രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നെന്ന റിപ്പോർട്ടുകള്‍ക്കിടയില്‍ വിദേശയാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍ നിബന്ധന ഒഴിവാക്കി ചൈന. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്നവർക്ക് ഏകദേശം മൂന്ന് വര്‍ഷത്തോളമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് പിൻവലിക്കുന്നത്. ഇന്ന് മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.
കഴിഞ്ഞ മാസമാണ് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താൻ ചൈന തീരുമാനിച്ചത്. നിര്‍ബന്ധിത ക്വാറന്റൈനുകളും കർശനമായ ലോക്ഡൗണും രാജ്യം ഏർപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങള്‍ സമ്പദ്വ്യവസ്ഥയെ ബാധിച്ചതോടെ രാജ്യത്തിന്റെ സീറോ കോവിഡ് നയങ്ങളില്‍ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയർന്നിരുന്നു.
2020 മാര്‍ച്ച് മുതല്‍ ചൈനയില്‍ എത്തുന്ന എല്ലാവരും കേന്ദ്രീകൃത സര്‍ക്കാര്‍ സൗകര്യങ്ങള്‍ക്ക് കീഴില്‍ മൂന്നാഴ്ച സ്വയം നിരീക്ഷണത്തില്‍ കഴിയുന്നത് നിര്‍ബന്ധമാക്കിയിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം മൂന്നില്‍ നിന്ന് ഒരാഴ്ചയിലേക്കും പിന്നീട് നവംബറില്‍ അഞ്ച് ദിവസമായും കുറച്ചു. ഈ നിയമങ്ങളുടെ അവസാനഘട്ട അഴിച്ചുപണിയുടെ ഭാഗമായാണ് വിദേശയാത്രികര്‍ക്ക് ഇനി ക്വാറന്റൈന്‍ ആവശ്യമില്ലെന്ന തീരുമാനം.
കഴിഞ്ഞ മാസം, ക്വാറന്റൈന്‍ ഒഴിവാക്കുകയാണെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം ആളുകള്‍ വിദേശയാത്രകള്‍ ആസൂത്രണം ചെയ്യുന്നതിന്റെ തിരക്കിലായിരുന്നെന്നാണ് റിപ്പോർട്ടുകള്‍. മിക്കവാറും ട്രാവല്‍ വെബ്‌സൈറ്റുകളിലും ഏജൻസികളിലും ബുക്കിങ് നിറഞ്ഞു. അതേസമയം, ചൈന യഥാർഥ കോവിഡ് കണക്കുകള്‍ പുറത്തുവിടുന്നില്ലെന്ന വിമർശനം ശക്തമായ ഘട്ടത്തില്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിര്‍ബന്ധിത കോവിഡ് പരിശോധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് വിവിധ രാജ്യങ്ങള്‍.
കോവിഡ് കണക്കുകൾ ചൈന കൃത്യമായി കാണിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയും വിമർശിച്ചിരുന്നു. കഴിഞ്ഞ മാസം കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്തത് കേസുകൾ വർധിക്കാന്‍ കാരണമായി. ഇതിനു പിന്നാലെയാണ് ദിനംപ്രതിയുള്ള കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ചൈന നിർത്തിയത്.