ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്റെ കിരീടധാരണ ചടങ്ങുകൾ വെസ്റ്റ് മിൻസ്റ്റർ ആബിയിൽ പൂര്‍ത്തിയായി. കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി ചാൾസ് മൂന്നാമനെ കിരീടം അണിയിച്ചു. 70 വര്‍ഷത്തിന് ശേഷമാണ് ഒരു കിരീട ധാരണത്തിന് ബ്രിട്ടന്‍ സാക്ഷിയാവുന്നത്. അഞ്ച് ഘട്ടമായിട്ടായിരുന്നു കിരീടധാരണ ചടങ്ങുകൾ. കിരീടവകാശി വില്യം രാജകുമാരൻ ചാൾസ് രാജാവിന് മുന്നിൽ കൂറ് പ്രഖ്യാപിച്ചു. ചാള്‍സിന്റെ കിരീടധാരണത്തിന് ശേഷം ഭാര്യ കാമിലയെ രാജ്ഞിയായി പ്രഖ്യാപിച്ചു.
പാരമ്പര്യത്തനിമയ്ക്കൊപ്പം പുതുമയും നിറഞ്ഞ ചടങ്ങുകളാണ് ചാള്‍സിന്റെ സ്ഥാനാരോഹണത്തെ വ്യത്യസ്തമാക്കിയത്. മുസ്ലിം, ജൂത, സിഖ്, ബുദ്ധ സമുദായങ്ങളുടെ പ്രതിനിധികളും കറുത്തവര്‍ഗക്കാരുമടങ്ങുന്ന വിവധ വിഭാഗങ്ങളിലെ ആളുകള്‍ ചടങ്ങില്‍ പങ്കാളികളായി. ആയിരം വര്‍ഷത്തെ കിരീടധാരണ ചടങ്ങിന്റെ ചരിത്രത്തില്‍ ആദ്യമായി വനിതാ ബിഷപ്പുമാര്‍ പങ്കെടുത്തുവെന്ന പ്രത്യേകതയും ചടങ്ങിനുണ്ട്. ചടങ്ങില്‍ പങ്കെടുക്കാൻ വിവിധ രാഷ്ട്രത്തലവൻമാര്‍ എത്തിച്ചേർന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷട്രപതി ജഗദീപ് ധൻകറാണ് ചടങ്ങില്‍ പങ്കെടുത്തത്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ്, അമേരിക്കൻ ഗായിക കാറ്റി പെറി തുടങ്ങി നിരവധിപ്പേർ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ഡേവിഡ് കാമറോണ്‍, ലിസ്ട്രസ്, ഗോര്‍ഡന്‍ ബ്രൗണ്‍, ബോറിസ് ജോണ്‍സണ്‍ എന്നിവരും ചടങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വസതിയായ ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലേക്കുള്ള ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ആറ് കുതിരകള്‍ വലിക്കുന്ന ഡയമണ്ട് ജൂബിലി സ്റ്റേറ്റ് കോച്ചിലാണ് ചാള്‍സ് മൂന്നാമനും കാമിലയും വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലേക്ക് പുറപ്പെട്ടത്. 200 ല്‍ അധികം സായുധ സുരക്ഷാ ഉദ്യോഗസ്ഥരുടെ കുതിരപ്പടയ്‌ക്കൊപ്പം ആയിരത്തിലധികം ഉദ്യോഗസ്ഥരുടേയും അകമ്പടിയോടെയാണ് ഘോഷയാത്ര അരങ്ങേറിയത്. വെസ്റ്റ് മിന്‍സ്റ്റര്‍ അബിയുടെ ദ ഗ്രേറ്റ് വെസ്റ്റ് ഡോറിലൂടെ ചാള്‍സ് മൂന്നാമന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലേക്ക് പ്രവേശിച്ചത്. ബക്കിങ്ങാം കൊട്ടാരം മുതൽ വെസ്റ്റ്മിൻസ്റ്റർ ആബി വരെ റോഡുകളിൽ ആളുകൾ തിങ്ങിനിറഞ്ഞിരുന്നു.
ചടങ്ങിന്റെ ആദ്യപടിയായി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി ചാള്‍സ് മൂന്നാമനെ 'അവിതര്‍ക്കമായ രാജാവ്'എന്ന് പ്രഖ്യാപിച്ചു. പിന്നീട് 'രാജാവിനെ ദൈവം രക്ഷിക്കട്ടെ' എന്ന് ഉച്ചത്തിൽ പറഞ്ഞതോടെ കാഹളം മുഴങ്ങി. 'എല്ലാ മതങ്ങളിലുമുള്ള ആളുകള്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്ന ഒരു അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കും' എന്ന രാജാവിന്‍റെ പ്രതിജ്ഞയോടെ കിരീടധാരണത്തിന്റെ അടുത്ത ഘട്ടം ആരംഭിച്ചു. തന്റെ ഭരണകാലത്ത് താന്‍ നിയമവും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞ ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി ചാള്‍സ് മൂന്നാമന് ചൊല്ലിക്കൊടുത്തു. സുവിശേഷത്തില്‍ കൈവയ്ക്കുകയും ആ വാഗ്ദാനങ്ങള്‍ പാലിക്കുകയും ചെയ്യുമെന്ന് ചാള്‍സ് മൂന്നാമന്‍ പ്രതിജ്ഞയെടുത്തു.
വിവിധ രാജ്യങ്ങളിൽ നിന്നും 2000 അതിഥികളാണ് ചടങ്ങിൽ പങ്കെടുത്തത്.
കിരീടധാരണ കസേരയില്‍ വെള്ള ലിനൻ വസ്ത്രം ധരിച്ചുകൊണ്ട് ഇരിക്കുന്ന ചാള്‍സിന്റെ മേല്‍ വിശുദ്ധ തൈലം ഒഴിക്കുന്നതായുരുന്നു മൂന്നാമത്തെ ഘട്ടം. കിരീടധാരണ കസേരയ്ക്ക് ചുറ്റും ഒരു മറവച്ചാണ് ഈ ചടങ്ങ് നടക്കുന്നത്. ആദ്യം സൂപ്പര്‍ടൂണിക്ക എന്നറിയപ്പെടുന്ന സ്വര്‍ണം കൊണ്ട് നിര്‍മിച്ച മേലങ്കി ചാള്‍സ് മൂന്നാമനെ അണിയിച്ച്, ഒപ്പം 'പരമാധികാരിയുടെ ഗോളം, കിരീടധാരണ മോതിരം, കുരിശിന്റെയും പ്രാവിന്റെയും രൂപങ്ങളുള്ള ചെങ്കോല്‍' എന്നിവയുള്‍പ്പെടെ ചാള്‍സിന് കൈമാറുന്നതായിരുന്നു അടുത്ത ചടങ്ങ്. പിന്നീടാണ് ചരിത്ര നിമിഷമായ കിരീടധാരണ ചടങ്ങ്. കിരീടം അണിയുന്നതോടെ വെസ്റ്റ്മന്‍സറ്ററില്‍ അത്യുച്ചത്തില്‍ കാഹളമുയര്‍ന്നു. ഇതോടെ ചാള്‍സ് മൂന്നാമന്‍ കിരീട ധാരണം ഔദ്യോഗികമായി പൂര്‍ത്തിയായി. വെസ്റ്റ്മിന്‍സ്റ്ററിലെ സംഗീതാരവങ്ങള്‍ക്കപ്പുറം പുറത്ത് ഗണ്‍ സല്യൂട്ടോടെ പതിമൂന്ന് സ്ഥലങ്ങളില്‍ ബ്രിട്ടന്‍ കിരീടധാരണത്തെ സ്വീകരിച്ചു.
സിഹാസനത്തിലിരിക്കുന്നതാണ് അടുത്ത ഘട്ടം. സിംഹാസനമേറ്റെടുക്കുന്നതോടെ രാജകുടുംബത്തിലെ പിന്തുടര്‍ച്ചാവകാശികളും പ്രഭുക്കന്മാരുമെല്ലാം ചാള്‍സ് രാജാവിനുമുന്നില്‍ ആദരമര്‍പ്പിച്ചു. ചാള്‍സ് മൂന്നാമന്റെ കിരീടധാരണത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യയായ കാമിലയെ റാണിയായി അവരോധിച്ചു. കാമിലയെ 'ക്വീന്‍ മേരി കിരീടം' ധരിപ്പിക്കുന്നതോടെ ആ ചടങ്ങ് അവസാനിച്ചു.
രാജാവും രാജ്ഞിയും അവരുടെ സിംഹാസനങ്ങളിൽ നിന്ന് ഇറങ്ങിയ ശേഷം ബലിപീഠത്തിന് പിന്നിലെ സെന്റ് എഡ്വേർഡ് ചാപ്പലിൽ പ്രവേശിച്ചു. ശേഷം സെന്റ് എഡ്വേർഡിന്റെ കിരീടം നീക്കം ചെയ്ത് 'ഇംപീരിയൽ സ്റ്റേറ്റ് കിരീടം' ധരിച്ചു. തുടർന്ന് ദേശീയ ഗാനം ആലപിച്ചതോടെ ആബിയിൽ നിന്ന് ഘോഷയാത്രയായി മടങ്ങി.
എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് ചാള്‍സിനെ രാജാവായി ബെക്കിംങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി ചാള്‍സിന്റെ കിരീടധാരണം ഇതുവരെ നടന്നിരുന്നില്ല. രാജ്ഞിയുടെ മരണത്തെ തുര്‍ന്നുള്ള ഔദ്യോഗിക ദുഃഖാചരണം അവസാനിച്ചതിന് പിന്നാലെ തന്നെ കിരീടധാരണ തീയതിയും ബെക്കിങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന നാല്പതാമത്തെ കിരീടധാരണ ചടങ്ങാണ് ചാള്‍സിന്റേത്.