സ്വന്തം രാജ്യത്തെ കുട്ടികളെ വിദേശികൾക്ക് ദത്തെടുക്കാൻ അനുമതി നൽകുന്ന നയം പിൻവലിച്ച് ചൈന. അന്തർദേശീയ ദത്തെടുക്കൽ പരിപാടി അവസാനിപ്പിക്കുന്നതായി ചൈനീസ് സർക്കാർ വ്യക്തമാക്കി. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് ആണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്.
ചൈനയിൽനിന്ന് കുട്ടികളെ ദത്തെടുക്കാനായി അപേക്ഷ നൽകി കാത്തിരിക്കുന്ന നൂറുകണക്കിന് അമേരിക്കൻ കുടുംബങ്ങളെ പുതിയ തീരുമാനം എങ്ങനെ ബാധിക്കുമെന്നതിൽ യുഎസ് വ്യക്തത തേടിയിട്ടുണ്ട്. അതേസമയം, ചൈനയിൽ ഓരോ വർഷവും ജനനനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
വിദേശികൾക്ക് ദത്ത് വിലക്കിക്കൊണ്ടുള്ള ചൈനയുടെ പ്രഖ്യാപനം കഴിഞ്ഞദിവസമാണ് ഉണ്ടായത്. അന്താരാഷ്ട്ര കൺവെൻഷനുമായി ചേർന്നുപോകുന്ന തരത്തിലാണ് തീരുമാനമെന്ന് പറഞ്ഞതല്ലാതെ മാവോ നിങ് കൂടുതൽ വിശദീകരണം നൽകിയില്ല.
അതേസമയം, രക്തബന്ധമുള്ളവർക്ക് കുട്ടികളെ ദത്തെടുക്കാം. ഈ വ്യവസ്ഥയിൽ ഉൾപ്പെടുന്നതല്ലത്തെ ദത്തെടുക്കാനുള്ള ഒരു അപേക്ഷയും ഇനി പരിഗണിക്കില്ലെന്ന് ചൈന യുഎസ് നയതന്ത്രജ്ഞരെ അറിയിച്ചു. എന്നാൽ ചൈനയുടെ സിവിൽ അഫയേഴ്‌സ് മന്ത്രാലയത്തിൽനിന്ന് എംബസി രേഖാമൂലം വിശദീകരണം തേടുകയാണെന്ന് യുഎസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
“നൂറുകണക്കിന് കുടുംബങ്ങളുടെ അപേക്ഷയിൽ ഇപ്പോഴും ദത്തെടുക്കൽ പൂർത്തിയാകാത്തതായി ഞങ്ങൾ മനസ്സിലാക്കുന്നു. അവരുടെ അവസ്ഥയിൽ ഞങ്ങൾ സഹതപിക്കുന്നു,” യു എസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
വിദേശികൾ ദശാബ്ദങ്ങളായി ചൈനയിൽനിന്ന് കുട്ടികളെ ദത്തെടുക്കാറുണ്ട്. ചൈനയിലെത്തി കുട്ടികളെ തങ്ങളുടെ രാജ്യങ്ങളിലേക്കു കൊണ്ടുപോവുകയും ചെയ്യാറുണ്ട്. യുഎസ് കുടുംബങ്ങളാണ് മറ്റു രാജ്യങ്ങളെക്കാൾ ഏറ്റവും കൂടുതൽ കുട്ടികളെ ചൈനയിൽ നിന്ന് ദത്തെടുക്കാറുള്ളത്. 82,674 കുട്ടികളെ ഇതുവരെ ചൈനയിൽ നിന്ന് യുഎസിലേക്ക് ദത്തെടുത്തിട്ടുണ്ട്.
കോവിഡ് 19 മഹാമാരി സമയത്ത് ചൈന അന്താരാഷ്ട്ര ദത്തെടുക്കലുകൾ നിർത്തിവെച്ചിരുന്നു. 2020 ൽ നിർത്തിവെക്കുന്നതിന് മുൻപ് യാത്രാനുമതി ലഭിച്ച കുട്ടികളെ ദത്തെടുക്കാനുള്ള നീക്കങ്ങൾ സർക്കാർ പിന്നീട് പുനഃരാരംഭിച്ചതായി യുഎസ് വിദേശകാര്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരുന്നു. 2022 ഒക്‌ടോബർ മുതൽ 2023 സെപ്‌റ്റംബർ വരെ ചൈനയിൽനിന്ന് ദത്തെടുക്കുന്നതിന് യുഎസ് കോൺസുലേറ്റ് 16 വിസ നൽകിയിട്ടുണ്ട്. അതിനുശേഷം എത്ര വിസകൾ നല്കിയിട്ടുണ്ടെന്നത് വ്യക്തമല്ല.
രാജ്യത്ത് ജനനനിരക്ക് കുറഞ്ഞതുമായി ചൈനയുടെ പ്രഖ്യാപനത്തിന് ബന്ധമുണ്ടെന്നും ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ചൈനയിലെ ജനനനിരക്ക് പ്രതിവർഷം കുറഞ്ഞ് കൊണ്ടിരിക്കുകയാണ്.