WORLD

പ്രകോപനവുമായി ചൈന; അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രദേശങ്ങൾ ഭൂപടത്തിൽ ഉൾപ്പെടുത്തി

വെബ് ഡെസ്ക്

അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രദേശങ്ങൾ ഭൂപടത്തിൽ ഉൾപ്പെടുത്തി പ്രകോപന നീക്കവുമായി ചൈന. തിങ്കളാഴ്ച പുറത്തുവിട്ട 2023 പതിപ്പ് ഭൂപടത്തിലാണ് അരുണാചൽ പ്രദേശ്, അക്‌സായി ചിൻ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യൻ അതിർത്തിക്കുള്ളിലുള്ള നദികളും പർവതങ്ങളും ഉൾപ്പെടെ പതിനൊന്ന് പ്രദേശങ്ങൾ ഏപ്രിലിൽ ചൈന ഏകപക്ഷീയമായി പുനർനാമകരണം ചെയ്തിരുന്നു. അതിനുപിന്നാലെയാണ് പുതിയ നീക്കം. സ്വയംഭരണത്തിലുള്ള തായ്‌വാൻ, തർക്കമേഖലയായ ദക്ഷിണ ചൈന കടൽ എന്നിവയും ചൈനയുടെ ഭാഗമാണെന്ന് അവകാശപ്പെടുന്നതാണ് പുതിയ ഭൂപടം.

പ്രകൃതിവിഭവ മന്ത്രാലയത്തിന്റെ എക്സ് അക്കൗണ്ട് വഴിയാണ് ചൈന തങ്ങളുടെ ഭൂപടത്തിന്‍റെ 2023 പതിപ്പ് പുറത്തുവിട്ടത്. ചൈനയുടെയും ലോകത്തിലെ വിവിധ രാജ്യങ്ങളുടെയും ദേശീയ അതിർത്തികൾ വരയ്ക്കുന്ന രീതിയെ അടിസ്ഥാനമാക്കിയാണ് ഈ ഭൂപടം സമാഹരിച്ചിരിക്കുന്നത്," പോസ്റ്റിൽ പറയുന്നു. ഭൂപടത്തിൽ ദക്ഷിണ ടിബറ്റ് എന്ന് ചൈന അവകാശപ്പെടുന്ന അരുണാചൽ പ്രദേശും 1962ലെ ഇൻഡോ-ചൈന യുദ്ധത്തിൽ അവർ കൈവശപ്പെടുത്തിയ അക്സായി ചിനും ചൈനയുടെ ഭാഗമായാണ് കാണിച്ചിരിക്കുന്നത്.

അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്നും അതെല്ലാ കാലത്തും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കുമെന്നും തർക്കങ്ങളുണ്ടായ സമയങ്ങളിലെല്ലാം ഇന്ത്യ ആവർത്തിച്ചിരുന്നു. എന്നാൽ അരുണാചൽ ഗ്രേറ്റർ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ വാദം.

ഭൂപടത്തിൽ തായ്‌വാൻ ദ്വീപും ദക്ഷിണ ചൈനാ കടലിന്റെ വലിയൊരു ഭാഗവും ചൈനീസ് പ്രദേശമായി ഉൾപ്പെടുത്തിയിട്ടുണ്ട്. തായ്‌വാൻ ചൈനീസ് മെയിൻലാൻഡിന്റെ ഭാഗമാണെന്ന് കാലങ്ങളായി ചൈന അവകാശപ്പെടുന്നതാണ്. എന്നാൽ തായ്‌വാൻ അതിനെ അംഗീകരിച്ചിട്ടില്ല. കൂടാതെ വിയറ്റ്‌നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണെ, തായ്‌വാൻ എന്നീ രാജ്യങ്ങളും ദക്ഷിണ ചൈന കടലിൽ എതിർവാദം ഉന്നയിച്ചിട്ടുണ്ട്.

ഇതാദ്യമായല്ല ചൈന ഇത്തരം തന്ത്രങ്ങൾ പ്രയോഗിക്കുന്നത്. മുൻപ് 2017ലും 2021ലും ചൈനയുടെ സിവിൽ അഫയർ മന്ത്രാലയം ചില ഇന്ത്യൻ സ്ഥലങ്ങളുടെ പേരുമാറ്റി മറ്റൊരു രാഷ്ട്രീയ ഏറ്റുമുട്ടലിന് തുടക്കമിട്ടിരുന്നു. അന്നെല്ലാം ചൈനയുടെ വിപുലീകരണ പദ്ധതികളെ ഇന്ത്യ ശക്തമായി എതിർത്തിരുന്നു.

ഇന്ത്യ- ചൈന അതിർത്തികളിലെ അസ്വാരസ്യങ്ങൾ ശമനമില്ലാതെ തുടരുമ്പോഴാണ് വീണ്ടും പ്രകോപനവുമായി ചൈനയെത്തുന്നത്. ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാക്കുന്നതിന് അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്തുകയും യഥാർഥ നിയന്ത്രണരേഖ ബഹുമാനിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി അടുത്തിടെ പറഞ്ഞിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും