കൊളംബിയയില്‍ ആമസോണ്‍ കാടുകളില്‍ 40 ദിവസത്തോളം അതിജീവിച്ച കുട്ടികള്‍ ബന്ധുക്കളുടെ അടുത്തെത്തി. ഇപ്പോഴും കുട്ടികളുടെ അതിജീവനത്തെ കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. കാടിനെക്കുറിച്ചുള്ള അറിവാണ് അവരെ സഹായിച്ചതെന്നാണ് എല്ലാവരും ചൂണ്ടിക്കാട്ടുന്നത്.
പതിമൂന്നും ഒമ്പതും അഞ്ചും ഒരു വയസ്സുമുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. സൈന്യവും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ഇത്രയും ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലായിരുന്നു കുട്ടികളെ കണ്ടെത്തിയത്. ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള അതിജീവനമാണ് നാല് കുട്ടികളും നടത്തിയത്. ഇളയ സഹോദരങ്ങളെ പരിചരിച്ചതും അവരെ സംരക്ഷിച്ചതുമെല്ലാം 13 വയസ്സുള്ള മൂത്ത സഹോദരിയായ ലെസ്‌ലി ജാക്കബോംബയെര്‍ മക്കറ്റൈയായിരുന്നു.
ആശുപത്രിയില്‍ കുട്ടികളെ സന്ദര്‍ശിച്ച കൊളംബിയന്‍ പ്രതിരോധ മന്ത്രി ഇവാന്‍ വെലാസ്‌ക്വസ് ബാക്കി മൂന്ന് കുട്ടികളെയും സംരക്ഷിച്ച ലെസ്‌ലിയെ പ്രശംസിച്ചു. ''പെണ്‍കുട്ടിയുടെ മനോധൈര്യത്തെയും കാടിനെക്കുറിച്ചുള്ള അറിവിനെയും പ്രശംസിക്കാതിരിക്കാന്‍ കഴിയില്ല'' - പെണ്‍കുട്ടി മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയതിനാലാണ് മറ്റ് മൂന്നുപേര്‍ക്കും അതിജീവിക്കാന്‍ സാധിച്ചതെന്നും മന്ത്രി പറഞ്ഞു.
കാട്ടിലെ പഴമോ മറ്റെന്തെങ്കിലും കഴിച്ചായിരിക്കും അവര്‍ അതിജീവിച്ചിട്ടുണ്ടാവുക. കാടും പരിസരവും ശീലമായതിനാല്‍ എന്താണ് കഴിക്കേണ്ടതെന്ന് അവര്‍ക്ക് അറിയാമായിരുന്നു
13 വയസുള്ള ലെസ്‌ലി ജാക്കബോംബയെര്‍ മക്കറ്റൈ, ഒന്‍പത് വയസുള്ള സോളിനി ജാക്കബോംബയെര്‍ മക്കറ്റൈ, നാല് വയസുള്ള ടിയന്‍ നോറിയല്‍ റോണോഖ് മക്കറ്റൈ, പതിനൊന്ന് മാസം പ്രായമുള്ള നെരിമാന്‍ റോണോഖ് മക്കറ്റൈ എന്നീ കുട്ടികളാണ് കൊടുംവനത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
കുട്ടികളുടെ അമ്മ ജോലിയിലായിരിക്കുമ്പോള്‍ മറ്റ് മൂന്നുപേരെയും നോക്കുന്നത് മൂത്ത സഹോദരിയായിരുന്നു. ഈ പതിവാണ് കുട്ടികള്‍ അതിജീവിച്ചതിന്റെ പ്രധാന കാരണമായി അവരുടെ മുത്തശ്ശി പറയുന്നത്. കാട്ടിലെ പഴമോ മറ്റെന്തെങ്കിലും കഴിച്ചായിരിക്കും അവര്‍ അതിജീവിച്ചിട്ടുണ്ടാവുക. കാടും പരിസരവും ശീലമായതിനാല്‍ എന്താണ് കഴിക്കേണ്ടതെന്ന് അവര്‍ക്ക് അറിയാമായിരുന്നെന്നും മുത്തശ്ശി പറയുന്നു. അവര്‍ ക്ഷീണിതരാണ്, പക്ഷേ കണ്ടതില്‍ സന്തോഷമുണ്ടെന്ന് കുട്ടികളുടെ മുത്തച്ഛന്‍ ഫിഡെന്‍സിയോ വലെന്‍സിയ പറഞ്ഞു.
കുട്ടികളില്‍ രണ്ടുപേരുടെ ജന്മദിനവും ആ കാടിനുള്ളിലായിരുന്നു
കുട്ടികളുടെ ആരോഗ്യം തൃപ്തികരമാണെന്നും അപകടനില തരണം ചെയ്‌തതായും മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടയില്‍ കുട്ടികളില്‍ രണ്ടുപേരുടെ ജന്മദിനവും ആ കാടിനുള്ളിലായിരുന്നു. ഒരു വയസ്സും അഞ്ച് വയസ്സുമുള്ള കുട്ടികളുടെ ജന്മദിനമായിരുന്നു കാടിനുള്ളിലെ ജീവിതത്തിനിടെ കടന്നുപോയത്.
മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം നാല് കുട്ടികളുടേയും ആരോഗ്യം തൃപ്തികരമാണ്. അപകടനില നാലുപേരും തരണം ചെയ്തു. പോഷകാഹാര കുറവും ചെറിയ പരുക്കുകളും മാത്രമാണുള്ളതെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടികള്‍ക്ക് ഇതുവരെ ഭക്ഷണം കഴിക്കാന്‍ സാധിച്ചിട്ടില്ല. രണ്ടോ മൂന്നോ ആഴ്ച കൂടി കുട്ടികൾ ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. പക്ഷേ കുട്ടികൾ ഇതൊന്നും വകവയ്ക്കാതെ കളിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
മെയ് മാസത്തില്‍ അപകടത്തില്‍പ്പെട്ട കുട്ടികള്‍ക്കായി തിരച്ചില്‍ നടത്തിയ രക്ഷാപ്രവര്‍ത്തകര്‍ കുട്ടികളുടെ കുപ്പി, താത്കാലിക അഭയകേന്ദ്രങ്ങളും മറ്റ് ചില വസ്തുക്കളും കണ്ടെത്തിയിരുന്നു. ഹുയിറ്റൊട്ടോ ഗോത്രക്കാരായ കുട്ടികള്‍ക്ക് കാട് പരിചിതമായതിനാല്‍ അതിജീവിക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. മെയ് ഒന്നിനാണ് കുട്ടികളും അമ്മ മഗ്ദലീന മക്കറ്റൈയും സഞ്ചരിച്ചിരുന്ന സെസ്ന - 206 തകര്‍ന്നുവീണത്. മഗ്ദലീനയും രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചു. എഞ്ചിന്‍തകരാറിനെ തുടര്‍ന്നായിരുന്നു വിമാനം തകര്‍ന്നത്.