WORLD

ഒരു കിലോ ഉള്ളിക്ക് 70 ഡോളര്‍, വിശപ്പകറ്റാന്‍ ബ്രഡ് മാത്രം; ലോകം ബലി പെരുന്നാളിനൊരുങ്ങുമ്പോള്‍ ഗാസയില്‍ പട്ടിണിമാത്രം

ഭക്ഷണമില്ലാതെ കുട്ടികള്‍ മരിച്ചു വീഴുന്നത് നിസഹായരായി നോക്കിനില്‍ക്കുകയാണ് ഈ ജനത

വെബ് ഡെസ്ക്

മുസ്തഫ ഹിജാസി, ഗാസയില്‍ കഴിഞ്ഞ ദിവസം മരിച്ചുവീണ പതിനാലുകാരന്‍ ഒരു ജനത അനുഭവിക്കുന്ന ദുരിതത്തിന്റെ നേര്‍സാക്ഷ്യമാണ്. പോഷകാഹാരക്കുറവ് മൂലം മരണത്തിന് കീഴടങ്ങേണ്ടിവന്ന മുസ്തറഫ ഹിജാസി ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളില്‍ ഒരാള്‍മാത്രമാണ്. ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതി ആഗോള തലത്തില്‍ മുസ്ലീം മതവിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുമ്പോഴും ദുരിതക്കടലിനും ആക്രമണ ഭീതിക്കും ഇടയിലാണ് ഗാസ നിവാസികള്‍. ഭക്ഷണമില്ലാതെ കുട്ടികള്‍ മരിച്ചു വീഴുന്നത് നിസഹായരായി നോക്കിനില്‍ക്കുകയാണ് ഈ ജനത.

ആക്രമണങ്ങള്‍ക്കൊപ്പം മേഖലയ്ക്ക് മേല്‍ ഉപരോധവും ഇസ്രയേല്‍ ശക്തമാക്കിയതോടെ പോഷകാഹാര സാധനങ്ങള്‍ പോലും കഴിഞ്ഞ രണ്ട് മാസമായി ഗാസയിലെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. മേഖലയില്‍ പോഷകാഹാരക്കുറവ് മൂലം ഇരുന്നൂറിലധികം കുട്ടികള്‍ മരണത്തിന്റെ വക്കിലാണെന്നും ഗാസയിലെ ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറലിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയിലെ പത്ത് കുട്ടികളില്‍ ഒമ്പത് പേരും വളര്‍ച്ചയ്ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് യൂണിസെഫിന്റെ കണക്കുകളും ചൂണ്ടിക്കാട്ടുന്നു.

ദുരിത ജീവിതത്തിനിടയില്‍ കടന്നുവരുന്ന ബലി പെരുന്നാള്‍ ഗാസ നിവാസികളെ ഓര്‍മ്മിപ്പിക്കുന്നത് തങ്ങള്‍ പിന്നിട്ട യുദ്ധ ദിനങ്ങളെ കൂടിയാണ്

ഇസ്രയേല്‍ ആക്രമണം രൂക്ഷമായി തുടരുന്ന വടക്കന്‍ ഗാസയില്‍ പലസ്തീന്‍ കുടുംബങ്ങള്‍ കടുത്ത പട്ടിണിയാണ് നേരിടുന്നത് എന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പച്ചക്കറിയും, പഴങ്ങളും മറ്റും കിട്ടാകനിയായി മാറിയിരിക്കുന്നു. ഭൂരിഭാഗം കുടുംബങ്ങളും വിശപ്പകറ്റുന്നത് ബ്രഡ്മാത്രം ഭക്ഷിച്ചാണ്. കടുത്തവിലക്കയറ്റമാണ് ഭക്ഷ്യക്ഷാമത്തിന്റെ പ്രധാന കാരണം. ഒരു കിലോ ഉള്ളിക്ക് നിലവില്‍ മാര്‍ക്കറ്റ് വില 70 ഡോളറാണ്. യുദ്ധമാരംഭിക്കുന്നതിന് മുന്‍പ് കിലോയ്ക്ക് ഒരു ഡോളര്‍ ഉണ്ടായിരുന്ന പച്ചമുളകിന്റെ വില നിലവില്‍ 90 ഡോളറാണ്.

ദുരിത ജീവിതത്തിനിടയില്‍ കടന്നുവരുന്ന ബലി പെരുന്നാള്‍ ഗാസ നിവാസികളെ ഓര്‍മ്മിപ്പിക്കുന്നത് തങ്ങള്‍ പിന്നിട്ട യുദ്ധ ദിനങ്ങളെ കൂടിയാണ്. ദിവസങ്ങള്‍ കൊണ്ട് അവസാനിക്കും എന്ന് കരുതിയ ആക്രമണം ദിവസങ്ങളും ആഴ്ചകളും മാസങ്ങളും പിന്നിട്ടു. ഇതിനിടിയല്‍ പുതുവര്‍ഷവും റമദാനും ഈദും അല്‍ ഫിത്വറും കടന്നുപോയി. അവയൊന്നും ആഘോഷിക്കാന്‍ ഗാസ നിവാസികള്‍ക്ക് കഴിഞ്ഞില്ല. ബലി പെരുന്നാളിന്റെ ആചാരമാണ് ബലി നല്‍കാന്‍ മൃഗങ്ങളില്ല, സാധനങ്ങളും മറ്റും വാങ്ങാന്‍ പണവുമില്ല. ഇത്തവണ ഈദ് അല്‍ അസ്ഹ കടന്നു വരുമ്പോള്‍ എങ്ങും ദുഃഖവും വേദനയും മാത്രമാണുള്ളതെന്ന് ഗാസ നിവാസികള്‍ പറയുന്നു.

കുടിവെള്ള സംവിധാനങ്ങള്‍ പാടെ തകര്‍ന്നതോടെ വടക്കന്‍ ഗാസ കടുത്ത ജലക്ഷാമത്തിലൂടെയാണ് ദിവസങ്ങളായി കടുന്നു പോകുന്നത്

ഇസ്രയേല്‍ ആക്രമണത്തില്‍ കുടിവെള്ള സംവിധാനങ്ങള്‍ പാടെ തകര്‍ന്നതോടെ വടക്കന്‍ ഗാസ കടുത്ത ജലക്ഷാമത്തിലൂടെയാണ് ദിവസങ്ങളായി കടുന്നു പോകുന്നത്. അഭയാര്‍ഥി ക്യാപുകളില്‍ കഴിയുന്നവര്‍ വലിയ ജല പ്രതിസന്ധിയാണ് നേരിടുന്നത്. കുടിവെള്ളം ശേഖരിക്കുന്നതിന് ഉള്‍പ്പെടെ വലിയ തിക്കും തിരക്കുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടതെന്ന് ഗാസയില്‍ നിന്നും പുറത്തുവരുന്ന ദൃശ്യങ്ങള്‍ തെളിയിക്കുന്നു.

അതേസമയം, വടക്കന്‍ ഗാസയുള്‍പ്പെടെയുള്ള മേഖലയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ദെയ്ര്‍ എല്‍-ബലാഹില്‍ കഴിഞ്ഞ ദിവസം കുട്ടികള്‍ക്ക് നേരെ ആക്രമണം ഉണ്ടായതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കെയാണ് ഗാസയില്‍ വ്യാപകമായി ആക്രമണങ്ങള്‍ അരങ്ങേറുന്നതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം മാത്രം ഇരുപതോളം കേന്ദ്രങ്ങളില്‍ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം