട്ടീഷ് രാജാവിനെ രാഷ്ട്രത്തലവനായി അംഗീകരിക്കുന്ന 14 കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ഒന്നാണ്. ഔദ്യാഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഒരു ലക്ഷത്തില്‍ താഴെയാണ് ജനസംഖ്യ.
ഒരു റിപ്പബ്ലിക്കായി മാറുന്നത് നമ്മള്‍ യഥാര്‍ഥത്തില്‍ ഒരു പരമാധികാര രാഷ്ട്രമാണെന്ന് ഉറപ്പാക്കുന്നതിനുളള പ്രക്രിയയുടെ അവസാന ഘട്ടമാണ്
കരീബിയന്‍ മേഖലയിലടക്കം വര്‍ധിച്ചുവരുന്ന റിപ്പബ്ലിക്കന്‍ മുന്നേറ്റത്തിനിടയിലാണ് ബ്രൗണിന്റെ അഭിപ്രായമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം യുകെ രാജവാഴ്ച നീക്കം ചെയ്ത് ബാര്‍ബഡോസ് റിപ്പബ്ലിക്കായി മാറിയിരുന്നു. പിന്നാലെ ജമൈക്കയും ഈ പാത പിന്തുടരുമെന്ന സൂചന നല്‍കി. റിപ്പബ്ലിക്കായി മാറുന്നത് നമ്മള്‍ യഥാര്‍ഥത്തില്‍ ഒരു പരമാധികാര രാഷ്ട്രമാണെന്ന് ഉറപ്പാക്കുന്നതിനുളള പ്രക്രിയയുടെ അവസാന ഘട്ടമാണെന്ന് ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. ഹിതപരിശോധനയെ തെറ്റായി കാണേണ്ട കാര്യമില്ലെന്നും കോമണ്‍വെല്‍ത്ത് അംഗത്വത്തില്‍ നിന്നും ഒഴിവാകുന്നതിന്റെ ഭാഗമല്ല നടപടിയെന്നും ബ്രൗണ്‍ കൂട്ടിച്ചേർത്തു
ഭരണഘടനാപരമായി രാജകീയ നേതൃത്വമുളള ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളിലും സ്വതന്ത്ര റിപ്പബ്ലിക്ക് ആകുന്നതിനെ കുറിച്ചുള്ള ചർച്ചകള്‍ സജീവമാണ്. കാനഡയും ന്യൂസിലന്‍ഡും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഓസ്‌ട്രേലിയയില്‍ പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പഠിക്കാന്‍ പ്രത്യേക വിഭാഗവും ഓസ്‌ട്രേലിയന്‍ സർക്കാർ തുടങ്ങിയിട്ടുണ്ട്.