മുംബൈ ഭീകരാക്രമണത്തിൽ പങ്കാളിയായ ലഷ്ക്കർ ഇ തയ്ബ ഭീകരൻ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം തടഞ്ഞ് ചൈന. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയും അമേരിക്കയും സംയുക്തമായി മുന്നോട്ടുവച്ച നിർദേശമാണ് ചൈന തള്ളിയത്.
ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ കീഴിൽ ഭീകരവാദം ചെറുക്കുക ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന 1267 അല്‍ ഖ്വയ്ദ ഉപരോധ സമിതി ചട്ടപ്രകാരം മിറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു നിർദേശം. ഇതുവഴി ആസ്തി മരവിപ്പിക്കല്‍, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്ക്ക് വിധേനാക്കണമെന്നും നിർദേശം മുന്നോട്ട് വയ്ക്കുന്നു. എന്നാൽ ഇക്കാര്യം ചൈന തള്ളിക്കളഞ്ഞു. ഇന്ത്യ കൊടുംഭീകരനായി മുദ്രകുത്തിയ സാജിദ് മിറിന്റെ തലയ്ക്ക് അഞ്ച് ദശലക്ഷം ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്.
സാജിദ് മിറിനെതിരായ നീക്കം നേരത്തേയും ചൈന തടഞ്ഞിരുന്നു. കഴിഞ്ഞ സെപ്തംബറിൽ മിറിനെ കരിമ്പട്ടികയിലുൾപ്പെടുത്താൻ നിർദേശിച്ചപ്പോൾ ചൈന താത്കാലികമായി തടയുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ആവശ്യമെന്നായിരുന്നു അന്നത്തെ നിലപാട്. എന്നാൽ ഇപ്പോൾ നിർദേശത്തെ ചൈന പൂർണമായും എതിർത്തു.
2008 നവംബർ 26 ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ സാജിദ് മിറിൻ നിർണായക പങ്കുണ്ട്. ആക്രമണങ്ങളുടെ ആസൂത്രണത്തിലും തയ്യാറെടുപ്പിലും നിര്‍വഹണത്തിലും പ്രധാന പങ്ക് വഹിച്ച ആളായിരുന്നു മിര്‍. ആക്രമണങ്ങളുടെ ഓപ്പറേഷന്‍സ് മാനേജരായിരുന്നു സാജിദ് എന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കിയത്.
മിർ കൊല്ലപ്പെട്ടെന്നായിരുന്നു മുൻകാലങ്ങളിൽ പാകിസ്താൻ സർക്കാരിന്റെ നിലപാട്. എന്നാൽ ഇതംഗീകരിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ തയ്യാറായില്ല. ഭീകരാക്രമണങ്ങൾക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന കേസിൽ കഴിഞ്ഞ വർഷം ജൂണിൽ പാക് കോടതി സജിദിനെ 15 വര്‍ഷത്ത തടവിന് ശിക്ഷിച്ചിരുന്നു. നാല് ലക്ഷം രൂപ പിഴയും കോടതി ഇയാള്‍ക്ക് ചുമത്തി.