മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചൈനീസ് അതിർത്തികൾ പൂർണമായി തുറക്കുന്നു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ച അതിർത്തികളാണ് തുറക്കുന്നത്. പ്രധാന ചൈനീസ് ആഘോഷങ്ങളിലൊന്നായ ചാന്ദ്ര പുതുവത്സര (ലൂണാർ ന്യൂഇയർ)ത്തിന്റെ ഭാഗമായാണ് അതിർത്തികൾ തുറക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ദശലക്ഷക്കണക്കിന് ചൈനീസ് പൗരന്മാരും സഞ്ചാരികളും ചൈനയിലേക്ക് എത്തുന്ന സമയം കൂടിയാണിത്.
കോവിഡിന് മുൻപുള്ള വർഷങ്ങളിൽ ഏകദേശം രണ്ട് ബില്യൺ ആളുകളെങ്കിലും ആഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് എത്താറുണ്ടായിരുന്നെന്നാണ് കണക്ക്
ഇന്ന് മുതല്‍ വിദേശ രാജ്യങ്ങളിൽ നിന്ന് ചൈനയിലെത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീനോ കോവിഡ് പരിശോധനകളോ ആവശ്യമില്ല. യാത്രയ്ക്ക് 48 മണിക്കൂർ മുൻപെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതി. രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുകയാണെന്ന റിപ്പോർട്ടുകള്‍ക്കിടെയാണ് നടപടി. എന്നാല്‍, പുതിയ നീക്കം ചൈനീസ് പൗരന്മാർക്ക് ആശ്വാസം പകരുന്നതാണ്. മറ്റ് രാജ്യങ്ങളിലേക്ക് പോയാൽ തിരിച്ചുവരാനാകാത്ത സ്ഥിതിയുണ്ടാകുമോ എന്ന ആശങ്ക ഇതോടെ പരിഹരിക്കപ്പെടും. അതേസമയം, അന്താരാഷ്ട്ര വിമാനങ്ങളുടെ കുറവ് യാത്രകളെ പ്രതികൂലമായി ബാധിച്ചേക്കും.
കോവിഡിന് മുൻപുള്ള വർഷങ്ങളിൽ ഏകദേശം രണ്ട് ബില്യൺ ആളുകളെങ്കിലും ചാന്ദ്ര പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് എത്താറുണ്ടായിരുന്നെന്നാണ് കണക്ക്. കൂടാതെ വിദേശികൾക്കും സ്വദേശികൾക്കുമുള്ള വിസ, റസിഡന്റ് പെർമിറ്റുകൾ എന്നിവ അനുവദിക്കുന്നതും ചൈന ഇന്ന് പുനരാംഭിച്ചു.
ഞായറാഴ്ച പുലർച്ചയോടെ രാജ്യത്ത് സിംഗപ്പൂർ, കാനഡ എന്നിവിടങ്ങളിൽ നിന്നെത്തിയ 387 വിമാനയാത്രക്കാർക്ക് കോവിഡ് പരിശോധനയോ അഞ്ച് ദിവസത്തെ നിർബന്ധിത ക്വാറന്റീനോ ഉണ്ടായിരുന്നില്ല. പുതിയ നീക്കം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് ഘടനയുടെ പുനരുജ്ജീവനത്തിന് സഹായിക്കുമെന്നാണ് നിക്ഷേപകർ കണക്കുകൂട്ടുന്നത്. സീറോ കോവിഡ് നയങ്ങൾ മൂലം അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയായിരുന്നു ചൈനയ്ക്ക് നേരിടേണ്ടി വന്നത്.
കഴിഞ്ഞ മാസം നടന്ന ജനകീയ പ്രതിഷേധത്തെത്തുടർന്ന് നിർബന്ധിത ക്വാറന്റീനുകൾ, കർശന ലോക്ക്ഡൗണുകൾ, പതിവ് പരിശോധനകൾ എന്നിവ പിൻവലിച്ചിരുന്നു. എന്നാൽ പെട്ടെന്നുള്ള മാറ്റങ്ങൾ കോവിഡ് കേസുകൾ അനിയന്ത്രിതമായി ഉയരാൻ കാരണമായി. ഇതോടെ ചൈനയിൽ നിന്നുള്ള യാത്രികർക്ക് പത്തിലധികം രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതേസമയം, നിയന്ത്രണങ്ങൾ സ്വീകാര്യമല്ലെന്നാണ് ചൈനയുടെ നിലപാട്. കോവിഡ് ബാധിതരുടെയും അസുഖം മൂലം മരണപ്പെട്ടവരുടെയും കൃത്യമായ വിവരങ്ങൾ ചൈന പുറത്തുവിടാത്തത്തിൽ പല രാജ്യങ്ങളും അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ലോകാരോഗ്യ സംഘടനയും ചൈനക്കെതിരെ രംഗത്തെത്തിയിരുന്നു.